‘നാടുമായി ഒരു ബന്ധവുമില്ല, BJP-യുടെ വോട്ടുപോലും കിട്ടിയില്ല’; അനില്‍ ആന്റണിക്കെതിരെ PC ജോര്‍ജ്
പത്തനംതിട്ടയിലെ ബി.ജെ.പി. സ്ഥാനാർഥി അനില്‍ കെ. ആന്റണിയുടെ പരാജയത്തില്‍ രൂക്ഷവിമർശനവുമായി ബി.ജെ.പി. നേതാവ് പി.സി. ജോർജ്. നാടുമായി ഒരു ബന്ധവുമില്ലാത്തയാളാണ് അനിലെന്നും ബി.ജെ.പിയുടെ വോട്ട് പോലും അദ്ദേഹത്തിന് കിട്ടിയില്ലെന്നും ജോർജ് പറഞ്ഞു. മാതൃഭൂമി ഡോട് കോമിനോട് സംസാരിക്കുകയായിരുന്നു ജോർജ്.
‘അയാള്‍ക്ക് ഉണ്ടാക്കാവുന്നതില്‍ ഏറ്റവും വലിയ ഓളമാണ് ഇപ്പൊ ഉണ്ടാക്കിയത്. ഇതില്‍ കൂടുതല്‍ പറ്റില്ല. കാരണം നാടുമായി ഒരുബന്ധവുമില്ല. പാർട്ടി നേതൃത്വം പ്രഖ്യാപിച്ചിട്ട് വന്നതാണെന്നേ ഉള്ളൂ. ബി.ജെ.പിയുടെ വോട്ട് പോലും വീണില്ല. തൃശൂരെങ്ങനെയാ സുരേഷ് ഗോപി വോട്ട് നേടിയത്? അയാളവിടെ പോയങ്ങ് കിടക്കുകയാ. നാടുമായിട്ടുള്ള ബന്ധം. എല്ലാ പ്രശ്നങ്ങളിലും ഇടപെട്ട്, എല്ലാവരുമായും ബന്ധം സ്ഥാപിച്ചു.’ -ജോർജ് പറഞ്ഞു.
‘അനില്‍ ആന്റണിയെ ഞാൻ ആദ്യമായി അറിയുന്നത് ഇവിടെ വന്നിട്ടാണ്. അതിന് മുമ്ബ് അറിയില്ല. സ്ഥാനാർഥി നിർണയം പാളിപ്പോയി. കെ. സുരേന്ദ്രനോ രമേശോ കുമ്മനം രാജശേഖരനോ ശ്രീധരൻപിള്ളയോ നിന്നിരുന്നെങ്കില്‍ ഇവിടെ ബി.ജെ.പി. വിജയിച്ചേനെ. ഇയാളെ ആളുകള്‍ക്ക് അറിയില്ല. മലയാളത്തില്‍ പ്രസംഗിക്കാനും അറിയില്ല.’
‘കോട്ടയത്ത് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് സ്ഥാനാർഥി തോമസ് ചാഴിക്കാടന് കഴിഞ്ഞ തവണത്തേക്കാള്‍ ഇപ്പോള്‍ കുറഞ്ഞതിന്റെ ഇരട്ടി വോട്ട് കുറയണമായിരുന്നു. ചാഴിക്കാടൻ ശുദ്ധനാ, അതിന്റെ നേതാവാ കുഴപ്പക്കാരൻ. ജോസ് കെ. മാണി ഉള്ളിടത്ത് രക്ഷപ്പെടുകയില്ല. ചാഴിക്കാടൻ മാറി ജോസഫിന്റെ കൂട്ടത്തിലെങ്ങാൻ കൂടിയാല്‍ നല്ലതാണെന്നാണ് എന്റെ അഭിപ്രായം. അവനൊരു നല്ല ചെറുക്കനാ. മാണി ഗ്രൂപ്പ് പിരിച്ചുവിടുന്നതാണ് നല്ലത്. ജോസ് കെ. മാണിക്ക് ശ്രീലങ്കയിലൊക്കെ ബിസിനസുണ്ടല്ലോ. നമ്മുടെ പിണറായിയുടെയൊക്കെ ഷെയറായിട്ടാണെന്നാണ് പറയുന്നത്. അതൊക്കെ നോക്കിനടത്തട്ടെ.’ -പി.സി. ജോർജ് പറഞ്ഞു.
‘കേന്ദ്രത്തില്‍ മോദിസർക്കാരിന്റെ പ്രഭാവം കുറഞ്ഞിട്ടുണ്ട്. അത് നന്നായി എന്നാണ് എന്റെ അഭിപ്രായം. കാരണം, ജനം ഇങ്ങനെയും ചെയ്യുമെന്ന് നമ്മുടെ പല നേതാക്കളും മനസിലാക്കട്ടെ. അതിന്റെ ഗുണം എന്താന്നുവെച്ചാല് വരുന്നകാലത്ത് കുറവുകള്‍ എന്താണെന്ന് പരിശോധിച്ച് തിരുത്തി ശക്തമായി പോകാൻ കഴിയും. അങ്ങനെ പോയാല്‍ ഇന്ത്യ മഹാരാജ്യം ബി.ജെ.പിയുടെ കയ്യില്‍ 15 കൊല്ലത്തേക്ക് കൂടി സുരക്ഷിതമായിരിക്കുമെന്നതില്‍ സംശയം വേണ്ട.’ -ജോർജ് പറഞ്ഞു.