ആണുങ്ങൾ ഭരിക്കണം, പെണ്ണുങ്ങൾ എപ്പോളും താഴെയായിരിക്കണം; അമ്മയിലെ ഇലക്ഷന് ശേഷം പ്രതികരിച്ച് കൊല്ലം തുളസി

മലയാള സിനിമയിലെ നടീനടന്മാരുടെ സംഘടനയായ അമ്മയിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ വിജയിച്ച ശ്വേതാ നിനോനെയും കുക്കു പരമേശ്വരനെയും അഭിനന്ദിച്ച് കൊണ്ട് സിനിമാ ലോകത്തു നിന്നും പുറത്തു നിന്നുമെല്ലാം നിരവധി പേരെത്തുന്നുണ്ട്. എന്നാൽ ഇതിനിടെ നടന് കൊല്ലം തുളസിയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
അമ്മയുടെ തെരഞ്ഞെടുപ്പിന് പിന്നാലെ ഓണ്‍ലൈന്‍ മീഡിയയോട് സംസാരിക്കുമ്പോൾ കൊല്ലം തുളസി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ആണുങ്ങള് അല്ലേ ഭരിക്കേണ്ടത്, പെണ്ണുങ്ങള് എപ്പോഴും ആണുങ്ങളുടെ താഴെയിരിക്കേണ്ടവരാണ് എന്ന കൊല്ലം തുളസിയുടെ വാക്കുകളാണ് ചര്‍ച്ചയായി മാറുന്നത്.
‘പെണ്ണുങ്ങള് ഭരിക്കുമെന്ന് അവര്‍ പറയുന്നു. ഞങ്ങള്‍ ഭരിക്കുമെന്ന് ആണുങ്ങള് അവകാശപ്പെടുന്നു. ഏത് നടക്കുമെന്ന് കണ്ടറിയണം. ആണുങ്ങള് അല്ലേ ഭരിക്കേണ്ടത്? പെണ്ണുങ്ങള് എപ്പോഴും നമ്മുടെ താഴെയിരിക്കണം. പുരുഷന്മാര് എപ്പോഴും പെണ്ണുങ്ങളുടെ മുകളിലായിരിക്കണം” എന്നാണ് കൊല്ലം തുളസി പറയുന്നത്. എന്നാല്‍ ഇതിന് ശേഷം താന്‍ വെറുതെ പറഞ്ഞതാണെന്ന് കൊല്ലം തുളസി പറയുന്നുമുണ്ട്.
കൊല്ലം തുളസിയുടെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ ചർച്ചയാവുകയാണ്. നിരവധി പേരാണ് കൊല്ലം തുളസിയെ വിമര്‍ശിച്ച് രംഗത്തെത്തുന്നത്. എന്നാല്‍ നടന് ചോദ്യവുമായെത്തിയ ഓണ്‍ലൈന്‍ മീഡിയക്കാരെ ട്രോളിയതാണെന്നും സോഷ്യല്‍ മീഡിയയിൽ അഭിപ്രായമുണ്ട്.
പറഞ്ഞത് കൊല്ലം തുളസി ആയത് കൊണ്ട് അത് ട്രോളോ, അല്ലങ്കിൽ ചുമ്മാ പറഞ്ഞതോ ആകാൻ സാധ്യതയില്ല. നേരത്തെ ശബരിമലയിൽ സ്ത്രീ പ്രവേശനവിഷയത്തിൽ വിവാദമുണ്ടായപ്പോൾ കൊല്ലം തുളസി പറഞ്ഞത്, ശബരിമലയില്‍ വരുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്നാണ്. അങ്ങനെ കീറി, ഒരുഭാഗം ഡല്‍ഹിയിലേക്കും ഒരു ഭാഗം കേരളാ മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ടുകൊടുക്കണം. എന്‍ഡിഎയുടെ ശബരിമല സംരക്ഷണ റാലിയിലാണ് നടന് കൊല്ലം തുളസിയുടെ ഈ കൊലവിളി പ്രസംഗം ഉണ്ടായത്.
ഒരിക്കൽ നടി ഖുശ്ബുവിനെക്കുറിച്ചും കൊല്ലം തുളസി വിവാദമായ പ്രസ്താവന നടത്തിയിരുന്നു. സെക്സ് റാണിയായ നായികയെ ദൈവവുമായി താരതമ്യം ചെയ്യുന്നവരാണ് തമിഴ്നാട്ടുകാർ. അവര്‍ ഖുശ്ബുവിനായി ക്ഷേത്രം പണിതവരാണ്. അത്തരം സംസ്കാരമുള്ള തമിഴ്നാട്ടുകാട്ടുകാരുമായി കേരളത്തിലുള്ളവരെ താരതമ്യം ചെയ്യരുതെന്നും കൊല്ലം തുളസി പറഞ്ഞിരുന്നു.
അതേപോലെ അസുഖം മാറാന്‍ മൂത്രം കുടിച്ചാല്‍ മതിയെന്ന പ്രസ്താവന പലതവണ നടത്തിയ ആളാണ് കൊല്ലം തുളസി. താന്‍ കാന്‍സറിനെ അടക്കം അതിജീവിച്ചത് മൂത്രം കുടിച്ചിട്ടാണെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. പഴയ കാലത്ത് ഋഷിവര്യന്മാരും തപസ് ചെയ്യുന്ന മുനിമാരും ഒക്കെ അവരുടെ തന്നെ മൂത്രം കുടിച്ചാണ് തപസ് ചെയ്തിട്ടുള്ളത്. അല്ലാതെ കാട്ടില്‍ തപസ് ചെയ്യുന്ന ആള്‍ക്കാര്‍ക്കൊന്നും അവിടെ ഭക്ഷണം വെച്ച് കൊടുക്കാന്‍ ഭാര്യയൊന്നും ഉണ്ടാകില്ലെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.
കൊല്ലം തുളസി പറയുന്ന ഈ മൂത്ര ചികിത്സ യാതൊരു അടിസ്ഥാനവുമില്ലാത്ത ഒന്നാണ്. പ്രാചീന ഭാരതീയ ഗ്രന്ഥങ്ങളില്‍ ശിവാംബു കല്പവിദ്യ എന്ന പേരില്‍ ഈ മൂത്രചികിത്സയെക്കുറിച്ചു പറയുന്നുമുണ്ട്. അത്തരം ചരിത്രമല്ലാതെ, ശാസ്ത്രീയമായി ഇത് കൊണ്ട് ഉണ്ടാകുന്ന ഗുണങ്ങൾ എങ്ങും പറയുന്നുമില്ല.
മൂത്രചികിത്സ കൊണ്ട് ഗുണമുണ്ടായി എന്നും അസുഖം മാറിയെന്നും പലരും അഭിപ്രായപ്പെടുമ്പോള്‍ തന്നെ ശരീരം പുറന്തള്ളുന്ന മാലിന്യത്തെ വീണ്ടും ശരീരത്തിലേക്കു കടത്തിവിടുന്നതു കൊണ്ട് എന്താണു പ്രയോജനം എന്നു ഒരു വിഭാഗം ഡോക്ടര്‍മാര്‍ ചോദിക്കുന്നുണ്ട്.
ആകെയുള്ള ഗുണം ചെലവില്ലാത്ത ചികിത്സയാണ് ഈ മൂത്രം കുടിക്കൽ എന്നതാണ്. എന്നാൽ നിലവിലുള്ള അസുഖങ്ങള്‍ കൂടും എന്നത് മാത്രമാണ് ഇതിന്റെ ഫലമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.