കെജ്രിവാളിന് ഇന്ന് നിര്‍ണായകം; അറസ്റ്റും കസ്റ്റഡിയും ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ വിധി പറയും

മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇന്ന് നിര്‍ണായക ദിനം. അറസ്റ്റും കസ്റ്റഡിയും ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധി പറയും.
കൃത്യമായ അന്വേഷണമോ മതിയായ തെളിവോ ഇല്ലാതെയുള്ള അറസ്റ്റ് നിയമ വിരുദ്ധമെന്നാണ് കെജ്രിവാളിന്റെ വാദം. മദ്യനയ അഴിമതിയുടെ ഭാഗമായ മുഴുവന്‍ ഹവാല ഇടപാടും നടന്നത് എഎപി കണ്‍വീനറായ കെജ്രിവാളിന്റെ അറിവോടെയെന്നാണ് ഇഡിയുടെ നിലപാട്.
ഡല്‍ഹി മദ്യനയ അഴിമതിയിലെ പ്രധാന സൂത്രധാരനെന്നാരോപിച്ച് മാര്‍ച്ച് 2നാണ് അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ വോട്ട് രേഖപ്പെടുത്തും മുന്‍പുള്ള ഈ നടപടി കേന്ദ്ര ഏജന്‍സിയുടെ മാച്ച് ഫിക്സിംഗ് എന്ന് ചൂണ്ടിക്കാട്ടിയാണ് അരവിന്ദ് കെജ്രിവാള് അറസ്റ്റിനെ ചോദ്യം ചെയ്യുന്നത്.