രാജ്യസഭാ തെരഞ്ഞെടുപ്പ് – എം എൽ എ കാലുവാരി, അജയ്മാക്കന് തോൽവി
ഹരിയാനയിലെ രണ്ട് രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ രണ്ടിടത്തും ബി ജെ പി ക്ക് ജയം. ഇന്ന് പുലർച്ചെയാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. ബി ജെ പി സ്ഥാനാർഥികളായിരുന്ന കൃഷൻ പൻവാറും ബി ജെ പി പിന്തുണയോടെ മത്സരിച്ച മാധ്യമ മേധാവികൂടിയായ കാർത്തികേയ ശർമയുമായണ് ജയിച്ചത്
കോൺഗ്രസ് എം എൽ എ കാലുവാരിയതോടെയാണ് എതിർ സ്ഥാനാർഥിയായ എ ഐ സി സി ജനറൽ സെക്രട്ടറി കൂടിയായ അജയ് മാക്കൻ പരാജയപ്പെട്ടത്. അദംപൂരിലെ എം എൽ എയായ കുൽദീപ് ബിഷ്ണോയി കോൺഗ്രസിന് വോട്ട് ചെയ്തില്ലെന്ന് ബി ജെ പി നേതാവും മുഖ്യമന്ത്രിയുമായ മനോഹർ ലാൽ ഖട്ടാർ പറഞ്ഞു. ബി ജെ പിയുടെ തത്വങ്ങളിലും ആദർശങ്ങളിലും താത്പര്യം പ്രകടിപ്പിച്ച ബിഷ്ണോയിയെ ബി ജെ പി സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
വൻതോതിൽ കുതിരക്കച്ചവടത്തിന് സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങളെ തുടർന്ന് ഒരാഴ്ചയിലധികമായി ഹരിയാനയിലെ കോൺഗ്രസ് എം എൽ എമാരെ ഛത്തീസ്ഗഢിലെ റിസോർട്ടിലേക്ക് മാറ്റിയിരിക്കയായിരുന്നു. ഇത്രയധികം മുൻകരുതലുകളെടുത്തിട്ടും എ ഐ സി സി ജനറൽ സെക്രട്ടറിയായ അജയ് മാക്കൻ പരാജയപ്പെട്ടത് കോൺഗ്രസിന് വലിയ തിരിച്ചടിയാണ്.
മുതിർന്ന കോൺഗ്രസ് നേതാക്കൾ പാർട്ടി വിട്ടു പോവുന്നതും എം എൽ എ മാർ കൂറുമാറുന്നതും ഗൗരവമേറിയ വിഷയമായാണ് കോൺഗ്രസ് കാണുന്നത്. അജയ്മാക്കന്റെ പരാജയം കോൺഗ്രസ് നേതാക്കൾ അറിഞ്ഞത് ഔദ്യോഗിക പ്രഖ്യാപനത്തോടെ മാത്രമാണ്. രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മാക്കന് ആശംസകൾ അറിയിച്ച് മുതിർന്ന നേതാക്കൾ ട്വീറ്റ് ചെയ്തു. അവസാനം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം വന്നതോടെ ട്വീറ്റുകൾ പിൻവലിച്ചു.
നിലവിൽ തൊണ്ണൂറ് അംഗങ്ങളാണ് ഹരിയാന നിയമസഭയിലുള്ളത്. ഒരു സ്വതന്ത്രൻ വോട്ടെടുപ്പിന് എത്തിയില്ല. മറ്റൊരാളുടെ വോട്ട് അസാധുവായി.പോൾ ചെയ്ത് എൺപത്തിയെട്ട് വോട്ടിൽ ഓരോ സ്ഥാനാർഥിക്കും വേണ്ടത് 29.34 വോട്ടുകളായിരുന്നു. അജയ്മാക്കന് 29 വോട്ടുകളേ നേടാനായുള്ളൂ. കാർത്തികേയ ശർമക്ക് നേരിട്ട് ലഭിച്ചത് 23 വോട്ടുകളാണ്. ഔദ്യോഗിക സ്ഥാനാർഥിയായ കൃഷൻ പൻവാറിന് ലഭിച്ച 6.65 അധിക വോട്ടുകൾ കാർത്തികേയ ശർമക്ക് മാറ്റിക്കൊണ്ടാണ് ശർമയെ വിജയിപ്പിച്ചെടുത്തതെന്നാണ് മനോഹർ ലാൽ ഖട്ടാറിന്റെ വിശദീകരണം.
അജയ് മാക്കന്റെ തോൽവി അംഗീകരിക്കാനാവാതെ കോൺഗ്രസ് വീണ്ടും വോട്ടെണ്ണണമെന്ന ആവശ്യം മുന്നോട്ടുവെച്ചു. കാലുമാറിയ കുൽദീപ് ബിഷ്ണോയി നേരത്തെ തന്നെ കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്നയാളാണ്. ഹരിയാ കോൺഗ്രസ് അധ്യക്ഷസ്ഥാനം നൽകാത്തതിൽ കടുത്ത അമർഷത്തിലാണ് അദ്ദേഹം പാർട്ടിയിൽ തുടർന്നിരുന്നു. എം എൽ എ മാർക്കൊപ്പം റിസോട്ടിലേക്ക് പോവാൻ ബിഷ്ണോയി തയ്യാറായിരുന്നില്ല.രാഹുൽ ഗാന്ധിയെ കാണാൻ സമയം ചോദിച്ചിട്ട് കിട്ടാതിരുന്നതും ഇദ്ദേഹത്തിന്റെ എതിർപ്പിന്റെ കാരണമാണ്.
Content Highlights : Rajya Sabha election BJP wins