9 രാജ്യങ്ങളിൽ മ്യൂസിക് ചാർട്ടിൽ ഒന്നാമതെത്തി “ആയാ ഷേർ”; നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസിലെ ആദ്യ ഗാനം ഗ്ലോബൽ ട്രെൻഡിങ്
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസ്’ലെ ആദ്യ ഗാനമായ “ആയാ ഷേർ” ആഗോള തലത്തിൽ ട്രെൻഡ് ചെയ്യുന്നു. യൂട്യൂബ് ചാർട്ടിൽ ആഗോള തലത്തിൽ തരംഗമായി മാറിയ ഗാനം 9 രാജ്യങ്ങളിൽ ആണ് മ്യൂസിക് ചാർട്ടിൽ ഒന്നാമതായി ട്രെൻഡ് ചെയ്യുന്നത്. 2026 ഓഗസ്റ്റ് 21 നാണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുക. ‘ദസറ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് ഒഡേല ടീം ഒന്നിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ദസറയുടെ നിർമ്മാതാവായ സുധാകർ ചെറുകുറിയാണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ ആണ് അദ്ദേഹം ഈ ചിത്രം നിർമ്മിക്കുന്നത്.
നാനിയുടെ ജന്മദിനം പ്രമാണിച്ചാണ് ഗാനം പുറത്ത് വന്നത്. 24 മണിക്കൂറിനകം 15 മില്യണിൽ കൂടുതൽ കാഴ്ചക്കാരെയാണ് ഈ ഗാനം യൂട്യൂബിൽ നിന്ന് സ്വന്തമാക്കിയത്. ഇന്ത്യയിലും യുഎഇയിലും മ്യൂസിക് ചാർട്ടിൽ ഒന്നാം സ്ഥാനം നേടിയ ഗാനം , യുകെ, ഓസ്ട്രേലിയ, സിംഗപ്പൂർ, കാനഡ, സൗദി അറേബ്യ, യുഎസ്എ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിലും മ്യൂസിക് ചാർട്ടുകളിൽ മുൻപന്തിയിലെത്തി. ഒരു തെലുങ്ക് ഗാനത്തിന്, ഇത്തരത്തിലുള്ള ആഗോള സ്വീകരണം ലഭിക്കുന്നത് അസാധാരണമാണ്. ഇന്ത്യൻ സിനിമയുടെ അതിരുകൾ ഭേദിച്ചാണ്, ഈ ഗാനത്തിലൂടെ ചിത്രത്തിൻ്റെ പ്രമോഷണൽ യാത്ര ആരംഭിച്ചിരിക്കുന്നത്.
ഗാനത്തിലെ നാനിയുടെ ഗംഭീര സ്ക്രീൻ സാന്നിധ്യവും, അദ്ദേഹത്തിന്റെ ഐക്കണിക് ഹുക്ക് സ്റ്റെപ്പും, ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകർഷിച്ചു കൊണ്ടാണ് തരംഗമായി മാറുന്നത്. ഇൻസ്റ്റാഗ്രാം റീൽസിലും യൂട്യൂബ് ഷോർട്ട്സിലും ഈ ഗാനവും അദ്ദേഹത്തിൻ്റെ നൃത്തവും വൈറലായി മാറുകയാണ്. ചിത്രത്തിലെ നാനിയുടെ അവതരണ ഗാനമായി ആണ് “ആയാ ഷേർ” ഒരുക്കിയിരിക്കുന്നത്. കാസർല ശ്യാം വരികൾ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് അദ്ദുല ജംഗിറെഡ്ഡി, അക്നൂരി ദേവയ്യ, അനിരുദ്ധ് രവിചന്ദർ എന്നിവർ ചേർന്നാണ്. അനിരുദ്ധ് തന്നെയാണ് ഈ ഗാനത്തിന് സംഗീതം നൽകിയതും. ജേഴ്സി, ഗാങ് ലീഡർ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ദ പാരഡൈസ്’. വിജയ് ചിത്രം ജന നായകനിൽ പ്രവർത്തിച്ച നൃത്തസംവിധായകൻ സുധൻ മാസ്റ്റർ ആണ് ഈ ഗാനത്തിന് നൃത്തം ഒരുക്കിയത്.
നാനിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസ് ആയാണ് ‘ദ് പാരഡൈസ്’ എത്തുക. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് ഉൾപ്പെടെയുള്ള പോസ്റ്ററുകൾ, സ്പാർക്ക് ഓഫ് പാരഡൈസ് എന്ന ഗ്ലിമ്പ്സ് വീഡിയോ എന്നിവ സമൂഹ മാധ്യമങ്ങളിൽ വമ്പൻ ശ്രദ്ധ നേടിയിരുന്നു. ബോളിവുഡ് താരം രാഘവ് ജൂയാൽ, സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം എസ് ചൗധരി, രാം ജഗൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ആഗോള തലത്തിൽ എട്ട് ഭാഷകളിൽ ആണ് ഈ ചിത്രം പ്രദർശനത്തിന് എത്തുക. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിൽ ചിത്രമെത്തും.
രചന, സംവിധാനം- ശ്രീകാന്ത് ഒഡേല, നിർമ്മാതാവ്- സുധാകർ ചെറുകുറി, ബാനർ- എസ്എൽവി സിനിമാസ്, ഛായാഗ്രഹണം – സി എച്ച് സായ്, സംഗീതം- അനിരുദ്ധ് രവിചന്ദർ, എഡിറ്റിംഗ് – നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ – അവിനാഷ് കൊല്ല, ഓഡിയോ – സരിഗമ മ്യൂസിക്, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.











