വയലാറിൻ്റേയും ഒഎൻവിയുടേയും കുളിർമ്മയുള്ള പാട്ടുകൾ മാത്രം പോരല്ലോ; വേടൻറെ പൊള്ളിക്കുന്ന പാട്ടുകളും ഈ സമൂഹത്തിന് വേണം, അർഹിക്കുന്ന നേട്ടവുമായി വേടൻ
ഏറ്റവും നല്ല ഗാന രചയിതാവിനുള്ള സംസ്ഥാന അവാർഡ് വേടന് കിട്ടിയതിന് ശേഷം ചുരുങ്ങിയത് ഒരു ആയിരം പോസ്റ്റ് എങ്കിലും ഒറ്റ മണിക്കൂർ കൊണ്ട് സോഷ്യൽ മീഡിയയിൽ വന്നിട്ടുണ്ട്.
മിക്കവാറും ആളുകൾ എല്ലാം തന്നെ വയലാർ, ഒ.എൻ.വി, പി ഭാസ്കരൻ, ശ്രീകുമാരൻ തമ്പി, കൈതപ്രം എന്നിങ്ങനെയുള്ള മലയാള സിനിമയിലെ പ്രഗത്ഭരായ ഗാന രചയിതാക്കളുമായി വേടനെ താരതമ്യം ചെയ്യുന്ന പോസ്റ്റുകളാണ് ഇട്ടത്.
അതിനിടെ നടൻ ദിലീപിന്റെ നാട്ടുകാരനോ കൂട്ടുകാരനോ ആയ വ്യാസൻ എന്നൊരു വ്യക്തി ചോദിച്ചത് ലൈംഗികാരോപണക്കേസുകളില്‍ ഉള്‍പ്പെട്ട റാപ്പര്‍ വേടന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നല്‍കിയത് എങ്ങനെയെന്നാണ്. വേടന്റെ സ്ഥാനത്ത് ദിലീപിനായിരുന്നു അവാർഡ് എങ്കിൽ വലിയ ബഹളം ഉണ്ടാകുമായിരുന്നു എന്നുമാണ് വ്യാസൻ പറയുന്നത്. അറിയപ്പെടുന്ന കമ്യൂണിസ്റ്റ് ആയ പ്രകാശ് രാജിനെ കൂടി വിമർശിച്ച് കൊണ്ടാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.
അത് ഒരു സുഹൃത്തിന്റെ രോദനമോ അല്ലെങ്കിൽ വേടനോടുള്ള വിരോധമോ മാത്രമായിട്ട് ആളുകൾ കണ്ടത് കൊണ്ട്, ചർച്ചയൊന്നും ഉണ്ടായതുമില്ല. എന്നാൽ ഇപ്പോളും ഹിറ്റായി ഓടുകയാണ് വയലാറും ഓ എൻവിയും മരിച്ചിരുന്നില്ലെങ്കിൽ അവാർഡുകൾ മടക്കി കൊടുത്തേനെ എന്ന പോസ്റ്റുകൾ.
മഞ്ഞുമ്മല്‍ ബോയ്സിലെ ‘കുതന്ത്രം’ എന്ന ഗാനത്തിനാണ് വേടന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ് കിട്ടിയത്.
ആ പാട്ട് Rap എന്ന സംഗീതരൂപമാണ്. സ്വന്തമായി വരികൾ എഴുതി പാടിയ ഗായകന് ആ ഗാനത്തിൻ്റെ രചനക്ക് അവാർഡ് കിട്ടുന്നതും അപൂർവ്വ സംഭവമാണ്. റിധം ആൻഡ് പോയട്രി എന്നതിന്റെ ചുരുക്കപ്പേരാണ് റാപ് എന്നത്. താളത്തിനൊത്തുള്ള കവിത എന്നത് കർണ്ണാടിക് സംഗീതമോ അല്ലെങ്കിൽ മറ്റ് സംഗീത ശാഖകളെ പോലെയോ അംഗീകരിക്കേണ്ട ഒന്നാണ്.
സംഗീതത്തിലായാലും സാഹിത്യത്തിൽ ആയാലും വിവിധ രൂപങ്ങൾ ഉണ്ട്. അത് തമ്മിൽ താരതമ്യം ചെയ്യേണ്ട കാര്യവുമില്ല. കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ… കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ ഈ രണ്ടു വരികൾ മാത്രമാണ് വേടൻ വിരോധികൾ എല്ലായിടത്തും എടുത്ത് പറയുന്നത്. ഈ വരികൾക്ക് ആരാണെടാ അവാർഡ് കൊടുത്തത് എന്നൊക്കെയാണ് ചോദ്യം.
എന്നാൽ “വിയർപ്പ് തുന്നിയിട്ട കുപ്പായം
അതിൻ നിറങ്ങൾ മങ്ങുകില്ല കട്ടായം
കിനാവ് കൊണ്ട് കെട്ടും കൊട്ടാരം.. അതിൽ മന്ത്രി നമ്മൾ തന്നെ രാജാവും
വയറു നിറക്കാനല്ലേ നെട്ടോട്ടം.. വലയിൽ ഒതുങ്ങാത്ത പരലിൻ കൂട്ടം
പകല്‍ പറന്നങ്ങു പോയെടാ ഇരവ് നമുക്കുള്ളതാണെടാ.. പദവി പണം ഒന്നും വേണ്ടടാ .. ഇത് ഉരുക്കു ഗുണമുള്ള തോള് ഡാ.. എന്ന ആ പാട്ടിലെ മറ്റുള്ള വരികൾ ഇവർ കാണുന്നില്ല.
‘
തീർച്ചയായും , വയലാർ ഒ.എൻ.വി. കുറുപ്പ്, പി. ഭാസ്കരൻ, ശ്രീകുമാരൻ തമ്പി തുടങ്ങിയവർ മലയാള സിനിമാ ഗാനങ്ങൾക്ക് നൽകിയ സംഭാവനകൾ വില മതിക്കാൻ കഴിയാത്തതാണ്.
എന്നാൽ മാറിയ ഈ ലോകത്ത്, സിനിമ വരെ അടിമുടി മാറിയ കാലത്ത്, കാല്പനികത തുളുമ്പുന്ന കവിതകൾ മാത്രം സിനിമ ഗാനങ്ങളായി വരണം എന്ന ശാഡ്യം ശരിയല്ല. ‘വിയർപ്പ് തുന്നിയിട്ട കുപ്പായം’ എന്ന പാട്ട് അധ്വാനിക്കുന്നവരുടെ, തൊഴിലാളി വർഗ്ഗത്തിൻറെ കൂടി പാട്ടാണ്.
പരലോകത്തിരുന്ന് ഇതൊക്കെക്കാണുന്ന വയലാറും ഒ.എൻ.വിയും ദേവരാജൻമാഷുമൊക്കെ വേദനിക്കുന്നു എന്ന പരിഹാസ പോസ്റ്റിട്ട് വേടന് അവാർഡ് കിട്ടിയപ്പോൾ കരയുന്നത് കൂടുതലും സംഘ പരിവാർ കുടുംബം തന്നെയാണ്. എന്നാൽ വയലാർ ഒക്കെ അവാർഡ് വാങ്ങിയ ഗാനങ്ങളിലെ വരികൾ വായിച്ച് അർഥം മനസ്സിലാക്കിയാൽ ഈ മത ഭ്രാന്തന്മാർക്ക് കുറച്ച് ആശ്വാസം കിട്ടും.
മനുഷ്യന് മതങ്ങളെ സൃഷ്ടിച്ചു എന്നും ആ മതങ്ങളാണ് ദൈവത്തെ സൃഷ്ടിച്ചതെന്നും പിന്നീട് മനുഷ്യൻ ഹിന്ദുവായി, മുസ്ലീമായി, ക്രിസ്ത്യാനിയായ് മാറിയെന്നുമാണ് വയലാർ എഴുതിയത്. മനുഷ്യന് തെരുവില്‍ മരിക്കുമ്പോൾ , മതങ്ങള്‍ ചിരിക്കുന്നു എന്ന ആ വരികൾ ഒന്ന് കൂടെ കേട്ട് നോക്കുക.
വയലാറും ഒൻവിയും എഴുതിയ പല ഗാനങ്ങളും മലയാളികൾക്ക് കുളിർമ്മ സമ്മാനിക്കുന്നതാണ്. എന്നാൽ വേടന്റെ വരികൾ കുളിർമ്മക്ക് പകരം പൊള്ളലാണ് പലർക്കും നൽകുന്നത്. ആ പൊള്ളലേറ്റ സവർണ്ണ സനാതനികളുടെ കരച്ചിലാണ് ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ മുഴങ്ങുന്നത്.
വേദന ഇനിയും എഴുതും, എഴുതിയതൊക്കെ ഉച്ചത്തിൽ പാടുകയും ചെയ്യും. പുത്തൻ പാട്ടുകൾ സൃഷ്ടിക്കാനുള്ള ഉൽപ്രേരകം ആണ് ഇപ്പോൾ കിട്ടിയിരിക്കുന്ന ഏറ്റവും നല്ല ഗാന രചയിതാവിനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ്.












