നടന ചക്രവർത്തിയുടെ വരവറിയിക്കുന്ന “കാന്ത”; ലുലു മാൾ ഇളക്കി മറിച്ച് ദുൽഖർ സൽമാനും “കാന്ത” ടീമും
ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’ യുടെ കേരളാ പ്രമോഷന്റെ ഭാഗമായി കൊച്ചി ലുലു മാളിൽ എത്തിയ “കാന്ത” ടീമിന് വമ്പൻ സ്വീകരണം. ലുലു മാളിനെ അക്ഷരാർത്ഥത്തിൽ ഇളക്കി മറിച്ചു കൊണ്ടാണ് ദുൽഖർ സൽമാനും ‘കാന്ത’ ടീമും പ്രമോഷൻ ഇവന്റിൽ പങ്കെടുത്തത്. ദുൽഖർ സൽമാനൊപ്പം റാണ ദഗ്ഗുബതി, സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ, സംവിധായകൻ സെൽവമണി സെൽവരാജ് എന്നിവരും പ്രമോഷൻ ഇവന്റിന്റെ ഭാഗമായി കൊച്ചി ലുലു മാളിൽ എത്തിയിരുന്നു. ചിത്രം നവംബർ 14 ന് ആണ് ആഗോള റിലീസായി എത്തുന്നത്. സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രത്തിലെ കഥാപാത്രത്തെ പോലെ തന്നെ ദുൽഖർ സൽമാൻ ഒരു നടന ചക്രവർത്തി ആണെന്ന് കാണിച്ചു തരുന്ന ചിത്രമായിരിക്കും “കാന്ത” എന്നാണ് റാണ ദഗ്ഗുബതി അഭിപ്രായപ്പെട്ടത്.

പ്രമോഷൻ ഇവന്റിൽ സംസാരിച്ച റാണ ദഗ്ഗുബതി, സമുദ്രക്കനി എന്നിവർ ദുൽഖർ സൽമാന്റെ പ്രകടനത്തിന് വലിയ പ്രശംസയാണ് നൽകിയത്. വളരെയധികം മനസ്സ് നിറച്ച ഒരു ചിത്രമാണ് “കാന്ത” എന്നും വളരെ മനോഹരമായ പ്രകടനമാണ് ദുൽഖർ ഈ ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത് എന്നും സമുദ്രക്കനി പറഞ്ഞു. അഭിനയിക്കുമ്പോൾ എല്ലാം മറന്ന് താൻ ദുൽഖറിനെ തന്നെ നോക്കി നിന്നിട്ടുണ്ട് എന്നും, ചിത്രം കണ്ട് കഴിഞ്ഞു ദുൽഖറിനെ കണ്ടപ്പോൾ തന്നെ കെട്ടിപിടിക്കണം എന്നും എന്ന് തോന്നി എന്നും സമുദ്രക്കനി പറഞ്ഞു. ദുൽഖറിന്റെ കഴിവും പരിശ്രമവും മറ്റുള്ളവരോടുള്ള പെരുമാറ്റവുമെല്ലാം ഇനിയും ഉയരങ്ങളിൽ അദ്ദേഹത്തെ കൊണ്ടെത്തിക്കുമെന്നും സമുദ്രക്കനി കൂട്ടിച്ചേർത്തു.

ദുൽഖർ സൽമാൻ എന്ന പ്രതിഭയെ തന്ന കേരളത്തിന് നന്ദി എന്നാണ് റാണ ദഗ്ഗുബതി പറഞ്ഞത്. കേരളത്തിലെ പ്രേക്ഷകരെ പോലെ തന്നെ ഹൈദരാബാദിലും തങ്ങൾ ദുൽഖർ സൽമാനെ വളരെയധികം സ്നേഹിക്കുന്നുണ്ടെന്നും റാണ പറഞ്ഞു. ഏറെ വർഷങ്ങളായി തനിക്ക് ദുൽഖറുമായി സൗഹൃദം ഉണ്ടെങ്കിലും “കാന്ത” പോലൊരു മനോഹര ചിത്രവുമായി തങ്ങൾക്ക് ഒന്നിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി. സെൽവമണി സെൽവരാജ് എന്ന ഒരു മികച്ച സംവിധായകനെ തനിക്കും ദുൽഖറിനും ചേർന്ന് അവതരിപ്പിക്കാൻ സാധിച്ചു എന്നും, ഈ ചിത്രം കണ്ടു കഴിയുമ്പോൾ പ്രേക്ഷകർ അദ്ദേഹത്തെ കൂടുതൽ സ്നേഹിക്കും എന്നും റാണ പറയുന്നു.
ചിത്രത്തിന്റെ ട്രെയ്ലറിന് വമ്പൻ സ്വീകരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ദുൽഖറിന്റെ കരിയർ ബെസ്റ്റ് പ്രകടനമാണ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുക എന്ന സൂചനയാണ് ട്രെയ്ലർ നൽകിയത്. ടി കെ മഹാദേവൻ എന്ന നടൻ ആയാണ് ദുൽഖർ സൽമാൻ ഈ ചിത്രത്തിൽ വേഷമിടുന്നത്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് “കാന്ത” കഥ പറയുന്നത്. ദുൽഖർ സൽമാൻ കൂടാതെ സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ, റാണ ദഗ്ഗുബതി എന്നിവരാണ് ചിത്രത്തിലെ മറ്റു നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അയ്യാ എന്ന് പേരുള്ള സംവിധായകനായി സമുദ്രക്കനി വേഷമിടുമ്പോൾ, പോലീസ് ഓഫീസർ ആയാണ് റാണ ദഗ്ഗുബതി ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
ദുൽഖർ സൽമാൻ, സമുദ്രക്കനി എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്കിടയിൽ സംഭവിക്കുന്ന ഈഗോ, പ്രതികാരം, വൈകാരികത എന്നിവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത് എന്നാണ് സൂചന. ആദ്യാവസാനം പ്രേക്ഷകർക്ക് ഒരു മികച്ച സിനിമാനുഭവം നൽകുന്ന ഒരു പീരീഡ് ഡ്രാമ ത്രില്ലർ ആയിരിക്കും “കാന്ത” എന്നാണ് ഇതിന്റെ ടീസർ, ട്രെയ്ലർ എന്നിവ സൂചിപ്പിക്കുന്നത്. ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രമാണ് ‘കാന്ത’. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ചിത്രം കേരളത്തിൽ എത്തിക്കുന്നത് വേഫറെർ ഫിലിംസ് തന്നെയാണ്.

ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റർ, എഡിറ്റർ- ലെവെലിൻ ആന്റണി ഗോൺസാൽവേസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – സായ് കൃഷ്ണ ഗഡ്വാൾ, സുജയ് ജയിംസ്, ലൈൻ പ്രൊഡ്യൂസർ – ശ്രാവൺ പലപർത്തി, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, അർച്ചന റാവു, ഹർമൻ കൗർ, സൗണ്ട് ഡിസൈൻ – ആൽവിൻ റെഗോ, സഞ്ജയ് മൗര്യ, അഡീഷണൽ തിരക്കഥ – തമിഴ് പ്രഭ, വിഎഫ്എക്സ് – ഡെക്കാൺ ഡ്രീംസ്, ഡിഐ കളറിസ്റ്റ് – ഗ്ലെൻ ഡെന്നിസ് കാസ്റ്റിഞൊ, പബ്ലിസിറ്റി ഡിസൈൻ – എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ടൂ സിഡ്, പിആർഒ- ശബരി.











