ദീർഘനാളത്തെ ഇടവേള: ആരാധകരെ നിരാശയിലാഴ്ത്തി ബിടിഎസിൻ്റെ പ്രഖ്യാപനം
ജനപ്രിയ കെ-പോപ് ബാന്‍ഡായ ബിടിഎസ് താൽകാലികമായി ഇടവേളയെടുക്കുകയാണെന്ന് അംഗങ്ങൾ. വ്യക്തിഗത പ്രോജക്റ്റുകളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാണ് ഈ പിന്മാറ്റമെന്ന് അംഗങ്ങൾ. ലോകമെങ്ങുമുള്ള ബിടിഎസ് ആരാധകരെ നിരാശയിലാഴ്ത്തുന്ന പ്രഖ്യാപനമാണിത്. ബി ടി എസ് ആര്‍മിയെ നിരാശപ്പെടുത്തിയതില്‍ ദുഖമുണ്ടെന്ന് അംഗങ്ങള്‍ പറഞ്ഞു.
ബി.ടി.എസിന്റെ സ്ഥാപക വാർഷിക ആഘോഷത്തിന്റെ ഭാഗമായി ചൊവ്വാഴ്ച്ച നടന്ന ഫെസ്റ്റ ഡിന്നറിനിടെയായിരുന്നു പ്രഖ്യാപനം. ബി.ടി.എസ് അംഗങ്ങൾ അവരുടെ വ്യക്തിഗത പ്രോജക്റ്റുകളെക്കുറിച്ച് പ്രഖ്യാപനവേളയിൽ വിശദമാക്കുകയും പദ്ധതി പ്രകാരം ബാന്‍ഡിന് ഇടവേള ആവശ്യമാണെന്ന് ആരാധകരോട് വിശദീകരിക്കുകയും ചെയ്തു. അതേസമയം, ഒമ്പത് വർഷമായി ഒരുമിച്ച് പ്രവർത്തിക്കുന്ന ബാൻഡ് പിരിച്ചുവിടുന്നില്ലെന്നും എപ്പോഴെങ്കിലും മടങ്ങിവരുമെന്നും ബിടിഎസ് അംഗങ്ങൾ വ്യക്തമാക്കി.
കൊറിയന്‍ പോപ് (കെ-പോപ്) ബാൻഡായ ബി.ടി.എസ് ലോകം മുഴുവന്‍ ആരാധകരുള്ള ഏഴ് പേരുടെ സംഘമാണ്. വി, സുഗ, ജങ് കൂക്ക്, റാപ്പ് മോൺസ്റ്റർ, ജെ-ഹോപ്, ജിൻ, ജിമിൻ എന്നിവരാണ് ബാൻഡിലെ അംഗങ്ങൾ. 2013ൽ പുറത്തിറങ്ങിയ ‘നോ മോർ ഡ്രീം’ എന്ന ആദ്യ ആൽബത്തോടെയാണ് ഇവർ സംഗീതലോകത്ത് തങ്ങളുടെ വരവറിയിച്ചത്.
2020 ഓഗസ്റ്റില്‍ ബാൻഡ് റിലീസ് ചെയ്ത സിംഗിള്‍ ‘ഡൈനമൈറ്റ്’ പൂര്‍ണമായും ഇംഗ്ലീഷില്‍ ആയിരുന്നു. യു.എസ് സംഗീത ചാര്‍ട്ട് ബില്‍ബോർഡ് ഹോട്ട് 100ല്‍ ഡൈനമൈറ്റ് ഒന്നാമത് എത്തി. 2021 മെയ് മാസം റിലീസ് ചെയ്ത ‘ബട്ടര്‍’ എന്ന പാട്ടിലൂടെ ഇതേ നേട്ടം ബി.ടി.എസ് വീണ്ടും ആവര്‍ത്തിച്ചു. 2019-ൽ ലോകത്തിലെ ഏറ്റവും സ്വാധീനം ഉള്ള വ്യക്തികളുടെ ലിസ്റ്റിലും ബിടിഎസ് ഇടം നേടിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ മ്യൂസിക് ബാൻഡാണ് ബി.ടി.എസ് (BTS) എന്ന് കഴിഞ്ഞവര്‍ഷം ഒരു കവര്സ്റ്റോറിയില് വിഖ്യാത യു.എസ് സംഗീത മാസികയായ റോളിങ് സ്റ്റോൺ വിശേഷിപ്പിച്ചിരുന്നു.
Content Highlight: BTS announce hiatus