തിരിച്ചുവരവിന് ഒരുങ്ങി ദുൽക്കർ സൽമാൻ; ലക്കി ഭാസ്കർ ഒക്ടോബർ 31 റീലീസ്

ഒരു വർഷത്തെ ഇടവേളക്ക് ശേഷം തെന്നിന്ത്യൻ സൂപ്പർതാരം ദുൽഖർ സൽമാൻ നായകനായ പുതിയ ചിത്രം തീയേറ്ററുകളിലെത്തുകയാണ്. ദുൽഖർ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ ലക്കി ഭാസ്കർ ഒക്ടോബർ 31 നാണ് ആഗോള റിലീസായി എത്തുന്നത്. നാളെ ഈ ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്യും. ദീപാവലി റിലീസായെത്തുന്ന ഈ ചിത്രത്തെ വലിയ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇതിലൂടെ വമ്പൻ തിരിച്ചു വരവിനൊരുങ്ങുകയാണ് ദുൽഖർ. ആഗോള തലത്തിൽ വമ്പൻ റിലീസായെത്തുന്ന ചിത്രം കേരളത്തിൽ ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് വിതരണം ചെയ്യുന്നത്.

ഇപ്പോൾ ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. കേരളത്തിലും ചിത്രത്തിന്റെ പ്രമോഷൻ ഇവന്റ് ഉണ്ടാകും.കേരളം കൂടാതെ ദുബായ്, ചെന്നൈ, ഹൈദരാബാദ് എന്നീ നഗരങ്ങളിലും ചിത്രത്തിന്റെ പ്രമോഷൻ ഇവന്റുകൾ സംഘടിപ്പിക്കുന്നുണ്ട്. പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ ടീസർ, വീഡിയോ സോങ് എന്നിവ സമൂഹ മാധ്യമങ്ങളിൽ സൂപ്പർഹിറ്റായി മാറിയിരുന്നു. യുവ പ്രേക്ഷകരേയും കുടുംബ പ്രേക്ഷകരേയും ഒരുപോലെ ലക്ഷ്യം വെക്കുന്ന ലക്കി ഭാസ്കർ ഒരു പീരീഡ് ഡ്രാമ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്.

വെങ്കി അറ്റ്ലൂരിയാണ്, 1980 – 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ലക്കി ഭാസ്കർ രചിച്ചു സംവിധാനം ചെയ്തത്. സിതാര എൻ്റർടെയ്ൻമെൻ്റ്സിൻ്റെയും ഫോർച്യൂൺ ഫോർ സിനിമാസിൻ്റെയും ബാനറിൽ നിർമ്മിക്കുന്ന ലക്കി ഭാസ്കർ തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്. മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ ഭാസ്കർ എന്ന സാധാരണക്കാരന്റെ ജീവിതത്തിൽ നടക്കുന്ന അസാധാരണമായ സംഭവങ്ങളാണ് അവതരിപ്പിക്കുന്നത്. ദേശീയ അവാർഡ് ജേതാവ് ജി വി പ്രകാശ് കുമാർ സംഗീതമൊരുക്കിയ ചിത്രത്തിന് കാമറ ചലിപ്പിച്ചത് നിമിഷ് രവി, എഡിറ്റിംഗ് നിർവഹിച്ചത് നവീൻ നൂലി. കലാസംവിധാനം- ബംഗ്ലാൻ.