ഒട്ടു വൈകില്ല, സിപിഎമ്മും ബിജെപിയും തയ്യാറായിക്കോളൂ; കേരളം ഞെട്ടുന്ന വാർത്ത തരാമെന്ന് വി ഡി സതീശൻ

കേരള രാഷ്ട്രീയത്തിൽ ഉടനെ ഒരു വലിയ ‘ബോംബ്’ പൊട്ടിക്കാനുണ്ട് എന്ന മുന്നറിയിപ്പ് നൽകുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളം ഞെട്ടുന്ന ആ വാർത്ത ഉടൻ പുറത്തുവരാന്നുണ്ടെന്ന് സിപിഎമ്മിനെയും ബിജെപിയെയും വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് പറഞ്ഞു. സിപിഎമ്മുകാർ അധികം കളിക്കരുത്. ഞെട്ടിക്കുന്ന വാർത്ത അധികം വൈകാതെ തന്നെ പുറത്തുവരും. ബിജെപിക്കെതിരേയും സതീശന് ഇതേ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
‘ഞാൻ ഭീഷണിപ്പെടുത്തുകയാണെന്ന് നിങ്ങൾ വിചാരിക്കരുത്. എന്നാൽ ഇതൊരു ഭീഷണിയല്ലേ എന്ന് ചോദിച്ചാൽ ആണ്. ഈ കാര്യത്തിൽ സിപിഎമ്മുകാർ അധികം കളിക്കരുത്. വാര്‍ത്തകള്‍ വരാനുണ്ട്, കേരളം ഞെട്ടിപ്പോകും. വലിയ താമസം ഒന്നും വേണ്ട’ എന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞത്. ഉടൻ തന്നെ സിപിഎമ്മിൽ ഒരു പൊട്ടിത്തെറി ഉണ്ടാകുമെന്ന സൂചനയും പ്രതിപക്ഷ നേതാവ് നൽകി.
രാഹുൽ ചാപ്പ്റ്റർ ക്ലോസ് ആണിപ്പോൾ. ഇനി ആ വിഷയം ചർച്ച ചെയ്യില്ല. ഈ വിഷയത്തിൽ ആരും അധികം കളിക്കണ്ട. ബിജെപിക്ക് എതിരെയും പല കാര്യങ്ങളും പുറത്ത് വരും. അതിന് തെരഞ്ഞെടുപ്പ് വരെ കാക്കേണ്ടി വരില്ല എന്നും സതീശൻ പറഞ്ഞു. ഹൃദയം തകരുന്ന വേദനയോടെയാണ് ഒരു സഹപ്രവർത്തകന് എതിരെ നടപടി എടുത്തത്. അത്തരത്തിൽ ഒരു നടപടി എടുക്കാൻ സിപിഎമ്മോ ബിജെപിയെ ഒരിക്കലെങ്കിലും ശ്രമിച്ചിട്ട് പോലുമില്ലെന്നും, അവർക്ക് അതിന് കഴിയില്ലെന്നും സതീശൻ പറഞ്ഞു.
‘ബിജെപിക്കാരോട് ഒരു കാര്യം പറയാനുണ്ട്. ഇന്നലെ കന്റോണ്‍മെന്റ് ഹൗസിലേക്ക് പ്രകടനം നടത്തിയ കാളയെ കളയരുത്. പാര്‍ട്ടി ഓഫീസിന്റെ മുറ്റത്ത് കെട്ടിയിടണം. അടുത്ത ദിവസങ്ങളില്‍ ആവശ്യം വരും. ആ കാളയുമായി രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് പ്രതിഷേധം നടത്തേണ്ട സ്ഥിതി പെട്ടെന്നുണ്ടാകും. കാര്യം ഇപ്പോള്‍ പറയുന്നില്ല. എന്നാൽ ആ കാളയെ ഉപേക്ഷിക്കരുത്. കാത്തിരുന്നോളൂ’,എന്നും വി ഡി സതീശന് പറഞ്ഞു.
ലൈംഗിക ചൂഷണ ആരോപണത്തിൽ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പ്രതിഷേധത്തില്‍ കാളയെ ഉപയോഗിച്ചതിന് യുവമോർച്ചക്കെ പരാതി നൽകിയിരുന്നു. കൻ്റോൺമെൻ്റ് ഹൗസിലേക്കാണ് യുവമോർച്ച പ്രവര്‍ത്തകര്‍ കാളയുമായി പ്രതിഷേധിച്ചത്. കാളയുടെ മുഖത്ത് രാഹുൽ മാങ്കൂട്ടത്തിലിന്റെ ചിത്രം പതിപ്പിച്ച് തെരുവിലൂടെ നടത്തിയായിരുന്നു യുവമോർച്ചയുടെ പ്രതിഷേധം. യൂത്ത് കോൺഗ്രസ് കാട്ടാക്കട നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് ഗൗതം കാട്ടാക്കടയാണ് യുവമോർച്ചയ്ക്കെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയത്.
പ്രതിഷേധത്തിന് വേണ്ടി മതവികാരം വൃണപ്പെടുത്തുന്നതും, മൃഗങ്ങളോടുള്ള കൂരതയും ആണെന്ന് ചൂണ്ടിക്കാണിച്ച് ഡിജിപിക്കാണ് പരാതി നൽകിയത്. നട്ടുച്ച സമയം കിലോമീറ്ററുകളോളം കാളയെ മൂക്കുകയർ ഇട്ട് വലിച്ചിഴച്ച് നടത്തിയെന്നും, ആ സാധു ജീവിയോട് കൊടും ക്രൂരത കാട്ടിയെന്നും പരാതിയിൽ പറയുന്നു. ഹിന്ദുമത വിശ്വാസപ്രകാരം ശിവന്റെ വാഹനമായ കാളയെ ഉപയോഗിച്ച് നടത്തിയ പ്രതിഷേധം മത വിശ്വാസത്തെ വ്രണപ്പെടുത്തിയെന്നും പരാതിയുണ്ട് .
കാളയുടെ മുഖത്ത് രാഹുൽ മാങ്കൂട്ടത്തിലിന്റെ ചിത്രം പതിപ്പിച്ച് തെരുവിലൂടെ നടത്തിയായിരുന്നു പ്രതിഷേധം. ഈ വിത്തുകാളയെ കൊണ്ടുനടക്കുന്നത് വി ഡി സതീശനും ഷാഫി പറമ്പിലുമാണെന്നും ആക്ഷേപമുയർന്നു. കാളയുമായുള്ള മാർച്ച് പൊലീസ് തടഞ്ഞതോടെ സമരം ജലപീരങ്കി പ്രയോഗത്തിലാണ് അവസാനിച്ചത്.