കാലത്തെ അതിജീവിക്കുന്ന സിനിമാ വിസ്മയമായി “കാന്ത”; ദുൽഖർ സൽമാൻ – സെൽവമണി സെൽവരാജ് ചിത്രത്തിന് ഗംഭീര പ്രതികരണം
ദുൽഖർ സൽമാൻ നായകനായെത്തിയ ‘കാന്ത’ ക്ക് ഗംഭീര സ്വീകരണം. ഇന്ന് ആഗോള റിലീസ് ആയെത്തിയ ചിത്രത്തിന് വലിയ പ്രേക്ഷക – നിരൂപക പ്രശംസയാണ് ആദ്യ ഷോ മുതൽ ലഭിക്കുന്നത്. സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം വമ്പൻ റിലീസായി കേരളത്തിൽ എത്തിക്കുന്നത് വേഫറെർ ഫിലിംസ് തന്നെയാണ്.

കാലങ്ങൾ കഴിഞ്ഞാലും ക്ലാസിക് ആയി നിൽക്കാൻ പോകുന്ന ഒരു സിനിമാ വിസ്മയമാണ് “കാന്ത” എന്നാണ് പ്രേക്ഷകർ ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നത്. അഭിനേതാക്കളുടെ ഗംഭീര പ്രകടനം, അമ്പരപ്പിക്കുന്ന മേക്കിംഗ്, മനോഹരമായ കഥ പറച്ചിൽ എന്നിവ കൊണ്ട് ചിത്രം തമിഴ് സിനിമയുടെ ചരിത്രത്തിലെ തന്നെ ഒരു നാഴികക്കല്ലായി മാറിയിരിക്കുകയാണെന്നും ചിത്രം കണ്ട പ്രേക്ഷകർ പറയുന്നു. ദുൽഖർ സൽമാൻ്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഈ ചിത്രത്തിൽ അദ്ദേഹം കാഴ്ചവെച്ചിരിക്കുന്നത് എന്നും ദേശീയ പുരസ്കാരം ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ ഇതിലൂടെ അദ്ദേഹത്തെ തേടിയെത്താൻ സാധ്യതയുണ്ടെന്നും നിരൂപകരും സിനിമാ പ്രേമികളും വ്യക്തമാക്കുന്നു.
വമ്പൻ പ്രേക്ഷക പിന്തുണയോടെ കേരളത്തിലും വലിയ ആവേശമാണ് ചിത്രം സൃഷ്ടിച്ചിരിക്കുന്നത് . ദുൽഖർ സൽമാനൊപ്പം, ഭാഗ്യശ്രീ ബോർസെ, സമുദ്രക്കനി, റാണ ദഗ്ഗുബതി എന്നിവരുടെ പ്രകടനങ്ങൾക്കും പ്രേക്ഷകരിൽ നിന്ന് വലിയ പ്രശംസയാണ് ലഭിക്കുന്നത്. അഭിനേതാക്കളുടെ പ്രകടനങ്ങളുടെ ബലത്തിൽ ഒരു ക്ലാസിക് ഡ്രാമ ആയി ആദ്യ പകുതിയിൽ സഞ്ചരിക്കുന്ന ചിത്രം, ത്രില്ലടിപ്പിക്കുന്ന ഇൻവെസ്റ്റിഗേഷൻ ഡ്രാമയായി രണ്ടാം പകുതിയിൽ മാറുന്നു. അത് കൊണ്ട് തന്നെ പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന രീതിയിൽ തന്നെയാണ് ചിത്രം മുന്നോട്ട് സഞ്ചരിക്കുന്നതെന്നും ഗംഭീര തീയേറ്റർ അനുഭവം ആണ് ചിത്രം സമ്മാനിക്കുന്നതെന്നും ചിത്രത്തെ കുറിച്ചുള്ള നിരൂപണങ്ങൾ വ്യക്തമാക്കുന്നു.

നടിപ്പ് ചക്രവർത്തി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ടി കെ മഹാദേവൻ എന്ന നടൻ ആയാണ് ദുൽഖർ സൽമാൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ അവതരിപ്പിച്ചിരിക്കുന്നത്. ദുൽഖർ സൽമാൻ കൂടാതെ സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ, റാണ ദഗ്ഗുബതി, രവീന്ദ്ര വിജയ്, ഭഗവതി പെരുമാൾ, നിഴൽകൾ രവി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. അയ്യാ എന്ന് പേരുള്ള സംവിധായകനായി സമുദ്രക്കനി വേഷമിടുമ്പോൾ, പോലീസ് ഓഫീസർ ആയാണ് റാണ ദഗ്ഗുബതി ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. കുമാരി എന്നാണ് ഭാഗ്യശ്രീ ബോർസെ അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തിന്റെ പേര്.
ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രമാണ് ‘കാന്ത’. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്തിട്ടുണ്ട്.
ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റർ, എഡിറ്റർ- ലെവെലിൻ ആന്റണി ഗോൺസാൽവേസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – സായ് കൃഷ്ണ ഗഡ്വാൾ, സുജയ് ജയിംസ്, ലൈൻ പ്രൊഡ്യൂസർ – ശ്രാവൺ പലപർത്തി, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, അർച്ചന റാവു, ഹർമൻ കൗർ, സൗണ്ട് ഡിസൈൻ – ആൽവിൻ റെഗോ, സഞ്ജയ് മൗര്യ, അഡീഷണൽ തിരക്കഥ – തമിഴ് പ്രഭ, വിഎഫ്എക്സ് – ഡെക്കാൺ ഡ്രീംസ്, ഡിഐ കളറിസ്റ്റ് – ഗ്ലെൻ ഡെന്നിസ് കാസ്റ്റിഞൊ, പബ്ലിസിറ്റി ഡിസൈൻ – എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ടൂ സിഡ്, പിആർഒ- ശബരി.













