രഞ്ജിത്തിനെ മാറ്റണം: ചലച്ചിത്രമേളയ്ക്കിടെ സമാന്തര യോഗം ചേര്‍ന്ന് അക്കാദമി അംഗങ്ങള്‍
ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്തിനെതിരെ പോര്‍മുഖം തുറന്ന് അക്കാദമി അംഗങ്ങള്‍. കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്കിടെ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ സമാന്തര യോഗം ചേര്‍ന്നു. രഞ്ജിത്തിനെ മാറ്റണമെന്നാവശ്യപ്പെട്ട് അക്കാദമി അംഗങ്ങള്‍ സാംസ്കാരിക മന്ത്രിക്കും സാംസ്കാരിക സെക്രട്ടറിക്കും കത്തയച്ചു.
ചലച്ചിത്ര മേളയുടെ പ്രധാന വേദിയായ ടാഗോര്‍ തിയറ്ററില്‍ ചെയര്‍മാന്റെ മുറിയോട് ചേര്‍ന്നുള്ള മറ്റൊരു മുറിയിലാണ് അക്കാദമി അംഗങ്ങള്‍ സമാന്തരയോഗം ചേര്‍ന്നത്. 15 അംഗങ്ങളില്‍ ഒമ്ബതുപേര്‍ യോഗത്തില്‍ പങ്കെടുത്തു.
ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ കുക്കു പരമേശ്വരന്, മനോജ് കാന, എന്‍. അരുണ്‍, മമ്മി സെഞ്ചുറി തുടങ്ങിയവരാണ് യോഗം ചേര്‍ന്നത്. ചില അംഗങ്ങള്‍ ഓണ്‍ലൈനായും പങ്കെടുത്തു.
ആരോടും ആലോചിക്കാതെ തന്നിഷ്ടപ്രകാരം കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകുന്ന ചെയര്മാൻ ആരെയും വിശ്വാസത്തിലെടുക്കാതെ ഏകാധിപത്യ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ ആരോപിച്ചു.