ഗ്യാസ് സിലിന്‍ഡര്‍ കയറ്റിവന്ന ലോറി തകര്‍ത്ത് പടയപ്പ; ഡ്രൈവറും സഹായിയും രക്ഷപ്പെട്ടു

ഗ്യാസ് സിലിന്‍ഡര്‍ കയറ്റിവന്ന ലോറി കുപ്രസിദ്ധ കാട്ടാന പടയപ്പ അടിച്ചുതകര്‍ത്തു. ഡ്രൈവറും സഹായിയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി ഒന്‍പതിനാണ് കാട്ടാനയുടെ പരാക്രമം ഉണ്ടായത്. കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ മൂന്നാര്‍ സിഗ്നല്‍ പോയിന്റിന് സമീപമാണ് ആക്രമണമുണ്ടായത്. ലോറിയുടെ മുന്‍ഭാഗം പടയപ്പ തുമ്പിക്കൈകൊണ്ട് അടിച്ചുതകര്‍ക്കുകയായിരുന്നു.
മൂന്നാര്‍ ടൗണിലെ ഒരു ഗ്യാസ് ഏജന്‍സിയുടെ ലോറിയാണിത്. അക്രമത്തിന് ശേഷം പടയപ്പ സമീപത്തെ യൂക്കാലിത്തോട്ടത്തിലേക്ക് പോയി. ശനിയാഴ്ച രാവിലെ 11-ന് ഇതേസ്ഥലത്ത് മറ്റൊരു കാട്ടാന വിനോദസഞ്ചാരികളുടെ കാര്‍ ചവിട്ടി മറിച്ചിരുന്നു. കാട്ടാനകള്‍ മൂന്നാര്‍ മേഖലയില്‍ വ്യാപകനാശം വരുത്തുമ്പോഴും അധികൃതർ ഒന്നും ചെയ്യുന്നില്ല എന്ന പരാതി വ്യാപകമാണ്.