എമ്പുരാൻ ക്ളൈമാക്സിൽ മമ്മൂക്കയുടെ ശബ്ദം ഉണ്ടെങ്കിൽ ഉറപ്പിക്കാം; വരാൻ പോകുന്ന L-3 തീ പാറിക്കുന്ന ഐറ്റമാണെന്ന്

മാർച്ച് 27 ന് തിയേറ്ററുകളിൽ എത്തുന്ന എമ്പുരാനിൽ എന്തായാലും മമ്മൂട്ടി ഉണ്ടാകില്ല. എന്നാൽ
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിക്കുന്ന സിനിമ ആയിരിക്കും എൽ 3 എന്നാണ് റിപ്പോര്‍ട്ട്.
ഒരു മമ്മൂട്ടി ചിത്രം നിര്‍മിക്കാന്‍ ആശിര്‍വാദ് സിനിമാസ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആശിര്‍വാദ് നിര്‍മിക്കുന്ന ചിത്രത്തില്‍ അഭിനയിക്കാമെന്ന് മമ്മൂട്ടിയും സമ്മതം മൂളിയിരുന്നു. എന്നാല്‍ ഇത് ഏത് സിനിമയായിരിക്കുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത ഉണ്ടായിരുന്നില്ല. ആരും അതേക്കുറിച്ച് പറഞ്ഞിട്ടുമില്ല. എന്നാൽ ലൂസിഫറിന്റെ മൂന്നാം ഭാഗത്തിലാകും ആശിര്‍വാദ് സിനിമാസിനു വേണ്ടി മോഹന്‍ലാലിനൊപ്പം മമ്മൂട്ടി അഭിനയിക്കുകയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘എംപുരാന്’ മാര്‍ച്ച് 27 നു തിയറ്ററുകളിലെത്തുകയാണ്. ഇതിന്റെ റിലീസിനു ശേഷമായിരിക്കും ‘ലൂസിഫര്‍ 3’ യുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. മൂന്നാം ഭാഗത്തിനുള്ള സൂചന നല്‍കിയായിരിക്കും ‘എംപുരാന്’ അവസാനിക്കുന്നത്.
ലൂസിഫര്‍ മൂന്ന് ഭാഗങ്ങള്‍ ഉണ്ടായിരിക്കുമെന്ന് തിരക്കഥാകൃത്ത് മുരളി ഗോപിയും സംവിധായകന് പൃഥ്വിരാജും നേരത്തെ സ്ഥിരീകരിച്ചിരുന്നു. ലൂസിഫര്‍ ആദ്യമേ തീരുമാനിച്ചതും അങ്ങനെ തന്നെയാണ്. എംപുരാന്റെ ടീസര്‍ ലോഞ്ചില്‍ മമ്മൂട്ടി മുഖ്യാതിഥിയായി എത്തിയത് ലൂസിഫര്‍ മൂന്നാം ഭാഗത്ത് താനും ഉണ്ടാകുമെന്ന സൂചന നല്‍കുന്നതായി ആരാധകര്‍ നേരത്തെ പ്രവചിച്ചിരുന്നു.
ലൂസിഫറിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് മോഹന്‍ലാലും സൂചന നല്‍കിയിരുന്നു. ‘ ദൈവത്തിനു കുറച്ച് താഴെ നില്ക്കുന്ന ആളാണ് എംപുരാന്. ഇനി മൂന്നാമത്തെ ഭാഗത്തില്‍ പൃഥ്വിരാജ് എന്താണ് പേരിടുന്നതെന്ന് എനിക്ക് അറിയില്ല. അത് ദൈവത്തിന്റെ കൈയൊപ്പുള്ള സിനിമയായിട്ട്… ഈ മൂന്ന് സിനിമകളും അങ്ങനെ മാറട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു,’ എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.
തന്റെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ഒരു മമ്മൂട്ടി സിനിമ തീര്‍ച്ചയായും ഉണ്ടാകുമെന്ന് മുരളി ഗോപി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ‘ തീര്‍ച്ചയായും അങ്ങനെയൊരു സിനിമ പ്ലാനിലുണ്ട്. എന്തായാലും അത് വരും. ഞങ്ങള്‍ അത് പ്ലാന്‍ ചെയ്തിട്ടുള്ള ഒരു സാധനമാണ്. മമ്മൂട്ടിയെന്ന ആക്ടറിനും മെഗാസ്റ്റാറിനും ഉള്ള ട്രിബ്യൂട്ട് എന്ന നിലയില്‍ ഒരു സിനിമ. അത് വരുന്നുണ്ട്. നേരത്തെ കമ്മിറ്റ് ചെയ്ത പ്രൊജക്ടുകള്‍ കഴിഞ്ഞിട്ട് ചെയ്യാനാണ് പ്ലാന്‍,’ എന്നും മുരളി ഗോപി പറഞ്ഞു. മുരളി ഗോപി പരാമര്‍ശിച്ച ചിത്രം ലൂസിഫര്‍ 3 ആയിരിക്കുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്. എംപുരാന്റെ അവസാനത്തില്‍ മമ്മൂട്ടിയുടെ ശബ്ദമോ സാന്നിധ്യമോ ഉണ്ടാകുന്നു എങ്കിൽ, മൂന്നാം ഭാഗത്തില്‍ മമ്മൂട്ടിയും ഉണ്ടാകുമെന്നതിന്റെ ഒരു സൂചന തന്നെയായിരിക്കും . ഒരു ഓവർ ലോർഡ് എന്ന തരത്തിൽ, അതായത് എമ്പുരാന് സമാനമായ റോൾ തന്നെയായിരിക്കും മമ്മൂട്ടിക്കും ലഭിക്കുക.