നിലത്ത് നിൽക്കൂ ജോജു സാറേ, പിള്ളേര് എടുത്ത് ഉടുക്കും; ചുരുളിയിലെ തങ്കൻ ചേട്ടനൊക്കെ സിനിമയിൽ മതി
പണി എന്ന സിനിമയെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടയാളെ ജോജു ജോര്‍ജ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നതിന്റെ ഓഡിയോ റെക്കോര്‍ഡിംഗ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ആദര്‍ശ് എച്ച് എസ് എന്നയാളെയാണ് സിനിമയെ വിമര്‍ശിച്ചതിന് ജോജു ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്.
അതിന് ശേഷം ആദര്‍ശ് തന്നെയാണ് ഇതിന്റെ ഓഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. മുന്നില്‍ വരാന്‍ ധൈര്യമുണ്ടോയെന്നും നേരില്‍ കാണാമെന്നുമൊക്കെ ജോജു ഫോണില്‍ ആദര്‍ശിനോട് പറയുന്നുണ്ട്. എന്നാല്‍ സിനിമാ റിവ്യൂസ് താന്‍ സ്ഥിരം ചെയ്യാറുള്ളതാണെന്നും ജോജുവിനെപ്പോലെ ഒരാള്‍ ഇങ്ങനെ ചെയ്യുന്നത് ശരിയല്ലെന്നും ആദര്‍ശും വ്യക്തമായി, അതും മാന്യമായ ഭാഷയിൽ തന്നെ പറഞ്ഞിരുന്നു.
പിന്നീട ജോജുവും വിശദീകരണവുമായി വന്നിരുന്നു. “ആ ഫോണ്‍ കോള്‍ ഞാന്‍ തന്നെ വിളിച്ചതാണ്. കുറച്ച് കാര്യങ്ങള്‍ പറയണമെന്ന് തോന്നിയതുകൊണ്ടാണ് ഇപ്പോള്‍ വന്നത്. പണി എന്ന സിനിമയെ സംബന്ധിച്ച് ഞാന്‍ രക്ഷപെട്ട സന്തോഷത്തിലാണ്. ഒരുപാട് പൈസ ഇന്‍വെസ്റ്റ് ചെയ്ത സിനിമയാണ്. ആദ്യത്തെ രണ്ട് ദിവസങ്ങളിലെ ഡീഗ്രേഡിംഗ് നമ്മളെ വളരെ തളര്‍ത്തി. പക്ഷേ പ്രേക്ഷകര്‍ ആ സിനിമ ഏറ്റെടുത്തു. ഒരുപാട് റിവ്യൂസ് വന്നിട്ടുണ്ട് നെഗറ്റീവ് ആയിട്ട്. ഞാന്‍ ഒരാളെപ്പോലും വിളിച്ചിട്ടില്ല. അതെല്ലാം അഭിപ്രായ സ്വാതന്ത്ര്യം തന്നെയാണ്. എന്റെ സിനിമ ഇഷ്ടമല്ല എങ്കില്‍ ഇഷ്ടമല്ല എന്നുതന്നെ പറയണം. പക്ഷേ ഈ കക്ഷി ഒരേ റിവ്യൂ ഒരുപാട് സ്ഥലങ്ങളില്‍ കോപ്പി പേസ്റ്റ് ചെയ്യുകയും അത് പ്രചരിപ്പിക്കുകയും കമന്റുകളില്‍ പലരോടും ഈ സിനിമ കാണരുത് എന്ന് എഴുതുകയും ചെയ്തിട്ടുള്ള ആളാണ്. റിവ്യൂവിന്റെ പേരിലല്ല അദ്ദേഹത്തെ വിളിച്ചത്. പക്ഷേ ഒരുപാട് സ്ഥലങ്ങളില്‍ ഇത് കോപ്പി പേസ്റ്റ് ചെയ്യപ്പെട്ടു. അത് ബോധപൂര്‍വ്വം ഒരാള്‍ ചെയ്യുന്നതാണ്. അപ്പോള്‍ അയാളോട് എനിക്ക് സംസാരിക്കണമെന്ന് തോന്നി. കാരണം എന്റെ രണ്ട് വര്‍ഷത്തെ അധ്വാനമാണ് ഈ സിനിമ. എനിക്ക് കിട്ടിയ രേഖകള്‍ വച്ചിട്ട് നിയമപരമായി ഞാന്‍ മുന്നോട്ട് പോവുക തന്നെ ചെയ്യും. ഒരു കഥയുടെ സ്പോയിലര്‍ പ്രചരിപ്പിക്കുക റിവ്യൂ ചെയ്യുന്ന ഒരാളും ചെയ്യാറില്ല. ഇതിലെ പ്രധാന കാര്യം പറഞ്ഞാണ് അയാള്‍ എഴുതിയിട്ടുള്ളത്”, ഇതാണ് ജോജു പറയുന്നത്.
ജോജു സാർ അറിയാനായിആദ്യം ഒരു കാര്യം പറയാം. ഒരാൾ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് ഇടുന്നു. പിന്നീട് ഒരുപാട് സ്ഥലങ്ങളിൽ ഇത് കോപ്പി പേസ്റ്റ് ചെയ്യപ്പെടുന്നു. അതിനർത്ഥം ആ പോസ്റ്റ് ഇഷ്ടപ്പെട്ടവർ, അല്ലെങ്കിൽ സമാനമായ അഭിപ്രായം ഉള്ളവർ അത് കോപ്പി ചെയ്ത ഇടുന്നതാണ്. അല്ലാതെ എഴുതിയ അയാൾ ബോധപൂർവ്വം കോപ്പി പേസ്റ്റ് ചെയ്യുന്നു എന്ന് താങ്കൾ പറയുന്നത്, താങ്കളുടെ ബോധക്കുറവാണ്.
തങ്ങൾ സംസാരിച്ചതിന് നന്നായി തന്നെ ഭീഷണിയുടെ സ്വരം ഉണ്ടായിരുന്നു. ഒന്ന് നേരിൽ കാണാം, നേരിട്ട് കണ്ടാൽ നിന്നെ മുള്ളിക്കും എന്നൊക്കെ പറയുന്നത് സൗഹൃദ സംഭാഷണമാണോ ജോജു സാറേ?? നീ ഇപ്പോൾ ഇവിടുണ്ട്, നാളെ വിടെയാണ് എന്നൊക്കെ സ്നേഹം കൊണ്ട് ചോദിച്ചതാണെന്ന് എല്ലാവര്ക്കും മനസ്സിലാകുകയും ചെയ്യും.
പിന്നെ താങ്കൾ കോടിക്കണക്കിന് രൂപ മുടക്കിയാൻ സിനിമ പിടിച്ചത് എന്ന് പറഞ്ഞു. അതൊക്കെ ശരിയാണ്. നാട്ടുകാരെ ഉദ്ധരിക്കാൻ അല്ലല്ലോ നിങ്ങൾ കോടികൾ മുടക്കിയത്. തീർച്ചയായും അതിൽ നിന്നും ലാഭം ഉണ്ടാക്കാൻ തന്നെയാണ്. താങ്കളുടെ സിനിമ കണ്ടിട്ട് ആരും മോശം അഭിപ്രായം പറയാൻ പാടില്ലെങ്കിൽ, അത് സൗജന്യമായി കാണിക്കണം. തിയേറ്ററിൽ 200 ഉം 250 മുടക്കി ടിക്കറ്റ് എടുത്ത് സിനിമ കാണുന്നവൻ, ചിലപ്പോൾ അത് കണ്ട ശേഷം അഭിപ്രായം പറയും. ഇഷ്ടപ്പെടാത്തവർ അതും പറയും. അതൊക്കെ താങ്ങാൻ ശേഷിയില്ലെങ്കിൽ സിനിമ ഇറക്കാതെ ഇരിക്കുക. അല്ലെങ്കിൽ റിവ്യൂസ് കാണാതെ ഇരിക്കുക. അത് താങ്കളുടെ ചോയിസ് ആണ്.
ഒരിക്കൽ എറണാകുളത് ഒരു വഴി തടയൽ സമരം നടന്നപ്പോൾ തങ്ങൾ റോഡിൽ ഇറങ്ങിനിന്ന് പ്രതിഷേധിച്ചിരുന്നു. ജനങ്ങളുടെ യാത്ര സൗകര്യം തടസപ്പെടുത്തുന്നതിൽ താങ്കൾ രോഷം കൊണ്ടിരുന്നു. പക്ഷെ ഇപ്പോൾ താങ്കൾ പെരുമാറുന്നത് ഒരു നാട്ടുരാജാവിന്റെ സ്റ്റൈലിലാണ്. ഫ്യൂഡൽ തെമ്മാടി മംഗലശ്ശേരി നീലകണ്ഠൻ ഒക്കെ ഈ കാലത്ത് ഉണ്ടായിരുന്നെങ്കിൽ ആളുകൾ എടുത്ത് തോട്ടിൽ എറിഞ്ഞേനെ എന്നത് താങ്കൾക്കും കൂടി അറിയാവുന്ന കാര്യമാണ്. അതുകൊണ്ട് ദയവായി ആ അഹങ്കാരം ഒഴിവാക്കുക.
സിനിമകൾ കുറച്ച് വിജയിച്ച് കഴിയുമ്പോൾ കയ്യിൽ നല്ല കാശ് വരും. അത്രയും നാൾ തിരിഞ്ഞ് നോക്കാത്തവരൊക്കെ കൂട്ടുകാരായി വരും. രാഷ്ട്രീയത്തിലും പോലീസിലും ഒക്കെ സ്വാധീനം ഉണ്ടാകും. എന്ന് കരുതി എതിർ അഭിപ്രായം പറയുന്നവരെ ഭീഷണിപ്പെടുത്താൻ നിൽക്കരുത്. ഇതിലും വലിയ സിനിമ രാജാക്കന്മാർ കൊച്ചിയിൽ വാണിട്ടുണ്ട്. നല്ല പോലെ തലയും കുത്തിവീണിട്ടുമുണ്ട്. സാധാരണക്കാരനായ ജോജു എന്ന നടനെ ഇഷ്ടപെടുന്ന വലിയൊരു വിഭാഗം ആളുകൾ ഇപ്പോളുമുണ്ട്. താങ്കളുടെ അഭിനയം മോശമാണെന്നും ആരും പറയാൻ സാധ്യതയില്ല. എന്നുകരുതി വെറുതെ ആളുകളുടെ മെക്കിട്ട് കേറാൻ നടക്കരുത്. ഇനിയും നല്ല സിനിമകളുമായി വരണം. എടാ പോടാ വിളിയും ധാർഷ്ട്യം നിറഞ്ഞ പെരുമാറ്റവും തുടർന്നാൽ ഓടിട്ടിക്ക് പോലും വേണ്ടാത്ത സിനിമകളുമായി ഇരിക്കുന്ന ഒരു അവസ്ഥ വന്നുചേരും.
പ്രേക്ഷകർ തന്നെയാണ് നിങ്ങളെ വളർത്തുന്നതും, വാഴിക്കുന്നതും. അത് മറക്കരുത്, ജനങ്ങളെ വെറുപ്പിക്കരുത്.