കടംവാങ്ങിയ പണം തിരികെ നൽകിയില്ലെന്ന പരാതിയിൽ രാം ഗോപാൽ വർമക്കെതിരെ കേസ്
കടം വാങ്ങിയ പൈസ തിരികെ കൊടുക്കാതെ പറ്റിച്ചുവെന്ന നിർമാതാവിന്റെ ആരോപണത്തിൽ സംവിധായകൻ രാംഗോപാൽ വർമക്കെതിരെ കേസെടുത്തു. മിയാപൂർ പൊലീസാണ് വർമക്കെതിരെ കേസെടുത്തത്. ശേഖര ആർട്ട് ക്രിയേഷൻസിന്റെ ബാനറിലുള്ള കൊപ്പാട ശേഖർ രാജുവെന്ന നിർമാതാവാണ് രാം ഗോപാൽ വർമക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.
ദിഷ എന്ന ചിത്രം നിർമിക്കാനായി അൻപത്തിയാറ് ലക്ഷം രൂപയാണ് രാം ഗോപാൽ വർമ ശേഖർ രാജുവിൽ നിന്ന് കൈപറ്റിയത്. രണ്ട് പേരുടേയും അടുത്ത സുഹൃത്തായ രമണറെഡ്ഢി വഴിയായിരുന്നു ശേഖറിനെ സമീപിച്ചത്. സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് പണം തിരികെ നൽകാമെന്നായിരുന്നു കരാർ. ആദ്യഘഡുവായി എട്ട് ലക്ഷം രൂപയും രണ്ടാം തവണ ഇരുപത് ലക്ഷവും പിന്നീട് ഇരുപത്തിയെട്ട് ലക്ഷവും ആണ് നൽകിയത്. എന്നാൽ ദിഷ എന്ന ചിത്രത്തിന്റെ നിർമാതാവ് രാം ഗോപാൽ വർമയല്ല എന്ന് തിരിച്ചറിഞ്ഞതോടെ പണം തിരികെ ആവശ്യപ്പെട്ടു. പക്ഷേ പല തവണ പണം തരാമെന്ന് പറഞ്ഞ് വാക്ക് പാലിക്കാതെ തന്നെ പറ്റിക്കുകയായിരുന്നു അദ്ദേഹമെന്ന് കാണിച്ചാണ് ശേഖർ പരാതി നൽകിയത്.
2019 ൽ ഹൈദരാബാദിൽ ഡോക്ടറെ നാലംഗ സംഘം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെ ആസ്പദമാക്കിയായിരുന്നു ദിഷ എന്ന ചിത്രം പ്ലാൻ ചെയ്തിരുന്നത്.
Content highlights Case against producer Ram Gopal Varma