32000 സ്ത്രീകൾ കേരളത്തിൽ നിന്നും ഐ എസിൽ ചേർന്നു: ഈ പച്ചക്കള്ളം പറഞ്ഞ സിനിമയെ ആദരിച്ച് കേന്ദ്രം

എഴുപത്തി ഒന്നാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെ കേരളം മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ് ബുക്കിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു.
മികച്ച നേട്ടങ്ങൾ കരസ്ഥമാക്കിയ ഉർവശി, വിജയരാഘവൻ എന്നിവരെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. കൂടുതൽ മികവുറ്റ സിനിമകളുമായി പുതിയ ഉയരങ്ങളിലേക്ക് കുതിക്കാൻ ഈ അവാർഡുകൾ മലയാള സിനിമയ്ക്ക് പ്രചോദനം പകരട്ടെ എന്നും മുഖ്യമന്ത്രി ആശംസകൾ നേർന്നു.
.
മികച്ച സംവിധായകൻ ആയി,തെരഞ്ഞെടുത്തത് കേരളാ സ്റ്റോറി എന്ന സിനിമ സംവിധാനം ചെയ്ത സുദീപ്തോ സെന്നിനെയാണ്. എന്നാൽ ആ ചിത്രം കേരളത്തെ അപകീർത്തിപ്പെടുത്തുന്ന ഒന്നാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തെ അവഹേളിക്കാനും, വർഗീയത പടർത്താനും നുണകളാൽ പടുത്ത ഒരു സിനിമയ്ക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചതിലൂടെ മത സാഹോദര്യത്തിനും ദേശീയോദ്ഗ്രഥനത്തിനുമായി നിലകൊണ്ട ഇന്ത്യൻ സിനിമയുടെ ശ്രേഷ്ഠപാരമ്പര്യത്തെയാണ് അവാർഡ് ജൂറി അവഹേളിച്ചിരിക്കുന്നത് എന്നും, വർഗീയ അജണ്ട നടപ്പാക്കാനുള്ള ആയുധമായി ചലച്ചിത്രത്തെ മാറ്റുക എന്ന സംഘപരിവാർ അജണ്ടയാണ് ഇതിലൂടെ അവർ നടപ്പാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഈ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നു. ഓരോ മലയാളിയും രാജ്യത്തെ ജനാധിപത്യ വിശ്വാസികളാകെയും ഈ അനീതിക്കെതിരെ സ്വരമുയർത്തണം. കലയെ വർഗീയത വളർത്താനുള്ള ആയുധമാക്കി മാറ്റുന്ന രാഷ്ട്രീയത്തിനെതിരെ അണിനിരക്കണം എന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
എന്തായാലും മുഖ്യമന്ത്രി പറഞ്ഞത് പോലെ വര്‍ഗീയ ഉള്ളടക്കം പ്രചരിപ്പിച്ച ചിത്രത്തെ ആദരിച്ച ജൂറി തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. ബോളിവുഡ് സംവിധായകന് അശുതോഷ് ഗോവാരിക്കര്‍ അധ്യക്ഷനായ ജൂറിയുടെ തീരുമാനത്തെ ചോദ്യംചെയ്ത് പ്രമുഖ ചലച്ചിത്രപ്രവര്‍ത്തകരും രംഗത്തെത്തി.
കേരളത്തില്‍ നിന്നും 32,000 സ്ത്രീകളെ മതം മാറ്റി, ഭീകര സംഘടനയായ ഐഎസില്‍ എത്തിച്ചെന്ന് ആരോപിക്കുന്ന ചിത്രമാണ് ദി കേരള സ്റ്റോറി. കേരളത്തില്‍ വ്യാപകമായി മതപരിവര്‍ത്തനം നടക്കുന്നുണ്ട് എന്നാണ് ഈ സിനിമയിലൂടെ പറയുന്നത്.
ചിത്രത്തിന്റെ ടീസര്‍ ഇറങ്ങിയപ്പോൾ ഇത് വിവാദമായിരുന്നു. അതിലെ അദ ശര്‍മ അവതരിപ്പിക്കുന്ന കഥാപാത്രം താന്‍ ശാലിനി ഉണ്ണികൃഷ്ണന് ആണെന്നും ഒരു നഴ്സ് ആണെന്നും ഇപ്പോള്‍ മതം മാറ്റി ഫാത്തിമ ഭായ് എന്നാക്കിയെന്നും ടീസറില്‍ പറയുന്നു. അതിന് ശേഷം ഐഎസില്‍ എത്തിച്ചു. ഇപ്പോള്‍ താന്‍ പാക്കിസ്ഥാന് ജയിലിലാണ്. ഇത്തരത്തില്‍ 32000 സ്ത്രീകളെ മതം മാറ്റിയെന്നും കേരളത്തിലെ സ്ഥിതി ഇതാണ് എന്ന് പറയുന്നതാണ് ടീസറിലെ ഉള്ളടക്കം. ഈ ടീസർ ഇറങ്ങിയതോടെ 32000 പേരെന്ന കണക്കിനെ ചൊല്ലി വലിയ തർക്കങ്ങളും നടന്നിരുന്നു.
മതംമാറി കേരളത്തിൽ നിന്ന് ഐഎസിൽ പോയ സ്ത്രീകളുടെ എണ്ണം 32000 ൽ കൂടുതൽ ആണെന്ന് ഒരുത്തൻ സിനിമയിലൂടെ പറഞ്ഞപ്പോൾ, അയാൾ ഇന്ത്യയിലെ മികച്ച സംവിധായകനായി ആദരിക്കപ്പെട്ടു. കേരളത്തിൽ നിന്നും ഐഎസിൽ ആളുകൾ പോയിട്ടുണ്ട്, ഇന്ത്യയിലെ പല സംസ്ഥാനങ്ങളിൽ നിന്നും പോയിട്ടുണ്ട്. എന്നാൽ കേരളത്തിലെ മുപ്പത്തിരണ്ടായിരം സ്ത്രീകൾ മതം മാറ്റപ്പെട്ടു, തീവ്രവാദികളായി എന്നൊക്കെ പടച്ച് വിടുന്ന, യാതൊരു സെൻസുമില്ലാത്തവൻ ഇപ്പോൾ ആദരിക്കപ്പെടുകയാണ്. ഈ ഐ എസ് എന്ന് പറയുന്ന സംഘടനയിൽ ആകെ ഇത്രയും പേരുണ്ടാകുമോ എന്നതും സംശയമാണ്.
അതേപോലെ ഷാരൂഖ്ഖാന് മികച്ച നടനുള്ള അവർഡ് കൊടുത്തത് ജവാൻ എന്ന സിനിമയിലെ അഭിനയത്തിനാണ്. ഷാരൂഖ് ഖാൻ വളരെ മികച്ച നടൻ ആണെങ്കിലും, ജവാൻ എന്ന സിനിമയിലെ പ്രകടനം ദേശീയ അവാർഡ് അർഹിക്കുന്നു എന്ന് അദ്ദേഹത്തിന്റെ ഫാൻസ് പോലും പറയില്ല.
അതിന് മറ്റൊരു കാരണം കൂടെ സിനിമ – രാഷ്ട്രീയ നിരീക്ഷകർ പറയുന്നുണ്ട്. നല്ല നടനുള്ള അവാർഡ് ഷാരൂഖിനോട് പങ്കിട്ടത് 12th Fail എന്ന സിനിമയിലെ അഭിനയത്തിന് വിക്രാന്ത് മസ്സിയാണ്. നന്നായി തന്നെയാണ് അദ്ദേഹം ആ റോൾ ചെയ്തത്. എന്നാൽ കഴിഞ്ഞ വര്‍ഷം ദി സബർമതി റിപ്പോർട്ട് എന്ന വളച്ചൊടിച്ച ചരിത്രമുള്ള സിനിമയിൽ ഇദ്ദേഹം അഭിനയിച്ചിരുന്നു. അതിനുള്ള ഒരു സമ്മാനം കൂടിയാകാം ഈ അവാർഡ്.
നമ്മുടെ നാട്ടിലെ സാമൂഹികാവസ്ഥ ദുരന്തമായി മാറിയത് ജാതിയുടെയും മതത്തിന്റെയും അമിതമായ സ്വാധീനം കൊണ്ടാണ്. നിയമവാഴ്ച വരെ തകർക്കാൻ ഭീഷണി കൊണ്ടും സ്വാധീനം കൊണ്ടും ചില ശക്തികൾ ശ്രമിക്കുന്നു. ഇപ്പോള്‍ കലാരംഗത്തും സിനിമയിലും വരെ വർഗീയത കുത്തി നിറച്ച് നമ്മുടെ സംസ്കാരത്തെ തകർക്കാനുള്ള ശ്രമങ്ങളും നടക്കുകയാണ്. ദി കേരളാ സ്റ്റോറിക്കുള്ള അവാർഡ് വിരൽ ചൂണ്ടുന്നതും അതിലേക്ക് തന്നെയാണ്.