‘തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ എല്ലാ പാവങ്ങള്‍ക്കും സൗജന്യ ബിയര്‍, വിസ്കി’ വിചിത്ര വാഗ്ദാനവുമായി സ്ഥാനാര്‍ഥി
ഇലക്ഷനിൽ ജയിച്ചാൽ സൗജന്യമായി ഗ്യാസ് നൽകും, കുടിവെള്ളം എത്തിക്കും, തയ്യൽ മെഷീൻ നൽകും, സൈക്കിൾ നൽകും, തൊഴിൽ നൽകും എന്നൊക്കെയുള്ള വാഗ്ദാനങ്ങൾ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ വിജയിച്ചാല്‍ എല്ലാ പാവങ്ങള്‍ക്കും സൗജന്യമായി ബിയര്‍ നൽകും, കൂടാതെ വിസ്കിയും കൊടുക്കും എന്നതാണ് ഇത്തവണ ലോക്സഭാ ഇലക്ഷനിൽ ഒരു സ്ഥാനാർത്ഥിയുടെ വാഗ്ദാനം. വിജയിച്ചാല്‍ എല്ലാ പാവങ്ങള്‍ക്കും സൗജന്യമായി ബിയറും ഇറക്കുമതി ചെയ്ത വിസ്കിയും നല്‍കും എന്നാണ് മഹാരാഷ്ട്രയിലെ വനിത സ്ഥാനാര്‍ഥിയുടെ വിവാദമായ വാഗ്ദാനം.
മഹാരാഷ്ട്രയിലെ ചന്ദ്രാപൂര്‍ ജില്ലയിലെ ചിമൂര്‍ ഗ്രാമത്തില്‍ മത്സരിക്കുന്ന അഖില്‍ ഭാരതീയ മാനവത പാര്‍ട്ടി സ്ഥാനാര്‍ഥി വനിതാ റൗത്താണ് ഈ വിചിത്രമായാ തെരഞ്ഞെടുപ്പ് വാഗ്ദാനം കൊണ്ട് ശ്രദ്ധ നേടിയത്. എല്ലാ ഗ്രാമത്തിലും ബാറുകള്‍ വേണം എന്ന് വാദിക്കുന്ന റൗത്ത്, തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ മദ്യം ലൈസന്‍സ് സംവിധാനത്തിലൂടെ വിതരണം ചെയ്യും എന്നാണ് പറയുന്നത്.
‘എല്ലാ ഗ്രാമത്തിലും നല്ല ക്വളിറ്റിയുള്ള ബാറുകള്‍ വേണം. ഇതൊക്കെ ഞാന്‍ കാണുന്ന പ്രശ്നങ്ങളാണ്. പാവപ്പെട്ട മനുഷ്യര്‍ക്ക് ബിയറോ നിലവാരമുള്ള വിസ്കിയോ കഴിക്കാന്‍ പറ്റാറില്ല. വളരെ മോശം മദ്യമാണ് അവര്‍ കഴിക്കുന്നത്. പരിധികളില്ലാതെ അത് ധാരാളം കഴിക്കുകയും ചെയ്യും. അതിനാല്‍ അവര്‍ ഇറക്കുമതി ചെയ്ത നല്ല മദ്യങ്ങള്‍ ഉപയോഗിക്കണം എന്നാണ് എന്റെ ആഗ്രഹം. അവരത് ആസ്വദിക്കട്ടെ. ആസ്വദിക്കുക മാത്രമാണ് എന്റെ ആഗ്രഹം’ എന്നുമാണ് വനിതാ റൗത്ത് പറയുന്നത്.
‘അമിതമായി മദ്യപിച്ച് കുടുംബം തകര്‍ക്കുന്നത് ഒഴിവാക്കാനാണ് ലൈസന്‍സോടെ മദ്യം വിതരണം ചെയ്യാന്‍ ആഗ്രഹിക്കുന്നത്.പ്രായപൂര്‍ത്തിയായ ശേഷം മാത്രം മദ്യപിക്കാനേ അനുമതി നല്‍കാവൂ’ എന്നും വനിതാ റൗത്ത് പറയുന്നു. തന്റെ എംപി ഫണ്ട് ഉപയോഗിച്ച് ലൈസൻസുള്ള മദ്യ വിതരണ കേന്ദ്രങ്ങൾ തുടങ്ങുമെന്നും അവർ പറഞ്ഞിട്ടുണ്ട്.
റേഷനിംഗ് സംവിധാനത്തിലൂടെ ഇറക്കുമതി ചെയ്ത മദ്യം വാഗ്ദാനം ചെയ്ത റാവുത്ത്, മദ്യപിക്കുന്നവർക്കും വിൽപ്പനക്കാരനും ലൈസൻസ് ഉണ്ടായിരിക്കണമെന്നും പറയുന്നു. കഠിനാധ്വാനം ചെയ്യുന്ന ദരിദ്ര ജനങ്ങള്‍ മദ്യം കുടിക്കുന്നതിലാണ് ഏക ആശ്വാസം കണ്ടെത്തുന്നത്. എന്നാല്‍ ഗുണനിലവാരമുള്ള മദ്യം വാങ്ങാൻ അവരുടെ കയ്യിൽ പണമില്ല. അപ്പോൾ നിലവാരമില്ലാത്ത വില കുറഞ്ഞ മദ്യം അവർ മേടിച്ച് കഴിക്കുന്നു. അത്തരക്കാരെ സഹായിക്കാനാണ് തന്റെ ആഗ്രഹമെന്നും അവര്‍ പറയുന്നു. മദ്യപിക്കുന്നവര്‍ക്കുള്ള കുറ്റബോധം സമൂഹത്തിന്റെ മനസ്സിൽ നിന്ന് മായ്ക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അവർ പറയുന്നു.
ഇത്തരം വിചിത്രമായ തെരഞ്ഞെടുപ്പ് വാഗ്ദാനം വനിതാ റൗത്ത് നല്‍കുന്നത് ആദ്യമായല്ല . 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിലും മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിലും സമാനമായ വാഗ്ദാനം ഇവർ നൽകിയിട്ടുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് വനിതാ റൗത്തിന്റെ കെട്ടിവച്ച തുക ഈ വാഗ്ദാനത്തിന്റെ പേരില്‍ കണ്ടുകെട്ടിയിരുന്നു. എന്നിട്ടും മദ്യം ഓഫര്‍ ചെയ്തുള്ള പ്രചാരണത്തില്‍ നിന്ന് വനിതാ റൗത്ത് ഇത്തവണയും പിന്നോട്ട് പോയില്ല.