കാനില്‍ അഭിമാനമായി സന്തോഷ് ശിവൻ ; പിയര്‍ ആഞ്ചനിയോ പുരസ്ക്കാരം ഏറ്റുവാങ്ങി

കാൻ ചലച്ചിത്രോത്സവത്തില്‍ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തി വിഖ്യാത ഛായാഗ്രാഹകൻ സന്തോഷ് ശിവൻ പ്രശസ്തമായ പിയർ ആഞ്ചനിയോ പുരസ്കാരം ഏറ്റുവാങ്ങി.
ലോകത്തെ ഏറ്റവും മികച്ച ഛായാഗ്രാഹകരെ ആദരിക്കുന്ന സ്വതന്ത്ര പുരസ്കാരം കാനിലെ നിറഞ്ഞ സദസിലാണ് സന്തോഷ് ശിവൻ സ്വീകരിച്ചത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഏഷ്യൻ ഛായാഗ്രാഹകനാണ്. ആഞ്ചനിയോ സ്ഥാപന മേധാവി ഇമ്മാനുവേലും ബോളിവുഡ് നടി പ്രീതി സിന്റയും ചേർന്നാണ് സന്തോഷ് ശിവൻ എന്ന പേര് ആലേഖനം ചെയ്ത ലെൻസുകളടങ്ങുന്ന പുരസ്ക്കാരം സമ്മാനിച്ചത്. വെള്ളിയാഴ്ച രാത്രി അദ്ദേഹത്തിന് റെഡ് കാർപ്പറ്റ് വരവേല്‍പ്പ് നല്‍കിയിരുന്നു. സന്തോഷ് ശിവന്റെ ഭാര്യ ദീപ, മകൻ സർവ്വജിത് എന്നിവരും സന്നിഹിതരായിരുന്നു.
‘ എന്റെ ചലച്ചിത്ര ജീവിതത്തിലെ അവിസ്മരണീയമായ നിമിഷമാണിത്. കാനില്‍ ഇങ്ങനെ ആദരിക്കപ്പെടുന്നത് വിസ്മയകരമാണ്. എന്റെ അച്ഛനും അമ്മയും മുത്തശ്ശിയും അടുത്തിടെ വിടപറഞ്ഞ സഹോദരനും ഈ അഭിമാന നിമിഷത്തില്‍ ചിരിതൂകുന്നുണ്ടാകാം. കേരളത്തിന്റെ പ്രകൃതിയും സംസ്ക്കാരവും മുത്തശ്ശിയില്‍ നിന്നും അച്ഛനില്‍ നിന്നും പകർന്നു കിട്ടി.അത് വലിയ ഊർജ്ജമായി. ഞാൻ ഒരു മോശം ഭർത്താവാണ്.കാരണം എപ്പോഴും സിനിമാ ചിത്രീകരണത്തിലാകും. ഭാര്യയും മകനും ഇവിടെ എത്തിയത് ആനന്ദകരമാണ്. സിനിമയുടെ അടിസ്ഥാന പാഠങ്ങള്‍ പഠിപ്പിച്ച മലയാളം സിനിമയെ ഓർക്കുന്നു. മലയാളത്തില്‍ തുടങ്ങി തമിഴിലൂടെ ഹിന്ദിയിലും ഹോളിവുഡ്ഢിലും എത്തി. ഇത് വലിയ ബഹുമതിയാണ്. ആഞ്ചനിയോ കുടുംബത്തിനും നന്ദി പറയുന്നു.’ – സന്തോഷ് ശിവൻ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.