എ. ആർ. മുരുഗദോസ് സംവിധാനം ചെയ്യുന്ന ശിവകാർത്തികേയൻ ചിത്രം മദ്രാസിയിലെ അനിരുദ്ധ് ഒരുക്കിയ ആദ്യ ഗാനം “സലമ്പല” പ്രേക്ഷകരിലേക്ക്

ശിവകാർത്തികേയനെ നായകനാക്കി എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ സിനിമയാണ് മദ്രാസി. ഇപ്പോഴിതാ സിനിമയിലെ ആദ്യ ഗാനം സലമ്പല പ്രേക്ഷകരിലേക്കെത്തിയിരിക്കുകയാണ്.അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിലെ സലമ്പല ഗാനം ആലപിച്ചിരിക്കുന്നത്. ഈ ഗാനം നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്. സലമ്പല ഗാനത്തിന്റെ വരികൾ സൂപ്പർ സുബുവിന്റേതാണ്. സായ് അഭ്യങ്കാറും അനിരുദ്ധ് രവിചന്ദറും ആദ്യമായി ഒന്നിക്കുന്ന ഗാനം കൂടിയാണിത്. ശിവകാർത്തികേയന്റെ കരിയറിലെ ഏറ്റവും ഉയർന്ന ബജറ്റിലാണ് സിനിമയൊരുങ്ങുന്നത്. ചിത്രത്തിൽ മലയാളികളുടെ പ്രിയപ്പെട്ട താരം ബിജുമേനോനും കേന്ദ്ര കഥാപാത്രത്തിലെത്തുന്നു. ബിജു മേനോന്റെ കരിയറിലെ ഒൻപതാമത്തെ തമിഴ് ചിത്രമാണിത്.
ഗജിനിയും തുപ്പാക്കിയും പോലെയുള്ള ഒരു സിനിമയാകും മദ്രാസി എന്നാണ് ഒരു ഇന്റർവ്യൂവിൽ മുരുഗദോസ് അഭിപ്രായപ്പെട്ടിരുന്നു. ‘ഗജിനി പോലത്തെ തിരക്കഥയും തുപ്പാക്കിയിലെ പോലത്തെ ആക്ഷൻ സീനുകളുമാണ് മദ്രാസിക്കായി ഞാൻ ഒരുക്കിയിരിക്കുന്നത്. അതായിരുന്നു എന്റെ വിഷൻ. അത് കൃത്യമായി ഫൈനൽ ഔട്ട്പുട്ടിൽ വന്നിട്ടുമുണ്ട്’, മുരുഗദോസ് പറഞ്ഞു.
ശ്രീ ലക്ഷ്മി മൂവീസ് നിർമ്മിക്കുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ, രുക്മിണി വസന്ത് , വിദ്യുത് ജമാൽ, ബിജു മേനോൻ, ഷബീർ കല്ലറക്കൽ, വിക്രാന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. മദ്രാസിയുടെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദർ, സിനിമാട്ടോഗ്രാഫി: സുധീപ് ഇളമൺ, എഡിറ്റിങ് : ശ്രീകർ പ്രസാദ്, കലാസംവിധാനം: അരുൺ വെഞ്ഞാറമൂട്, ആക്ഷൻ കൊറിയോഗ്രാഫി : കെവിൻ മാസ്റ്റർ ആൻഡ് മാസ്റ്റർ ദിലീപ് സുബ്ബരായൻ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൽട്ടന്റ് : പ്രതീഷ് ശേഖർ എന്നിവരാണ്. മദ്രാസി സെപ്റ്റംബർ അഞ്ചിന് ലോകവ്യാപകമായി തിയേറ്ററുകളിലെത്തും.