സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ വിവിധയിടങ്ങളില്‍ നാലുപേര്‍ കുഴഞ്ഞുവീണ് മരിച്ചു
സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ വിവിധയിടങ്ങളിലായി നാലുപേർ മരിച്ചു. കുഴഞ്ഞുവീണും ഹൃദയസ്തംഭനത്തെ തുടർന്നുമാണ് മരണങ്ങളുണ്ടായത്.
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് വോട്ട് ചെയ്ത് മടങ്ങുകയായിരുന്ന വാണിവിലാസിനി സ്വദേശി ചന്ദ്രൻ കുഴഞ്ഞുവീണുമരിച്ചു. വോട്ട് ചെയ്ത് തിരികെ ഇറങ്ങുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. രാവിലെ 7.30 ഓടെ ആയിരുന്നു സംഭവം. ഉടൻതന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആലപ്പുഴ ജില്ലയിലെ അമ്ബലപ്പുഴയിലും വോട്ട് ചെയ്ത് മടങ്ങിയ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. അമ്ബലപ്പുഴ കാക്കാഴം സുശാന്ത് ഭവനില്‍ പി. സോമരാജൻ (76) ആണ് മരിച്ചത്. അമ്ബലപ്പുഴ കാക്കാഴം എസ്.എൻ.വി.ടി.ടി.ഐ.യിലെ 138-ാം നമ്ബർ ബൂത്തിലാണ് ഇദ്ദേഹം വോട്ടു ചെയ്തത്. ഇതിനുശേഷം സ്കൂളിന് പുറത്തിറങ്ങി ഓട്ടോറിക്ഷയില്‍ കയറുമ്ബോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കോഴിക്കോട് ടൗണ്‍ ബൂത്ത് നമ്ബർ 16-ലെ എല്‍.ഡി.എഫ്. ബൂത്ത് ഏജന്റും കുഴഞ്ഞുവീണ് മരിച്ചു. കുറ്റിച്ചിറ മാളിയേക്കല്‍ അനീസ് അഹമ്മദ് (66) ആണ് മരിച്ചത്. ബൂത്തില്‍ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തിരൂർ നിറമരുതൂർ പഞ്ചായത്തിലെ വള്ളിക്കാഞ്ഞിരം എല്‍.പി. സ്കൂളിലെ 139-ാം നമ്ബർ ബൂത്തില്‍ ആദ്യ വോട്ട് ചെയ്ത മദ്രസാധ്യാപകൻ ഹൃദയസ്തംഭനത്തെ തുടർന്ന് മരിച്ചു. ആലിക്കാനകത്തു സിദ്ധീഖ് (63) ആണ് മരിച്ചത്.