രാഷ്ട്രീയത്തിൽ പുതിയ ഇന്നിംഗ്സിനൊരുങ്ങി സൗരവ് ഗാംഗുലി; രാജ്യസഭയിലേക്ക് ഡോണയുടെ പേരും
രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന സൂചന നൽകി സൗരവ് ഗാംഗുലി. കരിയറിൽ മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കി ഇനി ജീവിതത്തിൽ പുതിയ ഇന്നിങ്ഗ്സിന് ഒരുങ്ങുന്നതായും സൗരവ് ഗാംഗുലി ട്വീറ്റിൽ പറയുന്നു. 1992 മുതൽ ക്രിക്കറ്റിനൊപ്പം നീങ്ങിയ യാത്ര 2022 ൽ മുപ്പത് വർഷത്തിലെത്തിയെന്നും ജനങ്ങൾ നൽകിയ പിന്തുണ അങ്ങേയറ്റം പ്രോത്സാഹനം നിറഞ്ഞതാണെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു.
നിലവിൽ ബി സി സി ഐ അധ്യക്ഷനായ സൗരവ് ഗാംഗുലി സജീവ രാഷ്ട്രീയത്തിൽ എത്തുന്നതിന് മുന്നോടിയായി ആ പദവി രാജിവെച്ചതായി വാർത്തകൾ വന്നിരുന്നു. എന്നാൽ ഇത് അടിസ്ഥാന രഹിതമായ വാർത്തായാണെന്ന് ബി സി സി ഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു.
നേരത്തെയും ഗാംഗുലിയുടെയും ഭാര്യയുടെയും പേരുകൾ രാഷ്ട്രീയത്തിൽ സജീവമായി ഉയർന്നു കേട്ടിരുന്നു. ഭാര്യ ഡോണയെ രാജ്യസഭയിൽ എത്തിക്കാൻ കേന്ദ്രം നീക്കം തുടങ്ങിയതായി വാർത്തകൾ വന്നിട്ട് നാളുകൾ ഏറെയായി. രാജ്യസഭാ നോമിനികളായി രൂപ ഗാംഗുലി, മാധ്യമ പ്രവർത്തകൻ സ്വപൻ ദാസ് ഗുപ്ത എന്നിവരുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നത്.
ഡോണാ ഗാംഗുലിയെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യുകയും സൗരവ് ഗാംഗുലി സംസ്ഥാന രാഷ്ട്രീയത്തിൽ സജീവ പങ്കാളിയാവുകയും ചെയ്യുന്നു എന്ന തരത്തിലും വാർത്തകളുണ്ട്. എന്തായാലും രാഷ്ട്രീയത്തിന്റെ ഭാഗമാവുമെന്ന് കൃത്യമായ സൂചനയാണ് സൗരവ്ഗാംഗുലിയുടെ ട്വീറ്റിലുള്ളത്