അഭിനയ ചക്രവർത്തിയുടെ കിടിലൻ തിരിച്ചുവരവ്
അഭിനയ ഇതിഹാസം ജഗതി ശ്രീകുമാർ പ്രൊഫസർ അമ്പിളിയായി തിരിച്ചെത്തുന്ന പുതിയ ചിത്രമാണ് ‘വല.’
വാഹനാപകടത്തില്‍ ഗുരതരമായ പരിക്കേറ്റതിന് ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്ന അതുല്യനായ നടനാണ് ജഗതി ശ്രീകുമാര്‍.ജഗതി ശ്രീകുമാറിന്റെ 73-ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.ഇപ്പോഴിതാ കിടിലന്‍ മേക്കോവറില്‍ ഇതുവരെ ചെയ്യാത്ത രീതിയിലുള്ളൊരു വേഷത്തില്‍ ജഗതി ശ്രീകുമാര്‍ സിനിമയിലേക്ക് തിരിച്ചുവരികയാണ്. അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന ‘വല’ എന്ന ചിത്രത്തിലെ പ്രൊഫസര്‍ അമ്പിളി അഥവാ അങ്കിള്‍ ലൂണാര്‍ എന്ന കഥാപാത്രത്തിന്റെ കാരക്ടര്‍ ലുക്ക് പോസ്റ്റര്‍ ഇതിനകം സിനിമാ ഗ്രൂപ്പുകളില്‍ വൈറലായിക്കഴിഞ്ഞു.
അപകടത്തോടെ അഭിനയത്തിൽ നിന്നകന്ന ജഗതി മലയാള സിനിമയില്‍ ഉണ്ടാക്കിയ വിടവ് നികത്താന്‍ ഇനിയുമാര്‍ക്കും സാധിച്ചിട്ടില്ല. ആരാധകരെല്ലാം അദ്ദേഹത്തിന്റെ തിരിച്ചുവരവിനായുള്ള കാത്തിരിപ്പിലാണ്. 2022 ല്‍ സിബിഐ 5- ദി ബ്രെയ്ന്‍ എന്ന ചിത്രത്തില്‍ ജഗതി മുഖം കാണിച്ചിരുന്നു.
വിഖ്യാതനായ ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനും പ്രപഞ്ചശാസ്ത്രജ്ഞനുമായ സ്റ്റീഫന്‍ ഹോക്കിംഗിനെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ ചക്രകസേരയിലിരിക്കുന്ന രീതിയിലാണ് അദ്ദേഹം ചിത്രത്തില്‍ എത്തുന്നതെന്ന് പോസ്റ്റര്‍ സമര്‍ത്ഥിക്കുന്നു. പ്രൊഫസര്‍ അമ്പിളി അഥവാ അങ്കിള്‍ ലൂണാര്‍ എന്നാണ് ചിത്രത്തില്‍ അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേര്. ശരിക്കും ലോകത്തെ തന്റെ കൈവെള്ളയില്‍ നിയന്ത്രിക്കുന്ന ഒരു മാസ്റ്റര്‍ മൈന്‍ഡ് ശാസ്ത്രജ്ഞന്റെ റോളാണ് അദ്ദേഹത്തിന് എന്ന് തോന്നിപ്പിക്കും വിധമുള്ള വ്യത്യസ്തമായ അവതരണമാണ് പോസ്റ്ററിലേത്. നിമിഷ നേരം കൊണ്ട് കിടിലന്‍ പോസ്റ്റര്‍ വൈറലായിരിക്കുകയാണ്.
‘ഗഗനചാരി’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ പുത്തന്‍ ജോണര്‍ തുറന്നുകൊടുത്ത യുവ സംവിധായകന് അരുണ്‍ ചന്തുവിന്റെ അടുത്ത ചിത്രമായാണ് വല എത്തുന്നത്. സയന്‍സ് ഫിക്ഷന്‍ മോക്യുമെന്ററിയായ ‘ഗഗനചാരി’ക്ക് ശേഷം എത്തുന്ന ചിത്രവും പുതുമയുള്ള പ്രമേയവും കഥാപശ്ചാത്തലത്തിലുമാണ് വരുന്നത്. സോംബികളുമായാണ് ‘വല’ എന്ന പുതിയ ചിത്രമെത്തുന്നത്. ഭൂമിയില്‍ നിന്നും പുറത്തേക്ക് വളര്‍ന്ന നിലയിലുള്ള ചുവപ്പന്‍ പേശികളുമായുള്ള വലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏവരും ഏറ്റെടുത്തിരുന്നു. സിനിമയുടെ അനൗണ്‍സ്മെന്റ് വീഡിയോയും രസകരമായിരുന്നു.’ഗഗനചാരി’യുടെ തുടര്‍ച്ചയാണോ, വ്യത്യസ്തമായ ചിത്രമാണോ, അതോ പുതിയ യൂണിവേഴ്സിന് തുടക്കമാണോ എന്നെല്ലാം ചിത്രത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.
മരിച്ചിട്ടും മരിക്കാതെ തുടരുന്ന മനുഷ്യരെയും ജീവികളെയുമാണ് സയന്‍സ് ഫിക്ഷന്‍ ലോകത്ത് സോംബികളെന്ന് വിളിക്കുന്നത്. ഇവരുടെ ആക്രമണത്തില്‍ പെടുന്നവരും സോംബികളായി മാറുന്നതാണ് പൊതുവെ ഫിക്ഷനില്‍ കണ്ടുവരാറുള്ളത്. ഹോളിവുഡ് അടക്കമുള്ള വിദേശ ഭാഷകളില്‍ നിരവധി ചിത്രങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ഇന്ത്യന്‍ ഭാഷകളില്‍ വളരെ വിരളമായേ സോംബികള്‍ സ്ക്രീനില്‍ എത്തിയിട്ടുള്ളു. മലയാളത്തിലെ ആദ്യ സോംബി ചിത്രങ്ങളിലൊന്നായാണ് ഇപ്പോള്‍ വല വരാന്‍ ഒരുങ്ങുന്നത്. 2025ലായിരിക്കും ചിത്രം തിയേറ്ററുകളിലെത്താനായി ഒരുങ്ങുന്നത്.
ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ് എന്നിവര്‍ക്കൊപ്പം ഗഗനചാരിയിലെ അനാര്‍ക്കലി മരിക്കാര്‍, കെ. ബി. ഗണേശ്കുമാര്‍, ജോണ്‍ കൈപ്പള്ളില്‍, അര്ജുന് നന്ദകുമാര്‍ എന്നിവരും വലയില്‍ ഭാഗമാണ്. മാത്രമല്ല, മാധവ് സുരേഷും ഭഗത് മാനുവലും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സുരേഷ് ഗോപിയുടെ മക്കളായ ഗോകുല്‍ സുരേഷും മാധവ് സുരേഷും ആദ്യമായി ഒരുമിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും വലയ്ക്ക് ഉണ്ട്.അണ്ടര്‍ഡോഗ്സ് എന്റര്‍ടെയ്ന്‍മെന്റ്സ് നിര്‍മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാണം ലെറ്റേഴ്സ് എന്റര്‍ടെയ്ന്‍മെന്റ്സാണ്. ടെയ്ലര് ഡര്‍ഡനും അരുണ്‍ ചിന്തുവും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.