ദുൽഖർ സൽമാൻ നാളെ കൊച്ചി ലുലു മാളിൽ; ഒപ്പം ഡി ജെ ശേഖറും ഡബ്സിയും

തന്റെ ഏറ്റവും പുതിയ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ ലക്കി ഭാസ്കറിന്റെ പ്രമോഷന്റെ ഭാഗമായി ദുൽഖർ സൽമാൻ നാളെ കൊച്ചി ലുലു മാളിൽ. ഒക്ടോബർ 24 നു വൈകിട്ട് 6 മണിക്കാണ് ദുൽഖർ ലുലു മാളിലെത്തുക. ദുൽഖറിനൊപ്പം ചിത്രത്തിന്റെ സംവിധായകനായ വെങ്കി അറ്റ്ലൂരിയും നായികയായ മീനാക്ഷി ചൗധരിയും ലുലു മാളിലെത്തും. ഡി ജെ ശേഖർ, ഡബ്സി, രശ്മി സതീഷ് എന്നിവരുടെ പെർഫോമൻസും അതേ വേദിയിൽ വെച്ച് നടക്കും. ഒക്ടോബർ 31 നാണ് ദീപാവലി റിലീസായി ലക്കി ഭാസ്കർ ആഗോള തലത്തിൽ പ്രദർശനത്തിനെത്തുന്നത്. കേരളത്തിലും ഗൾഫിലും ഈ ചിത്രം വമ്പൻ റിലീസായി വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്.
തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന്റെ പ്രമോഷൻ ഇവന്റുകൾ ദുബായ്, ചെന്നൈ, ഹൈദരാബാദ് എന്നീ നഗരങ്ങളിലും നടക്കും. 400 ദിവസങ്ങൾക്ക് ശേഷം തീയേറ്ററുകളിലെത്താൻ പോകുന്ന ദുൽഖർ നായകനായ ചിത്രമാണ് ലക്കി ഭാസ്കർ. അത്കൊണ്ട് തന്നെ വലിയ പ്രതീക്ഷകളോടേയും ആവേശത്തോടെയുമാണ് ആരാധകരും സിനിമാ പ്രേമികളും ഈ ചിത്രം കാത്തിരിക്കുന്നത്. ഒക്ടോബർ 21 ന് റിലീസ് ചെയ്ത ഇതിന്റെ ട്രൈലെർ സമൂഹമാധ്യങ്ങളിൽ ഇപ്പോൾ തരംഗമായി മാറിയിട്ടുണ്ട്. യൂട്യൂബിൽ നിന്ന് ഏകദേശം 38 ലക്ഷം കാഴ്ചക്കാരെയാണ് ചിത്രത്തിന്റെ ട്രൈലെർ ഇതിനോടകം നേടിയിരിക്കുന്നത്.
മിഡിൽ ക്ലാസുകാരനായ ഭാസ്കർ കുമാർ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലുണ്ടാവുന്ന ചില അസാധാരണമായ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ചിത്രം, പീരീഡ് ഡ്രാമ ത്രില്ലറാണെന്ന സൂചനയാണ് ട്രൈലെർ നൽകുന്നത്. ദുൽഖർ സൽമാൻ എന്ന നടനും താരത്തിനും ഒരേപോലെ തിളങ്ങാൻ അവസരം നൽകുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രൈലെർ കാണിച്ചു തരുന്നു. സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്ന് നിർമ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് ശ്രീകര സ്റ്റുഡിയോസ്.