‘കോബ്ര’ തിയറ്ററുകളില്‍ നിന്ന് സമ്മിശ്ര പ്രതികരണം
വിക്രം നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ ‘കോബ്ര’. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത ചിത്രത്തിന് വലിയ വരവേല്പായിരുന്നു ആരാധകര്‍ നല്‍കിയത്. പക്ഷേ തിയറ്ററുകളില്‍ നിന്ന് സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.
സിനി ട്രാക്കിന്റെ കണക്ക് അനുസരിച്ച് ഇന്ത്യയില്‍ നിന്ന് രണ്ടു ദിവസങ്ങളിലായി 26.5 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. തമിഴ്നാട്ടില്‍ ആദ്യ ദിവസം 11.5 കോടി നേടിയെങ്കില്‍ രണ്ടാം ദിവസം 3.5 കോടി രൂപയേ നേടാനായുള്ളൂ. ആന്ധ്രാപ്രദേശ് റീജയനില്‍ നിന്ന് ആദ്യ ദിവസം 4.25 കോടിയും രണ്ടാം ദിവസം 1.75 കോടിയും ആണ് നേടിയത്. കേരളത്തില്‍ നിന്ന് ആദ്യ ദിവസം 1.65 കോടിയും രണ്ടാം ദിവസം 55 ലക്ഷവും ആണ് നേടിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ആകെ ആദ്യ ദിവസം 20 കോടി നേടിയ ചിത്രത്തിന് രണ്ടാം ദിവസം 6.5 കോടി മാത്രമേ നേടാനായുള്ളൂവെന്നാണ് സിനി ട്രാക്ക് ട്വീറ്റ് ചെയ്തിരിക്കുന്നത്.
യു/എ സര്‍ട്ടിഫിക്കറ്റ് നേടിയ ചിത്രത്തിന് മൂന്ന് മണിക്കൂറും മൂന്ന് മിനിറ്റും മൂന്ന് സെക്കൻഡുമായിരുന്നു റിലീസ് ചെയ്തപ്പോഴുള്ള ദൈര്‍ഘ്യം. ഇത് വളരെ കൂടുതലാണ് എന്ന് തുടക്കത്തിലേ അഭിപ്രായം ഉയര്‍ന്നിരുന്നു. സിനിമാ ആസ്വാദനത്തെ അത് ബാധിക്കുമെന്ന് പ്രതികരണങ്ങള്‍ വന്നു. തുടര്‍ന്ന് ‘കോബ്ര’യുടെ ദൈര്‍ഘ്യം 20 മിനുട്ട് വെട്ടിക്കുറച്ചതായി നിര്‍മാതാക്കളായ സെവെൻ സ്ക്രീൻ സ്റ്റുഡിയോ അറിയിച്ചിരുന്നു. കെജിഎഫി’ലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തില്‍ മലയാളി താരം റോഷൻ മാത്യു, കെ എസ് രവികുമാര്‍, ആനന്ദ്രാജ്, റോബോ ശങ്കര്‍, മിയ ജോര്‍ജ്, മൃണാളിനി രവി, മീനാക്ഷി ഗോവിന്ദ്രാജന് തുടങ്ങിയവരും അഭിനയിക്കുന്നു.