നാഗ ചൈതന്യയും ശോഭിത ധുലിപാലയും വിവാഹിതരായി; വിവാഹം നടന്നത് അന്നപൂർണ സ്റ്റുഡിയോയിൽ

ഹൈദരാബാദിലെ പ്രശസ്തമായ അന്നപൂർണ സ്റ്റുഡിയോയിൽ നടന്ന ഗംഭീരവും പരമ്പരാഗതവുമായ ചടങ്ങിൽ നാഗ ചൈതന്യയും ശോഭിത ധുലിപാലയും വിവാഹിതരായി. ഇതിഹാസ നടനും നിർമ്മാതാവുമായ നാഗേശ്വര റാവുവിന്റെ ജന്മശതാബ്ദി ആഘോഷിക്കുന്ന പ്രതിമ അനാച്ഛാദനം ചെയ്തതിന് ശേഷം, അവിടെ നടക്കുന്ന ആദ്യത്തെ പ്രധാന ആഘോഷമായതിനാൽ ഈ പ്രത്യേക അവസരത്തിന് വളരെയധികം വൈകാരിക മൂല്യമുണ്ട്. മുതിർന്നവരുടെ മാർഗനിർദേശപ്രകാരം നടന്ന ആചാരങ്ങളോടെ, തെലുങ്ക് പാരമ്പര്യത്തിന്റെ അതിശയകരമായ ദൃശ്യങ്ങളായിരുന്നു രാത്രി 8:13 ന് നടന്ന വിവാഹ ചടങ്ങിൽ കാണാൻ സാധിച്ചത്.

കുടുംബാംഗങ്ങൾക്കും അടുത്ത സുഹൃത്തുക്കൾക്കും പുറമെ നിരവധി സെലിബ്രിറ്റികളും ചടങ്ങിൽ പങ്കെടുത്തു. ഈ വിവാഹം തങ്ങളുടെ കുടുംബത്തിന് വളരെ അർത്ഥവത്തായ നിമിഷമാണ് എന്നും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സ്നേഹ വലയത്തിൽ, അന്നപൂർണ സ്റ്റുഡിയോയിൽ ചായും ശോഭിതയും അവരുടെ യാത്ര ആരംഭിക്കുന്നത് തന്റെ ഹൃദയത്തിൽ വളരെയധികം അഭിമാനവും നന്ദിയും നിറയ്ക്കുന്നു എന്നും നാഗാർജുന അക്കിനേനി പറഞ്ഞു. കുടുംബം, ബഹുമാനം, ഐക്യം എന്നിവക്ക് വേണ്ടിയാണ് തന്റെ പിതാവ് നിലകൊണ്ടതെന്നും, അവക്കൊപ്പം സ്നേഹം, പാരമ്പര്യം, ഐക്യം എന്നിവയുടെ ആഘോഷമാണ് ഈ വിവാഹം പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നാഗ ചൈതന്യയും ശോഭിതയും ഈ മനോഹരമായ അധ്യായം ആരംഭിക്കുന്നത് കാണുന്നത് തങ്ങൾക്ക് വലിയ സന്തോഷത്തിന്റെ നിമിഷമാണ് എന്നും അതിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ ശരിക്കും അനുഗ്രഹിക്കപ്പെട്ടവരാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രിയപ്പെട്ട ശോഭിതയെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നു എന്നും, പ്രിയപ്പെട്ട ചായ്ക്ക് അഭിനന്ദനങ്ങൾ എന്നും വിവാഹത്തിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പങ്ക് വെച്ച് കൊണ്ട് നാഗാർജുന കുറിച്ചു. തെലുങ്ക് വിവാഹ പാരമ്പര്യങ്ങളുടെ ഊർജ്ജസ്വലവും ഹൃദയംഗമവുമായ ദൃശ്യങ്ങൾ പ്രതിഫലിപ്പിക്കുന്ന ചടങ്ങുകൾ രാത്രി ഒരു മണി വരെയാണ് തുടരുക. ലഗ്നത്തിനായി, വധു ചുവന്ന ബോർഡറുള്ള വെളുത്ത പരമ്പരാഗത സിൽക്ക് സാരി ധരിച്ചപ്പോൾ, വരൻ ഒരു ക്ലാസിക് പട്ടു പഞ്ച ആണ് അണിഞ്ഞത്. ഇത് അവരുടെ തെലുങ്ക് വേരുകളുമായുള്ള ആഴത്തിലുള്ള ബന്ധത്തെ പ്രതിഫലിപ്പിക്കുന്നു. വധുവിന്റെ സ്വാഭാവിക ചാരുത ഉയർത്തിക്കാട്ടുന്നതിനും ചടങ്ങിന്റെ സാംസ്കാരിക സത്തയുടെ സമ്പന്നതയെ പൂർത്തീകരിക്കുന്നതിനുമായാണ് ഇത്തരത്തിലൊരു വസ്ത്രധാരണം തിരഞ്ഞെടുത്തിരിക്കുന്നത്.
ചടങ്ങിലെ ഓരോ ഘടകവും, ആചാരങ്ങൾ മുതൽ സംഘങ്ങൾ വരെ, പൈതൃകത്തിന്റെയും ഉത്സവ പ്രൌഢിയുടെയും കഥയാണ് പ്രതിഫലിപ്പിച്ചത്. എല്ലാവരുടെയും ഹൃദയങ്ങളിൽ ശാശ്വതമായ ഓർമ്മകൾ അവശേഷിപ്പിച്ചുകൊണ്ട്, പാരമ്പര്യവും ആധുനികതയും മനോഹരമായി സംയോജിപ്പിച്ച ചടങ്ങ് അക്കിനേനി കുടുംബത്തിന് ഒരിക്കലും മറക്കാനാവാത്ത ദിവസമാണ് സമ്മാനിച്ചത്.