100 കോടിയുടെ തിളക്കത്തിൽ ലക്കി ഭാസ്കർ; മൂന്നാം വാരത്തിലും വിജയകരമായി പ്രദർശനം തുടരുന്നു

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ആഗോള ഗ്രോസ് 100 കോടി കടന്ന് കുതിക്കുന്നു. റിലീസ് ചെയ്ത് മൂന്നാം വാരത്തിലും മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായി പ്രദർശനം തുടരുകയാണ് ചിത്രം. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്ത ചിത്രം എല്ലാ ഭാഷകളിലും സൂപ്പർ ഹിറ്റയിക്കഴിഞ്ഞു. ദുൽഖർ സൽമാൻ്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഗ്രോസർ ആയും ലക്കി ഭാസ്കർ മാറി. ചിത്രത്തിലെ ദുൽഖർ സൽമാൻ്റെ പ്രകടനത്തിന് വലിയ പ്രശംസയാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിക്കുന്നത്.
തെലുങ്കിൽ ഹാട്രിക് ബ്ലോക്ക്ബസ്റ്റർ എന്ന അപൂർവ നേട്ടവും ഈ ചിത്രത്തിൻ്റെ വിജയത്തോടെ ദുൽഖർ സൽമാൻ സ്വന്തമാക്കി. കേരളത്തിൽ 20 കോടി ഗ്രോസ് എന്ന നേട്ടം ലക്ഷ്യമാക്കി മുന്നേറുന്ന ചിത്രം കുടുംബ പ്രേക്ഷകരുടെ പിന്തുണയോടെയാണ് കുതിപ്പ് തുടരുന്നത്. കേരളത്തിലും ഗൾഫിലും ചിത്രം വിതരണം ചെയ്തത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ്. ആവേശവും ആകാംക്ഷയും സമ്മാനിക്കുന്ന രീതിയിൽ കഥ പറയുന്ന ഈ ചിത്രത്തിൽ കുടുംബ ബന്ധങ്ങളിലെ വൈകാരികതക്കും പ്രാധാന്യമുണ്ട്. മീനാക്ഷി ചൗധരിയാണ് ചിത്രത്തിലെ നായിക.
വെങ്കി അറ്റ്ലൂരി രചിച്ചു സംവിധാനം ചെയ്ത ഈ പിരീഡ് ഡ്രാമ ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത് സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ്. ചിത്രം അവതരിപ്പിച്ചിരിക്കുന്നത് ശ്രീകര സ്റ്റുഡിയോസ്.