‘ബിനോയ് വിശ്വം പിണറായിക്ക് മുന്നിൽ മുട്ടിടിച്ച് നിൽക്കുന്നു’; സിപിഐ സമ്മേളനത്തിൽ വിമർശനം

സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനും പാർട്ടി നേതൃത്വത്തിനുമെതിരെ രൂക്ഷ വിമർശനം ഉയർന്നു. പിണറായി വിജയനും സിപിഐഎമ്മിനും മുന്നിൽ മുട്ടിടിച്ച് നിൽക്കുകയാണ് സെക്രട്ടറി ബിനോയ് വിശ്വവും പാർട്ടി നേതൃത്വവുമെന്ന് പ്രതിനിധികൾ വിമർശിച്ചു. ഇവിടെ നടക്കുന്നത് പിണറായിയുടെ ഏകാധിപത്യമാണ്. എണ്ണിയാലൊടുങ്ങാത്ത വാഹനങ്ങളുടെ അകമ്പടിയോടെ മുഖ്യമന്ത്രി യാത്ര ചെയ്യുന്നത് ചോദ്യം ചെയ്യാൻ പോലും എന്തുകൊണ്ട് കഴിയുന്നില്ലെന്നും ചോദ്യമുണ്ടായി.
ആർക്കും മനസിലാകാത്ത ഭാഷയിലാണ് പാർട്ടി സെക്രട്ടറിമാർ സംസാരിക്കുന്നത്. എം വി ഗോവിന്ദനും ബിനോയ് വിശ്വവും പറയുന്നത് ആർക്കും മനസിലാകുന്നില്ലെന്നും ജനങ്ങൾക്ക് മനസിലാകുന്ന രീതിയിൽ സംസാരിക്കാൻ ഇരുവരും ശ്രമിക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. വെളിയം ഭാർഗവൻ, സി കെ ചന്ദ്രപ്പൻ തുടങ്ങിയവർ സെക്രട്ടറിമാരായിരുന്നപ്പോൾ പാർട്ടിക്കുണ്ടായിരുന്ന വ്യക്തിത്വം ഇപ്പോൾ നഷ്ടപ്പെട്ടു. പാർട്ടിയുടെ മന്ത്രിമാർ വൻ പരാജയമാണെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി.