വയനാട്ടിൽ നാമനിർദേശ പത്രിക സമർപ്പിച്ചു രാഹുൽ ഗാന്ധി; വമ്പൻ റോഡ് ഷോയിൽ രാഹുൽ ഗാന്ധിക്ക് ഒപ്പം പ്രിയങ്കയും
കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ഡോ. രേണുരാജിന് നാമനിർദേശ പത്രിക സമർപ്പിച്ചു. എഐസിസി ജനറൽ സെക്രട്ടറിമാരായ പ്രിയങ്കാ ഗാന്ധി, കെസി വേണുഗോപാൽ, പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ അബ്ബാസലി ശിഹാബ് തങ്ങൾ, ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചൻ തുടങ്ങിയവരും പത്രികാസമർപ്പണവേളയിൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. രാവിലെ പതിനൊന്നേകാലോടെ കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച റോഡ് ഷോ സമാപിച്ച ശേഷമായിരുന്നു പത്രിക സമർപ്പിക്കുന്നതിനായി രാഹുൽ നേതാക്കൾക്കൊപ്പം കളക്ടറേറ്റിലേക്ക് പോയത്.ഭാരത് ജോഡോ യാത്രയുടെ സമാപനത്തിന് ശേഷം ആദ്യമായി മണ്ഡലത്തിലെത്തിയ രാഹുൽ ഗാന്ധിയെ ആരവത്തോടെയും ആവേശത്തോടെയുമാണ് പ്രവർത്തകർ വരവേറ്റത്. കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽനിന്നു തുറന്ന വാഹനത്തിൽ രാഹുൽ മുന്നിൽനിന്ന് നയിച്ചപ്പോൾ ആയിരങ്ങൾ അദ്ദേഹത്തിന് മുന്നിലും പിന്നിലുമായി ഒഴുകി നീങ്ങി.