”ലോക” സിനിമയിൽ ഹിന്ദുവിരുദ്ധത, സൈബർ ആക്രമണവുമായി ഹിന്ദുത്വവാദികൾ; സൂപ്പർഹിറ്റായി 100 കോടി ക്ലബ്ബിലേക്ക് കുതിച്ച് ലോക ചാപ്റ്റർ 1 ചന്ദ്ര

തിയറ്ററുകളില്‍ വന്‍ വിജയമായി മുന്നേറുകയാണ് ‘ലോകഃ – ചാപ്റ്റര്‍ 1 ചന്ദ്ര. ഈ സിനിമയുടെ രണ്ടാം ഭാഗം ഉടന്‍ പ്രഖ്യാപിക്കും. ചാപ്റ്റര്‍ 1 ബോക്സ്ഓഫീസില്‍ നാഴികകല്ലുകള്‍ പിന്നിടുമ്പോള്‍ തന്നെയായിരിക്കും ചാപ്റ്റര്‍ 2 പ്രഖ്യാപനമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ചാപ്റ്റര്‍ 2 നായുള്ള കഥ തയ്യാറാണ്. തിരക്കഥയിലേക്കാണ് ഇനി കടക്കേണ്ടത്. അടുത്ത ചാപ്റ്ററുകള്‍ എങ്ങനെയായിരിക്കണമെന്നതിനെ കുറിച്ച് കൃത്യമായ പദ്ധതികള്‍ സംവിധായകനായ ഡൊമിനിക്ക് അരുണിന് ഉണ്ട്.
രണ്ടാം ചാപ്റ്ററില്‍ ടൊവിനോ തോമസ് ആയിരിക്കും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക എന്നാണ് വിവരം. നിര്‍മാതാവ് കൂടിയായ ദുല്‍ഖര്‍ സല്‍മാനും രണ്ടാം ചാപ്റ്ററില്‍ ഭാഗമായേക്കും. സൗബിന് ഷാഹിര്‍ ആയിരിക്കും മറ്റൊരു പ്രധാന വേഷത്തില്‍. നാല് ചാപ്റ്ററുകളാണ് ‘ലോകഃ’ യൂണിവേഴ്സില് ഉള്ളത്. മൂന്ന് ചാപ്റ്ററുകള്‍ കൂടി ഇനി വരാനിരിക്കുന്നു.
അതേസമയം ലോകഃ ബോക്സ്ഓഫീസിലും കുതിപ്പ് തുടരുകയാണ്. റിലീസിനു ശേഷമുള്ള ആദ്യ തിങ്കളാഴ്ച 6.65 കോടിയാണ് ലോകഃയുടെ ഇന്ത്യ നെറ്റ് കളക്ഷന്‍. ഞായറാഴ്ച 10.1 കോടിയാണ് ലോകഃയുടെ കളക്ഷന്‍.
തിങ്കളാഴ്ച പ്രവൃത്തിദിനം ആയതിനാലാണ് കളക്ഷനില്‍ ചെറിയൊരു ഇടിവ് രേഖപ്പെടുത്തിയത്. ആകെ ഇന്ത്യ നെറ്റ് കളക്ഷന്‍ 31.05 കോടിയായി. വേള്‍ഡ് വൈഡ് കളക്ഷന്‍ 100 കോടിയിലേക്ക് അടുക്കുകയാണ്.
മലയാള സിനിമ ഇന്ന് വരെ കണ്ടിട്ടില്ലാത്ത തിയേറ്റർ എക്പീരിയൻസ് ഒരുക്കിയിരിക്കുകയാണ് ഡൊമനിക് അരുൺ സംവിധാനം ചെയ്തിരിക്കുന്ന ലോക ചാപ്റ്റര്‍ 1: ചന്ദ്ര. കല്യാണി പ്രിയദർശൻ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. നസ്ലെനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ബോക്സ് ഓഫീസ് ഇളക്കി മറിക്കുകയാണ്. പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളിലെല്ലാം ഹൗസ്ഫുള്ളായി ഓടുകയാണ് ലോക.
എന്നാൽ സിനിമയ്ക്കെതിരെ സൈബര്‍ ആക്രമണവുമായി ഹിന്ദുത്വവാദികള്‍ എത്തിയിരുന്നു. ഹിന്ദുഫോബിയ ഇല്ലാതെ മലയാളത്തില്‍ സിനിമകളുണ്ടാക്കാൻ കഴിയില്ലെന്നും ‘ലോക’യില്‍ ഹിന്ദു വിരുദ്ധത ആണെന്നും പോസ്റ്റുകളില്‍ പറയുന്നു. ചിത്രത്തിന്റെ സംവിധായകന് ക്രിസ്ത്യാനിയും നിര്‍മാതാവ് മുസ്ലിം ആണെന്നും പോസ്റ്റുകളിലുണ്ട്.
Revenge Mode എന്ന എക്സ് അക്കൗണ്ടില്‍ നിന്നാണ് പോസ്റ്റ് പങ്കുവച്ചിട്ടുള്ളത്. ഹിന്ദുഫോബിയ ഇല്ലാതെ മലയാളത്തിന് സിനിമ ചെയ്യാൻ കഴിയില്ല എന്നാണ് പോസ്റ്റിന്റെ തലക്കെട്ട്. എന്തുകൊണ്ട് ‘ലോക’ ഹിന്ദുവിരുദ്ധമാകുന്നു എന്നും പോസ്റ്റില്‍ പറയുന്നു. ‘ഹിന്ദു രാജാവ് ഹിന്ദു ക്ഷേത്രം കത്തിക്കുന്നു, ക്രിസ്ത്യന്‍ മിഷനറിമാരെ രക്ഷകരായി ചിത്രീകരിക്കുന്നു. വിനായക വിഗ്രഹം കാണുമ്പോള്‍ നടിയുടെ മുഖത്ത് വെറുപ്പുളവാക്കുന്ന ഭാവമാണ് സിനിമയില്‍ കാണിക്കുന്നത് എന്നാണ് പോസ്റ്റിലുള്ളത്. .
ക്രിയേറ്റീവ് ഫ്രീഡം ഉണ്ടെന്ന് കരുതി ഹിന്ദു മതത്തിനെതിരെ എന്ത് വൃത്തികേടും കാണിക്കാമെന്നാണ് അവര്‍ കരുതിയിരിക്കുന്നത്. ഹിന്ദുക്കളെല്ലാം ഇത് നിസാരമായി എടുക്കുന്നതു കൊണ്ടാണ് അവരിത് ചെയ്യുന്നത്. ഇസ്ലാമിനെതിരെയായിരുന്നുവെങ്കില് അവര്‍ വെറുതെയിരിക്കില്ലായിരുന്നു’, എന്നാണ് മറ്റൊരു പോസ്റ്റ്.
ഇതിനെതിരെ മലയാളികള്‍ തന്നെ എക്സില്‍ പ്രതിരോധം തീര്‍ക്കുന്നുണ്ട്. നിങ്ങളുടെ ഹിന്ദുഫോബിയ കോമാളിത്തരങ്ങള്‍ കേരളത്തിൽ നടപ്പാകില്ല. നിങ്ങളുടെ സ്വന്തം സന്തോഷത്തിന് കേരള സ്റ്റോറി പോലുള്ള സിനിമകൾ പോയി കാണുന്നതാണ് നല്ലത് എന്നാണ് മലയാളികളുടെ പോസ്റ്റ്.
‘ലോക’ സിനിമ കന്നഡികരുടെ വികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തില്‍ നിർമ്മാതാക്കൾ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. സിനിമയിലെ ഒരു സംഭാഷണം ഉയര്‍ത്തി കാണിച്ചാണ് വിവാദമെന്നും മനഃപൂര്‍വ്വം ആരേയും മോശക്കാരാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും വേഫെറര്‍ ഫിലിംസ് വിശദീകരിച്ചു.
സംഭാഷണം ഉടന്‍ നീക്കം ചെയ്യുമെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു. എല്ലാത്തിനുമുപരി മനുഷ്യര്‍ക്കാണ് തങ്ങള്‍ പരിഗണന നല്‍കുന്നത്. വീഴ്ചയില്‍ ഖേദം അറിയിക്കുന്നു. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. പ്രസ്തുത ഡയലോഗ് ഉടന്‍ നീക്കം ചെയ്യുകയോ എഡിറ്റ് ചെയ്യുകയോ ചെയ്യുമെന്ന് അറിയിക്കുന്നുവെന്നും വേഫെറര്‍ പ്രസ്താവനയില്‍ വിശദീകരിച്ചു.
ബെംഗളൂരുവിനേയും ബെംഗളൂരു യുവതികളേയും മോശക്കാരായി ചിത്രീകരിച്ചുവെന്നാണ് ലോകക്കെതിരെ ഉയര്‍ന്ന ആക്ഷേപം. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, ആവേശം, ലോക എന്നീ ചിത്രങ്ങള്‍ ബെംഗളൂരുവിനെ ലഹരി ഹബ്ബായി ചിത്രീകരിച്ചുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം.
എന്തായാലും എല്ലാ പ്രതികളെയും ആക്ഷേപങ്ങളെയും അതിജീവിച്ച് കൊണ്ട്, ലോക ഓണം റിലീസുകളിൽ ഒന്നാമനായി മുന്നേറുകയാണ്. സൂപ്പർ സ്റ്റാർ സിനിമകളെ ഞെട്ടിച്ച് കൊണ്ട്, കല്യാണി പ്രിയദർശൻ നായികയായ ലോക 100 കോടി ക്ലബ്ബിലേക്ക് കടക്കുകയാണ്.