മകൾ ജനിച്ചതിന് ശേഷം ആദ്യമായി പൊതുവേദിയിൽ ദീപിക പദുക്കോൺ; ത്രില്ലടിച്ച് ആരാധകർ
ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യയിലും ഒരുപാട് ആരാധകരുള്ള നടിമാരിലൊരാളാണ് ദീപിക പദുക്കോൺ. മകൾ ജനിച്ച ശേഷം ആദ്യമായി ഇപ്പോൾ ഒരു പൊതുപരിപാടിക്ക് എത്തിയിരിക്കുകയാണ് ദീപിക. ബംഗളൂരുവിൽ വച്ച് നടന്ന ഗായകന് ദില്‍ജിത്ത് ദോസാഞ്ജിന്റെ സംഗീത പരിപാടിക്കാണ് ദീപിക അതിഥിയായെത്തിയത്. ദീപികയുടെ വരവ് അക്ഷരാർഥത്തിൽ ആരാധകരെ ഞെട്ടിക്കുകയും ചെയ്തു.
നാളുകൾക്ക് ശേഷം വീണ്ടും ദീപികയെ കാണാനായതിന്റെ ആവേശത്തിലാണിപ്പോൾ ആരാധകർ. ‘ഒരുപാട് നല്ല വർക്കുകൾ ദീപിക ഇതിനോടകം ചെയ്തിട്ടുണ്ട്. ബിഗ് സ്ക്രീനിൽ മാത്രമേ ദീപികയെ കണ്ടിട്ടുള്ളൂ. ഇത്രയും അടുത്ത് കാണാൻ പറ്റുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. സ്വന്തം കഴിവിലൂടെ ബോളിവുഡിൽ ഒരിടം നേടിയ നടിയാണ് ദീപിക. ഞങ്ങളുടെ ഷോയിലേക്ക് വന്നതിന് വളരെയധികം നന്ദി’- എന്നാണ് ദീപികയെക്കുറിച്ച് ദിൽജിത്ത് വേദിയിൽ പറഞ്ഞത്.
സെപ്റ്റംബർ എട്ടിനായിരുന്നു ദീപികയും രൺവീറും തങ്ങളുടെ ആദ്യത്തെ കൺമണിയെ വരവേറ്റത്. ദുവ എന്നാണ് മകളുടെ പേര്. മകൾ ജനിച്ചതിന് ശേഷം നാളുകളായി ദീപിക പൊതുവേദിയിൽ ഒന്നും പ്രത്യക്ഷപ്പെടാറില്ലായിരുന്നു. ദില്‍ ലുമിനാട്ടി എന്ന ഇന്ത്യ ടൂറിന്റെ ഭാഗമായാണ് ദിൽജിത്ത് ബംഗളൂരുവിലെത്തിയത്.