കിലിയൻ മര്‍ഫി മികച്ച നടൻ, ആറ് ഓസ്കാര്‍ തിളക്കത്തില്‍ നോളന്റെ ഓപ്പണ്ഹെയ്മര്; എമ്മ സ്റ്റോണ്‍ മികച്ച നടി
ലോസ് ഏഞ്ചല്‍സിലെ ഡോള്‍ബി തീയേറ്ററില്‍ ലോക സിനിമാ ആരാധകർ കാത്തിരുന്ന 96ാമത് ഓസ്കാർ പുരസ്കാരങ്ങളുടെ വിതരണം ആരംഭിച്ചു. ക്രിസ്റ്റഫർ നോളന്റെ ഓപ്പണ്ഹെയ്മർ ആറ് അവാർഡുകള്‍ സ്വന്തമാക്കി.
മികച്ച നടനുള്ള പുരസ്കാരം ഓപ്പണ്ഹെയ്മറിലെ അഭിനയത്തിന് കിലിയൻ മർഫി സ്വന്തമാക്കി. മികച്ച സംവിധായകനായി ക്രിസ്റ്റഫർ നോളനെ തിരഞ്ഞെടുത്തു. മികച്ച ക്യാമറ, ചിത്രസംയോജനം, മികച്ച പശ്ചാത്തലസംഗീതം എന്നിവയുമടക്കമാണ് ഓപ്പണ്ഹെയ്മർ ആറ് പുരസ്കാരങ്ങള്‍ നേടിയത്. പുവർ തിംഗ്സ് എന്ന ചിത്രത്തിലെ അഭിനയത്തിന് എമ്മ സ്റ്റോണ്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച സഹനടിയ്ക്കുള്ള പുരസ്കാരമാണ് ആദ്യമായി നല്‍കിയത്. ‘ദ ഹോള്‍ഡ് ഓവേഴ്സ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഡേ വാൻ ജോയ് റാൻഡോള്‍ഫ് മികച്ച സഹനടിയായി. ഓപ്പണ്ഹെയ്മറിലെ അഭിനയത്തിന് റോബർട്ട് ഡൗണി ജൂനിയർ മികച്ച സഹനടനായി തിരഞ്ഞെടുക്കപ്പെട്ടു.
ക്രിസ്റ്റഫർ നോളന്റെ ‘ഓപ്പണ്ഹെയ്മർ’ ആണ് ഏറ്റവുമധികം നോമിനേഷനുകള്‍ ഇത്തവണ ലഭിച്ച ചിത്രം. 13 എണ്ണം. യോർഗോസ് ലാന്തിമോസിന്റെ പുവർ തിംഗ്സിന് 11 നോമിനേഷനുകളും മാർട്ടിൻ സ്കോർസെസിന്റെ കില്ലേർസ് ഓഫ് ദ ഫ്ളവർ മൂണിന് 10 നോമിനേഷനുകളുമാണ് ലഭിച്ചത്.