തൃക്കാക്കരയിലെ കള്ളവോട്ട്- മുന്നണികൾ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകും
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കള്ളവോട്ട് ആരോപണം ഉയർന്ന സാഹചര്യത്തിൽ വോട്ടെടുപ്പിന്റെ സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കും. ആരോപണമുയർന്ന ബൂത്തുകളിലെ വൈബ് കാസ്റ്റിങ് സംവിധാനമാണ് പരിശോധനക്ക് വിധേയമാക്കുന്നത്. പരാതി ഉന്നയിച്ച മുന്നണികൾ ഉടൻ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് അന്വേഷണം അഭ്യർഥിക്കും.
ഒരു ബൂത്തിൽ കള്ളവോട്ട് ചെയ്യാൻ ശ്രമം നടന്നുവെന്നും മൂന്ന് സ്ഥലങ്ങളിൽ കള്ളവോട്ട് നടക്കുകയും ചെയ്തു എന്നാണ് ആരോപണം ഉയർന്നത്. കൂടുതൽ പരാതി ഉയർന്നത് യു ഡി എഫിന്റെ ഭാഗത്തു നിന്നാണ്. ഇടപ്പള്ളി ജി എച്ച് എസ്എസിലെ പതിനേഴാം നമ്പര്‍ ബൂത്തിലെ കള്ളവോട്ടിൽ യു ഡി എഫ് സ്ഥാനാർഥി ഉമ തോമസ് ഇതിനകം പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ കാണിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകി.
നൂറ്റിയറുപതാം നമ്പർ ബൂത്തിൽ കള്ളവോട്ട് നടന്നു എന്ന ആരോപണം ഉന്നയിച്ചത് എൽ ഡി എഫാണ്. വോട്ടറായ ജെയിംസ് മാത്യുവിന്റെവോട്ട് വേറൊരാൾ രേഖപ്പെടുത്തി എന്നാണ് ആക്ഷേപം. എൽ ഡി എഫ് നേതാക്കൾ പരാതി തെരഞ്ഞെടപ്പ് കമ്മീഷന് കൈമാറും.കള്ളവോട്ട് ആരോപണം നിലനിൽക്കുന്ന സ്ഥലങ്ങളിൽ റീപോളിങ് നടത്തേണ്ടിവരും. കള്ളവോട്ട് നടന്നുവെന്ന് സ്ഥിരീകരിച്ചാൽ മൂന്ന് മുന്നണികൾക്കും അത് ക്ഷീണം ചെയ്യും.