ഹോളിവുഡ് താരം ജയിംസ് കാന്‍ അന്തരിച്ചു
പ്രശസ്ത ഹോളിവുഡ് നടന് ജെയിംസ് കാന്‍(82) അന്തരിച്ചു. ബുധനാഴ്ച വൈകീട്ടായിരുന്നു അന്ത്യം. ലോക ക്രൈം സിനിമകളുടെ പിതാവ് എന്നറിയപ്പെടുന്ന ‘ദി ഗോഡ്ഫാദര്’ സിനിമയിലെ ഗ്യാങ്സ്റ്റര്‍ ‘സോണി കോര്‍ലിയോണ്‍’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടി. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള അക്കാദമി അവാര്‍ഡിനും സഹനടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡിനും നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. റോളര്‍ ബോള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സാറ്റേണ്‍ പുരസ്കാരം നേടി. ദി ഗോഡ്ഫാദറിന്റെ രണ്ടാം ഭാഗത്തില്‍ അതിഥി വേഷവും ചെയ്തിരുന്നു.
ന്യൂയോര്‍ക്കിലെ ബ്രോണ്‍ക്സില്‍ 1940ലാണ് ജയിംസ് കാനിന്റെ ജനനം. ആര്‍തര്‍ കാന്‍, സോഫി എന്നിവരായിരുന്നു മാതാപിതാക്കള്‍. രണ്ട് സഹോദരങ്ങളുണ്ട്. പിതാവിന് കശാപ്പ് ജോലി ആയിരുന്നു. ഫുട്ബോള്‍ കളിക്കാരനാകണമെന്നായിരുന്നു കാന്‍ ആഗ്രഹിച്ചത്. മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി. പഠനം പൂര്‍ത്തിയാക്കിയതോടെ താല്പര്യം അഭിനയത്തിലായി. ഫ്രാന്‍സിസ് ഫോര്‍ഡ് കൊപ്പോളയുമായി പരിചയത്തിലായതാണ് അഭിനയത്തിലേക്ക് തിരിയാന്‍ കാരണം. തുടര്‍ന്ന് പ്ലേഹൗസ് സ്കൂള്‍ ഓഫ് തീയേറ്ററില്‍ ചേര്‍ന്ന് അഭിനയം പഠിച്ചു. വില്ല്യം ഗോള്‍ഡ്മാനും സഹോദരങ്ങളും ചേര്‍ന്ന് നിര്‍മിച്ച നാടകത്തില്‍ അഭിനയിച്ചാണ് കലാജീവിതം ആരംഭിക്കുന്നത്. ഗോള്‍ഡ്മാന്റെ ഒട്ടേറെ നാടകങ്ങളില്‍ വേഷമിട്ടു.
1960കളിലാണ് കാന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. എല്‍ ഡൊറാഡോ, കൗണ്ട് ഡൗണ്‍, ദി റെയിന്‍ പീപ്പിള്‍, ബ്രയാന്‍സ് സോംഗ്, സിന്‍ഡ്രെല്ല ലിബര്‍ട്ടി, ദി ഗാംബ്ലര്‍, റോളര്‍ബോള്‍, എ ബ്രിഡ്ജ് ടൂ ഫാര്‍, കംസ് എ ഹോഴ്സ്മാന്‍ തുടങ്ങിയ ചിത്രങ്ങളില്‍ കാന്‍ സുപ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. തീഫ്, ഗാര്‍ഡന്‍സ് ഓഫ് സ്റ്റോണ്‍, മിസറി, ഡിക്ക് ട്രേസി, ബോട്ടില്‍ റോക്കറ്റ്, ഡോഗ്വില്ലെ, ദി യാര്‍ഡ്സ്, എല്‍ഫ് എന്നീ സിനിമകളുടെ ഭാഗമായി.
നാലു തവണ വിവാഹിതനായിട്ടുള്ള കാന്‍ നാലു പേരില്‍ നിന്നും വിവാഹമോചനം നേടി. ഒരു മകളും മൂന്ന് ആണ്മക്കളും ഉണ്ട്.
Content Highlights – Hollywood actor james caan passes away