ആദ്യ ദിനം 130+ ലേറ്റ് നൈറ്റ് ഷോകളുമായി വേഫെറർ ഫിലിംസിൻ്റെ “ലോക – ചാപ്റ്റർ വൺ: ചന്ദ്ര”; ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രതികരണം

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര”ക്ക് ഗംഭീര പ്രേക്ഷക പ്രതികരണം. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ കേരളത്തിൽ മാത്രം 130+ ലേറ്റ് നൈറ്റ് ഷോകളാണ് ചിത്രത്തിന് വേണ്ടി എക്സ്ട്രാ ആയി കൂട്ടിച്ചേർത്തത്. കേരളത്തിലെ 250 ലധികം സ്ക്രീനുകളിലായി ആയിരത്തിലധികം ഷോകളാണു ചിത്രം ആദ്യം ദിനം കളിച്ചത്. കല്യാണി പ്രിയദർശൻ, നസ്ലൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന ‘ലോക’ രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. “ലോക” എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് “ചന്ദ്ര”.
മലയാള സിനിമാ പ്രേക്ഷകർക്ക് മുന്നിലേക്ക് ഒരത്ഭുത ലോകമാണ് ഈ ചിത്രം തുറന്നിടുന്നത്. കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ കഥാപാത്രമാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്. കേരളത്തിൻ്റെ സംസ്കാരത്തിലും മിത്തുകളിലും ഊന്നി ഒരു സൂപ്പർഹീറോ ലോകം തന്നെയാണ് ചിത്രത്തിലൂടെ ഡൊമിനിക് അരുൺ സൃഷ്ടിച്ചിരിക്കുന്നത്. ചന്ദ്ര എന്ന ടൈറ്റിൽ കഥാപാത്രമായി തൻ്റെ കരിയർ ബെസ്റ്റ് പ്രകടനമാണ് കല്യാണി പ്രിയദർശൻ കാഴ്ച വെച്ചത്. സണ്ണി ആയി നസ്ലൻ, ഇൻസ്പെക്ടർ നാചിയപ്പ ഗൗഡ ആയി സാൻഡി എന്നിവരും ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ചു. വേണു എന്ന കഥാപാത്രമായി ചന്ദുവും, നൈജിൽ ആയി അരുൺ കുര്യനും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ശാന്തി ബാലചന്ദ്രൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ഒന്നിലധികം ഭാഗങ്ങളിൽ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്സിൻ്റെ ആദ്യ ഭാഗമാണ് “ലോക – ചാപ്റ്റർ വൺ: ചന്ദ്ര”.
ചിത്രത്തിൽ അതിഥി താരങ്ങളുടെ ഒരു വലിയ നിരതന്നെയുണ്ട്. അവരെ അവതരിപ്പിക്കുന്ന രംഗങ്ങളും കരഘോഷങ്ങളോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. യാനിക്ക് ബെൻ ഒരുക്കിയ ഗംഭീര ആക്ഷൻ രംഗങ്ങൾ ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറിയിട്ടുണ്ട്. ആദ്യാവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ചിത്രം അതിനൊപ്പം വൈകാരിക നിമിഷങ്ങൾ, ഫൺ, സസ്പെൻസ് എന്നിവ കോർത്തിണക്കിയാണ് ഒരുക്കിയിരിക്കുന്നത്.
കേരളത്തിൽ വമ്പൻ റിലീസായി വേഫെറർ ഫിലിംസ് എത്തിച്ച ചിത്രം റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ വിതരണം ചെയ്തിരിക്കുന്നത് വലിയ വിതരണക്കാരാണ്. തമിഴിൽ എ ജി എസ് സിനിമാസ്, കർണാടകയിൽ ലൈറ്റർ ബുദ്ധ ഫിലിംസ് എന്നിവർ റിലീസ് ചെയ്ത ചിത്രം, തെലുങ്കിൽ സിതാര എൻ്റർടെയ്ൻമെൻ്റ്സ്, നോർത്ത് ഇന്ത്യയിൽ പെൻ മരുധാർ എന്നിവരാണ് എത്തിച്ചത്.
ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റർ – ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്