പൊരിഞ്ഞ തല്ലിനിടയിലും ആംബുലൻസിനു വഴിയൊരുക്കി മാതൃകയായി; തുടർന്ന് വീണ്ടും കൂട്ടത്തല്ല്
കോഴിക്കോട് ജില്ലയിലെ ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലടിച്ചത് വലിയ വാർത്തയായിരുന്നു. തമ്മിലടിയ്ക്കിടെ എത്തിയ ആംബുലൻസിന് വഴിയൊരുക്കിയ പ്രവർത്തകരുടെ വീഡിയോ ദേശീയ തലത്തിൽ വലിയ ശ്രദ്ധയാകര്‍ഷിക്കുകയാണ്.
കള്ള വോട്ട് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ ചേവായൂരിൽ നടുറോഡിൽ തമ്മിൽ പൊരിഞ്ഞ അടി നടക്കുമ്പോഴാണ് കോഴിക്കോട് മെഡിക്കൽ കേളേജിലേക്കുള്ള ആംബുലൻസ് കടന്നുവന്നത്. ഏറ്റുമുട്ടിയിരുന്നവർ പെട്ടന്ന് വഴക്ക് നിർത്തി ആംബുലൻസിന് വഴിയൊരുക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് .പരസ്പരം ഏറ്റുമുട്ടുന്നതിനിടയിലും ആംബുലൻസിന് വഴിയൊരുക്കിയ പ്രവർത്തകർക്ക് കൈയ്യടിക്കുകയാണ് സോഷ്യൽ മീഡിയ. തമ്മിൽ പൊരിഞ്ഞ അടി നടക്കുന്നതിനിടയിലാണ് രോഗിയുമായി ആംബുലൻസ് എത്തുന്നത്. തമ്മിലടി നിർത്തി പ്രവർത്തകർ ആംബുലൻസിന് വഴിയൊരുക്കി. ആംബുലൻസ് കടന്ന് പോയതും പ്രവർത്തർ കൂട്ടത്തല് തുടർന്നു.ഇതാണ് കോഴിക്കോട്ടുകാരെന്നും’റിയൽ കേരള എന്നുമുള്ള കമന്റുകളോടെ ‘ തരംഗമായി മാറിയിരിക്കുകയാണ് വീഡിയോ .
കഴിഞ്ഞ ശനിയാഴ്ചയാണ് ചേവായൂർ സഹകരണ ബാങ്കിൽ കോൺഗ്രസ് പ്രവർത്തകരും വിമതരും തമ്മിൽ ഏറ്റുമുട്ടിയത്. ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷം തെരുവുയുദ്ധമായി മാറുകയായിരുന്നു .രാവിലെ എട്ടുമണിക്ക് വോട്ടെടുപ്പ് തുടങ്ങിയതിന് പിന്നാലെ തന്നെ കോൺഗ്രസും സിപിഎം പിന്തുണയുള്ള കോൺഗ്രസ് വിമതരും തമ്മിൽ കള്ളവോട്ട് സംബന്ധിച്ച ആരോപണ പ്രത്യാരോപണങ്ങൾ തുടങ്ങി. വോട്ടർമാരുമായി എത്തിയ ഏഴ് വാഹനങ്ങൾക്ക് നേരെ വിവിധ ഇടങ്ങളിൽ ആക്രമണം ഉണ്ടായി. വോട്ടെടുപ്പ് നടന്ന പറയഞ്ചേരി സ്കൂളിന് പുറത്ത് കോൺഗ്രസ് – സിപിഎം പ്രവർത്തകർ പലവട്ടം ഏറ്റുമുട്ടിയിരുന്നു.
രാവിലെ നടന്ന സംഘര്‍ഷത്തിന് പിന്നാലെ ഉച്ചയ്ക്കുശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും തമ്മിൽ സംഘര്‍ഷമുണ്ടായി. പരസ്പരം കസേരകള്‍ എടുത്താണ് തല്ലിയത്. പൊലീസ് ഇടപെട്ടെങ്കിലും സംഘര്‍ഷം നിയന്ത്രിക്കാനായിട്ടില്ല. തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലത്തെ റോഡിൽ വെച്ചാണ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്.