തലൈവർക്കിന്ന് പുറന്തനാൾ; 74 ആം പിറന്നാൾ ആഘോഷിച്ച് രജനീകാന്ത്
ഇന്ത്യൻ സിനിമയുടെ ഒരേയൊരു സൂപ്പർസ്റ്റാർ, തലൈവർ രജനീകാന്ത് ഇന്ന് 74 ആം പിറന്നാൾ ആഘോഷിക്കുകയാണ്. 1975-ൽ കെ.ബാലചന്ദറിൻ്റെ അപൂർവരാഗങ്ങളിലൂടെയായിരുന്നു രജനികാന്തിൻ്റെ അരങ്ങേറ്റം. പിന്നീടുള്ള രജനികാന്തിൻ്റെ വളർച്ച തമിഴ് സിനിമയുടെ ചരിത്രം കൂടിയാണ്.
2007–ല്‍ ഇറങ്ങിയ ശിവാജി നൂറ് കോടി ക്ലബിലെ ആദ്യ തമിഴ് ചിത്രമായി. സിനിമാ ലോകത്തെ അമ്പരപ്പിച്ചു യന്തിരനും രജനിയും. കബാലിയും കാലയും പേട്ടയും ജയിലറും വേട്ടയ്യനുമെല്ലാം ന്യൂജനറേഷനേയും രജനി ആരാധകരാക്കി. പരസ്യചിത്രങ്ങളില്‍ അഭിയനിക്കാത്ത താരം. ശിവാജിറാവു ഗെയ്ക്ക്വാദിനെ തലൈവര്‍ രജനികാന്ത് ആക്കിയ ആരാധകര്ക്കയാള് നിര്‍വചിക്കാനാകാത്ത ഒരു വികാരമാണ് പത്മഭൂഷണ്‍, പത്മവിഭൂഷണും ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരവും നല്കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ലോകം മുഴുവന്‍ ജന്മദിനം ആശംസിക്കുമ്പോള്‍ പുതിയ ചിത്രം കൂലിയുടെ തിരക്കിലാണ് അദ്ദേഹം.
50 വര്‍ഷത്തോട് അടുക്കുന്ന തൻ്റെ സിനിമ ജീവിതത്തിൽ, ആ താരപെരുമയ്ക്ക് ഒരു മങ്ങലുമേറ്റിട്ടില്ല. ശിവാജിറാവു ഗെയ്ക്വാദ് എന്ന ബസ് കണ്ടക്ടറിൽ നിന്നും ‘രജനികാന്ത്’ എന്ന നടനുണ്ടായതും അവിടെ നിന്നും ലോകം ആരാധിക്കുന്ന സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് എന്ന വിശേഷണത്തിലെത്തിയതും ഒരു ‘രജനി പടം’ പോലെ ആവേശം തരുന്നതാണ്. വില്ലനില്‍ നിന്ന് നായകനിലേക്കും നായകനില്‍ നിന്ന് സൂപ്പര്‍ സ്റ്റാറിലേക്കും പിന്നീട് തലൈവരിലേക്കുമുള്ള പരിണാമം. വയസുകാണിക്കാന് മടിക്കുന്നവര്‍ക്കിടയില്‍ മേക്കപ്പുകളില്ലാതെ ജനങ്ങള്‍ക്കിടയിലേക്ക് നടന്നുവരുന്ന ഇതിഹാസം.
പടയപ്പാ എന്ന സിനിമയിൽ രമ്യാകൃഷ്ണൻ രജനീകാന്തിന്റെ കഥാപാത്രത്തോട് പറയുന്ന ഒരു ഡയലോഗുണ്ട്.. “വയസാനാലും ഉങ്ക അളകും സ്റ്റൈലും ഇന്നും ഉങ്കളെ വിട്ടു പോകലെ… അതൊരു യാഥാർഥ്യമാണ്. മേക്കപ്പിടാതെ വേദികളിൽ പ്രത്യക്ഷപ്പെടുന്ന രജനീകാന്ത്, ഫുൾ മേക്കപ്പിൽ സ്ക്രീനിൽ എത്തുമ്പോൾ ആരാധകരുടെ കയ്യടിക്ക് ഇന്നും കുറവില്ല. ഇന്ത്യൻ സിനിമയുടെ ഒരേയൊരു സൂപ്പർ സ്റ്റാറിന് പിറന്നാൾ ആശംസകൾ..