54-മത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം; നാല് അവാർഡുകളുമായി തിളങ്ങി മമ്മൂട്ടി- ജിയോ ബേബി ചിത്രം ‘കാതൽ ദി കോർ’

മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത ‘കാതൽ ദി കോർ’ എന്ന ചിത്രത്തിന് നാല് കേരളാ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ. ഇന്ന് മന്ത്രി സജി ചെറിയാനാണ് അൻപത്തിനാലാമത് കേരളാ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിച്ച ഈ ചിത്രത്തിന് മികച്ച ചിത്രം, മികച്ച കഥ, മികച്ച പശ്ചാത്തല സംഗീതം, അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമർശം എന്നിവയാണ് ലഭിച്ചത്.

ഇതിലെ തങ്കൻ എന്ന കഥാപാത്രത്തിന് ജീവൻ പകർന്ന സുധി കോഴിക്കോട് അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമർശം നേടിയപ്പോൾ, പശ്ചാത്തല സംഗീതത്തിനുള്ള അവാർഡ് മാത്യൂസ് പുളിക്കനും, മികച്ച കഥാകൃത്തിനുള്ള അവാർഡ് ആദർശ് സുകുമാരൻ, പോൾസൺ സ്കറിയ എന്നിവരും സ്വന്തമാക്കി.

ആദർശ്- പോൾസൺ ടീം തിരക്കഥ രചിച്ച ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തത് ജ്യോതികയാണ്. കഴിഞ്ഞ വർഷം നൻപകൽ നേരത്ത് മയക്കത്തിലൂടെയും മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് സ്വന്തമാക്കിയ മമ്മൂട്ടി കമ്പനിയുടെ രണ്ടാമത്തെ സംസ്ഥാന അവാർഡാണ് കാതൽ ദി കോർ നേടിക്കൊടുത്തത്.

വ്യത്യസ്തവും സാമൂഹിക പ്രസക്തിയുള്ളതുമായ ഒരു പ്രമേയം ചർച്ച ചെയ്ത ഈ ചിത്രത്തിന് മികച്ച പ്രേക്ഷക- നിരൂപക പ്രശംസയും അതിനൊപ്പം ബോക്സ് ഓഫീസ് വിജയവും നേടാൻ സാധിച്ചിരുന്നു. മാത്യു ദേവസ്സി എന്ന കഥാപാത്രമായി മമ്മൂട്ടി മികച്ച പ്രകടനം കാഴ്ച വെച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് സാലു കെ തോമസ്, എഡിറ്റർ- ഫ്രാൻസിസ് ലൂയിസ്, വിതരണം- വേഫെറർ ഫിലിംസ്.