സുവർണമയൂരം ലിത്വാനിയൻ ചിത്രം ടോക്സിക്കിന്; വിക്രാന്ത് മാസ്സി ‘ഇന്ത്യൻ ഫിലിം പേഴ്സണാലിറ്റി ഓഫ് ദി ഇയർ’
ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മികച്ച സിനിമയ്ക്കുള്ള സുവർണമയൂരം ലിത്വാനിയൻ ചിത്രം ടോക്സിക്കിന്. സൗളി ബിലുവെെറ്റെയാണ് ചിത്രം സംവിധാനം ചെയ്തത്. 40 ലക്ഷം രൂപയാണ് സമ്മാനത്തുക. ‘ദി ന്യൂ ഇയർ ദാറ്റ് നെവർ കേം’ എന്ന ചിത്രത്തിലൂടെ ബോഗ്ദൻ മുറാസെനു മികച്ച സംവിധായകനുള്ള പുരസ്കാരം നേടി.
‘ഹോളി കൗ’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ക്ലമന്റ് ഫാവോ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ടോക്സിക്കിലെ പ്രകടനത്തിലൂടെ ആരാധക മനം കവർന്ന വെസ്റ്റ മറ്റുലായിറ്റെയും ലെവ റുപകായിറ്റെയും മികച്ച നടിമാരായി.
ലൂയിസ് കര്വോസിയർ സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രം ‘ഹോളി കൗ’വിന് ആണ് പ്രത്യേക ജൂറി പരാമർശം. ഗരത് ഗണപതി ഒരുക്കിയ നവ്ജോത് ബന്ധിവാടേക്കർ ആണ് മികച്ച ഇന്ത്യൻ നവാഗത സംവിധായകൻ. ലോക ചലച്ചിത്രമേഖലയിലെ ആജീവനാന്ത സംഭാവനയ്ക്ക് ഏർപ്പെടുത്തിയ സത്യജിത് റായ് പുരസ്കാരം ഫിലിപ്പ് നോയ്സിന് സമ്മാനിച്ചു. ഇന്ത്യൻ ഫിലിം പേഴ്സണാലിറ്റി ഓഫ് ദി ഇയർ പുരസ്കാരം ബോളിവുഡ് താരം വിക്രാന്ത് മാസ്സിക്കാണ്.
മികച്ച വെബ് സീരീസായി ‘ലംപൻ’ തെരഞ്ഞെടുത്തു. നവാഗത സംവിധായകരുടെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം സാറ ഫ്രീഡലൻഡ് സംവിധാനം ചെയ്ത ‘ഫെമിലിയർ ടച്ചിന്’ ലഭിച്ചു. ശ്യാമപ്രദാസ് മുഖർജി ഓഡിറ്റോയത്തിൽ ചൊവ്വാഴ്ച വൈകീട്ട് അഞ്ചര മണിമുതൽ തുടങ്ങിയ സമാപന ചടങ്ങുകളിൽ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, വിക്രാന്ത് മാസ്സി, പ്രതീക് ഗാന്ധി, രശ്മിക മന്ദാന എന്നിവർ പങ്കെടുത്തു.