ട്രാപ് ഷൂട്ടിങ്ങിൽ കേരളത്തിലെ ആദ്യത്തെ റിനൗൺഡ് ഷൂട്ടറായി ബിബിൻ പെരുമ്പിള്ളി
പ്രശസ്ത മലയാള സിനിമാ താരമായ ബിബിൻ പെരുമ്പിള്ളി ട്രാപ് ഷൂട്ടിങ്ങിൽ കേരളത്തിലെ ആദ്യത്തെ റിനൗൺഡ് ഷൂട്ടറായി തിരഞ്ഞെടുക്കപ്പെട്ടു. ജനുവരി 4, 5 തീയതികളിൽ ഡൽഹിയിൽ വെച്ച് നടന്ന 67 മത് ദേശീയ ഷൂട്ടിംഗ് ചാംപ്യൻഷിപ്പിലാണ് 12 ഗേജ് ഷോട്ട് ഗൺ വിഭാഗത്തിൽ മത്സരിച്ചു ബിബിൻ ഈ നേട്ടം സ്വന്തമാക്കിയത്. കേരളത്തിൽ നിന്ന് ട്രാപ് ഷൂട്ടിങ്ങിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ വ്യക്തി കൂടിയാണ് ബിബിൻ പെരുമ്പിള്ളി. എറണാകുളം ജില്ലയിലെ മുവാറ്റുപുഴക്കടുത്തുള്ള വാഴക്കുളം സ്വദേശിയാണ് ബിബിൻ.
സെക്കന്റ് ഷോ, കൂതറ, ഉസ്താദ് ഹോട്ടൽ, തീവണ്ടി,കുറുപ്പ് , വിചിത്രം, വരനെ ആവശ്യമുണ്ട്, അടി, കിംഗ് ഓഫ് കൊത്ത, റൈഫിൾ ക്ലബ് തുടങ്ങിയ മലയാള ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച ബിബിൻ പെരുമ്പിള്ളി. 2023 ൽ നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ നടത്തിയ ട്രാപ്പ് ഷൂട്ടിംഗ്, നാഷണൽ ഗെയിംസ്-ന് യോഗ്യത നേടുന്ന ആദ്യ കേരളീയനായും മാറിയ ചരിത്രം ഈ പ്രതിഭക്കുണ്ട്. ട്രാപ്പ് ഷൂട്ടിംഗ് പോലുള്ള കഠിനമായ കായിക വിനോദം ചുരുങ്ങിയ സമയം കൊണ്ട് പഠിക്കുക എന്ന വെല്ലുവിളി അതിജീവിച്ചാണ് ബിബിൻ ഈ നേട്ടങ്ങൾ സ്വന്തമാക്കിയത്.
ട്രാപ്പ് ഷൂട്ടിംഗ് സാധാരണയായി 12 ഗേജ് ഷോട്ട്ഗൺ ഉപയോഗിച്ചാണ് ചെയ്യുന്നത്. എന്നാൽ ചെറിയ ഗേജ് തോക്കുകളും ഇതിൽ ഉപയോഗിക്കാം. 125 ശ്രമങ്ങളിൽ 96 തവണ ലക്ഷ്യം കണ്ടാണ് 67 മത് ദേശീയ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ബിബിൻ കേരളത്തിലെ ആദ്യത്തെ റിനൗൺഡ് ഷൂട്ടറായി തിരഞ്ഞെടുക്കപ്പെട്ടത്.