ബ്ലോക്ക്ബസ്റ്റർ ഭാസ്കർ; 9 ദിനത്തിൽ 77 കോടി 20 ലക്ഷം ആഗോള കളക്ഷൻ നേടി ദുൽഖർ ചിത്രം

ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 9 ദിവസത്തെ ആഗോള കലക്ഷൻ 77 കോടി 20 ലക്ഷം. കേരളത്തിലും ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ചിത്രം ഇതിനോടകം 13 കോടിയോളം നേടിയെന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കേരളത്തിൽ ആദ്യ ദിനം 175 സ്ക്രീനുകളിൽ റിലീസ് ചെയ്ത ചിത്രം രണ്ടാം വാരത്തിലും 200 ലധികം സ്ക്രീനുകളിലാണ് നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കുന്നത്.
കേരളത്തിലും ഗൾഫിലും ചിത്രം വിതരണം ചെയ്തിരിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്. കുടുംബ പ്രേക്ഷകരും കുട്ടികളും യുവാക്കളുമുൾപ്പെടെ എല്ലാത്തരം പ്രേക്ഷകരും ഒരുപോലെ സ്വീകരിക്കുന്ന ചിത്രം 1992 ൽ ബോംബ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നടന്ന കുപ്രസിദ്ധമായ തട്ടിപ്പിൻ്റെ പശ്ചാത്തലത്തിൽ ഭാസ്കർ എന്ന ഒരു സാധാരണ ബാങ്ക് ക്ലർക്കിന്റെ കഥയാണ് അവതരിപ്പിക്കുന്നത്. വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ചിത്രം,
തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്തത്.
ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് ലക്കി ഭാസ്കർ കുതിക്കുന്നത്. തെലുങ്കിൽ ഇതോടെ ഹാട്രിക് ബ്ളോക്ക്ബസ്റ്റർ നേടാനും ദുൽഖർ സൽമാന് സാധിച്ചു. സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് ലക്കി ഭാസ്കർ നിർമ്മിച്ചിരിക്കുന്നത്. ചിത്രം അവതരിപ്പിച്ചത് ശ്രീകര സ്റ്റുഡിയോസ്.