പവൻ കല്യാണ്‍ ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി; ചന്ദ്രബാബു നായിഡുവിന്റെ മകന് രണ്ട് വകുപ്പുകള്‍
ആന്ധ്രപ്രദേശില്‍ ജനസേന പാർട്ടി അധ്യക്ഷൻ പവൻ കല്യാണ്‍ ഉപമുഖ്യമന്ത്രിയാകും. പഞ്ചായത്ത് രാജ് – ഗ്രാമീണ വികസനം, വനം – പരിസ്ഥിതി, ശാസ്ത്ര – സാങ്കേതികം എന്നീ വകുപ്പുകളുടെ ചുമതലയും പവൻ കല്യാണിന് ലഭിക്കും.
നടനും നിർമാതാവുമായ പവൻ കല്യാണ്‍ 2014ലാണ് ജനസേന പാർട്ടി രൂപവത്കരിച്ചത്. ബുധനാഴ്ചയാണ് ആന്ധ്രയില്‍ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവും 24 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തത്.
മുഖ്യമന്ത്രിയുടെ മകൻ നര ലോകേഷിന് മാനവവിഭവശേഷി വികസനം, ഐ.ടി ആൻഡ് കമ്യൂണിക്കേഷൻ വകുപ്പുകളുടെ ചുമതല നല്‍കും. സ്റ്റാൻഫോർഡ് സർവകലാശാലയില്‍നിന്ന് എം.ബി.എ ബിരുദം നേടിയ ലോകേഷ് ലോകബാങ്കില്‍ ഉദ്യോഗസ്ഥനായി പ്രവർത്തിച്ചിട്ടുണ്ട്. നെരത്തെയും മന്ത്രിപദം നിർവഹിച്ചിട്ടുള്ള ലോകേഷ് മംഗളഗിരി സീറ്റില്‍നിന്ന് 91,413 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടത്.
അനിത് വെങ്കലപുഡി ആഭ്യന്തരമന്ത്രിയാകും. അമരാവതിയെ തലസ്ഥാന നഗരമാക്കി വികസിപ്പിക്കാനുള്ള ചുമതലയുള്ള മുനിസിപ്പല്‍ അഡ്മിനിസ്ട്രേഷൻ വകുപ്പ് പി.നാരായണക്ക് ലഭിക്കും.