സിനിമ റിവ്യൂവിൽ അമിക്കസ് ക്യൂറി റിപ്പോർട്ട്; അശ്വന്ത് കോക്കിനും ടീമിനും പിടി വീഴുമോ??
റിവ്യൂ ബോംബിങ് എന്ന് പേരിട്ട് വിളിക്കുന്ന സിനിമ വിശകലനം അഥവാ നിരൂപണം തടയാൻ കർശന മാർഗ നിർദേശങ്ങളുമായി ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോർട്ട്. ഒരു സിനിമ റിലീസ് ചെയ്ത് 48 മണിക്കൂറില്‍ റിവ്യൂ എന്ന പേരില്‍ സിനിമയെക്കുറിച്ചുള്ള നിരൂപണങ്ങൾ വ്ളോഗര്‍മാര്‍ ഒഴിവാക്കണമെന്ന് റിപ്പോർട്ടില്‍ പറയുന്നു. പ്രതിഫലത്തിന് വേണ്ടി സമൂഹമാധ്യമത്തില്‍ റിവ്യൂ നടത്തുന്നവരാണ് പല ആളുകളെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. പണം നല്കാൻ തയ്യാറാകാത്തവർക്കെതിരെ അവർ നെഗറ്റീവ് റിവ്യൂ ഇടുന്നു എന്ന പരാതിയും വ്യാപകമാണ്. എന്നാല്‍ ഇതില്‍ കേസെടുക്കാൻ നിലവില്‍ പരിമിതിയുണ്ട്, ഭീഷണിപ്പെടുത്തി പണം വാങ്ങല്‍, ബ്ലാക്ക് മെയിലിങ് തുടങ്ങിയവയുടെ പരിധിയില്‍ ഈ റിവ്യൂ പ്രശ്നം വരാത്തതാണ് കാരണമെന്നും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്. ഇതിനായി പരാതി നല്കാൻ സൈബർ സെല്ലില്‍ പ്രത്യേക പോർട്ടല്‍ വേണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നുണ്ട്.
നടൻമാർ, സിനിമയ്ക്ക് പിന്നിലുള്ളവർ തുടങ്ങിയവർക്കെതിരെയുള്ള വ്യക്തിപരമായ ആക്രമണം, അപമാനിക്കുന്ന ഭാഷ, അപകീർത്തികരമായ പരാമർശങ്ങള്‍ എന്നിവ തടയണം. സിനിമയെ വലിച്ചുകീറുന്നതിന് പകരം ക്രിയാത്മക വിമർശനം നടത്തണം. നിയമ-ധാർമിക നിലവാരം കാത്തുസൂക്ഷിക്കണമെന്നും, നിരൂപങ്ങൾ പ്രൊഫഷണൽ രീതിയിൽ ആയിരിക്കണമെന്നും റിപ്പോർട്ടിൽ സൂചനയുണ്ട്.
ഈ റിപ്പോർട്ടില്‍ കേന്ദ്രസർക്കാർ ഉള്‍പ്പെടെ നിലപാട് അറിയിക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശം നല്‍കിയിട്ടുണ്ട്. അതേസമയം, നെഗറ്റീവ് കമന്റുകളുണ്ടായിട്ടും ഈയിടെ ചില പുതിയ സിനിമകള്‍ വിജയിച്ചതായി അറിഞ്ഞെന്ന് കോടതി പറയുകയും ചെയ്തു.
വ്യക്തിഹത്യ ചെയ്യുന്നതും, മനഃപൂർവ്വം ഒരു സിനിമയെ ഡീഗ്രേഡ് ചെയ്യുന്നതും ഒഴിവാക്കപ്പെടേണ്ട കാര്യം തന്നെയാണ്. പക്ഷെ ഒരാൾ പണം മുടക്കി കാണുന്ന ഒരു സിനിമയെ കുറിച്ച് അഭിപ്രായം പറയാൻ പാടില്ല എന്ന രീതിയിലേക്ക് കാര്യങ്ങൾ മാറരുത്. ഒന്നോ രണ്ടോ പേരുടെ അഭിപ്രായം കൊണ്ട് എങ്ങനെയാണ് നല്ല സിനിമകൾ പരാജയപ്പെടുന്നത്? കുറേപേർ ഒരു തല്ലിപ്പൊളി സിനിമയെ പൊക്കിയടിച്ചാൽ, നല്ലത് പറഞ്ഞാൽ ആ സിനിമ വിജയിക്കുമോ? സിനിമ നിരൂപണം വിവാദമായി മാറിയത് അശ്വന്ത് കോക്ക് എന്ന ആളുടെ റിവ്യൂകൾ കൂടുതൽ ശ്രദ്ധ നേടി തുടങ്ങിയതോടെയാണ്. പ്രത്യേകിച്ച് വേർതിരിവൊന്നുമില്ലാതെ സകല സിനിമയുടെയും റിവ്യൂ അയാൾ പറയുന്നുണ്ട്. മോശം പദങ്ങളെ വലിച്ച് കീറുന്നുമുണ്ട്.
no plans to change no plans to impress .. മലൈക്കോട്ട വലിബൻ പൊട്ടി പൊളിഞ്ഞപ്പോൾ ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞ വാചകമാണ്. ഈ ഒരു വാചകം ശരിക്കും ചേരുന്നത് അശ്വന്ത് കൊക്കിനാണ്. കേസ് കൊടുത്തിട്ടും തെറി പറഞ്ഞിട്ടും സ്വന്തം ശൈലിയിൽ ഒരു മാറ്റവും വരുത്താതെ തങ്കമണിയെ കോക്ക് നിർത്തി പൊരിച്ചിരുന്നു. പ്രത്യേകിച്ച് ഒരു പൊളിറ്റിക്കൽ സപ്പോർട്ടോ ഫിനാൻഷ്യൽ സപ്പോർട്ടോ വലിയൊരു ആരാധകക്കൂട്ടമോ ഇല്ലാതെയാണ് അയാൾ കാര്യങ്ങൾ തുറന്ന് പറയുന്നത്. നിങ്ങൾക്ക് അതിനോട് യോജിക്കാം, വിയോജിക്കാം. അയാൾ മോശമാണെന്ന് പറയുന്ന സിനിമ നിങ്ങൾക്ക് പോയി കാണാൻ ഒരു തടസ്സവുമില്ല. കുറെ തല്ലിപ്പൊളി പടം എടുത്ത് വച്ചിട്ട്, മലയാളത്തിലെ സ്ഥിരം ഓൺലൈൻ സിനിമ ചാനലുകളെ കൊണ്ട് പെയ്ഡ് റിവ്യൂ നടത്തി ഇനിഷ്യൽ കളക്ഷൻ ഉണ്ടാക്കിയ കാലം കടന്നു പോയി. എന്ത് വൃത്തികെട്ട സിനിമ വേണമെങ്കിലും പടച്ചു വിടാം, വേറെ ഓപ്ഷൻ ഇല്ലാത്തത് കൊണ്ടു ആളുകൾ കാണുമെന്നും ഈ പൈഡ് റിവ്യൂ വഴി മാക്സിമം തീയേറ്ററിൽ ആളെ കയറ്റമെന്നുമുള്ള സിനിമക്കാരുടെ ഓവർ കോൺഫിഡൻസ് ഒരു പരിധി വരെ തകർത്തത് അശ്വന്ത് കോക്ക് ആണെന്ന് സമ്മതിക്കേണ്ടി വരും.
സിനിമാക്കാരുടെ എല്ലാ പരിപാടിയിലും പണം കൊടുത്ത് പങ്കെടുക്കുകയും വീഡിയോ എടുക്കുകയും ചെയ്യുന്ന ചിലരുടെ പൊള്ളയായ റിവ്യൂകൾ ആണ് കോക്കിനെ പോലെയുള്ളവർ പൊളിച്ചടുക്കിയത്. നിനഗൽ 150 രൂപ മുടക്കി ഒരു സിനിമ കാണുന്നുണ്ടെങ്കിൽ അതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം നിങ്ങൾക്ക് പറയാം. അതിനി 48 മണിക്കൂർ കഴിഞ്ഞിട്ട് ആണെങ്കിൽ അങ്ങിനെ. സിനിമയുള്ള കാലത്തോളം റിവ്യൂസും ഉണ്ടാകും. അതുകൊണ്ട് ക്വളിറ്റിയുള്ള സിനിമകൾ എടുക്കാൻ ശ്രമിക്കുക. മുഖം നല്ലതല്ലെങ്കിൽ കണ്ണാടിയെ തെറി വിളിക്കുന്നത് ശരിയല്ല.