വിനായകനെയല്ല, ഒരു വിഷജീവിയെയും ഭയമില്ലെന്ന് പാട്ടുകാരുടെ യൂണിയൻ; വിനായകനെ വിറപ്പിച്ച് കൊണ്ട് ഫേസ്ബുക്കിൽ ”സമ”ത്തിൻറെ പോസ്റ്റ്!!!

മലയാള സിനിമയിലെ പാട്ടുകാർ ഇപ്പോൾ ഒരുമിച്ചിട്ടുണ്ട്. നേരത്തെ ഇക്കൂട്ടരെ ഇതേപോലെ ഒരുമിച്ച്, ഒരേ സ്വരത്തിൽ പറയുന്നത് കണ്ടിട്ടില്ല, കേട്ടിട്ടില്ല. പാട്ടുകാരുടെ കൂട്ടായ്മ സജീവമാക്കിയതിന് നടൻ വിനായകനോടാണ് നന്ദി പറയേണ്ടത്.
വിനായകൻ ഗായകൻ യേശുദാസിനെ അധിക്ഷേപിച്ച സംഭവത്തിൽ പ്രതിഷേധമറിയിച്ചാണ് മലയാളം പിന്നണിഗായകരുടെ സംഘടനയായ സമം ഇപ്പോൾ എത്തിയിരിക്കുന്നത്. പിന്നണിഗായകൻ കെ. ജെ. യേശുദാസിനെതിരെ നടൻ വിനായകൻ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ മലയാളം പിന്നണിഗായകരുടെ സംഘടനയായ സമം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഫേസ്ബുക്കിൽ നൽകിയ പ്രസ്താവനയിൽ , യേശുദാസിനെതിരെ ഉപയോഗിച്ച അസഭ്യവും അപമാനകരവുമായ ഭാഷ മലയാളി സമൂഹത്തിന് തന്നെ അപമാനകരമാണെന്നും, ദാസേട്ടനോടും പൊതുസമൂഹത്തോടും വ്യക്തിപരമായി പേരെടുത്തു പറഞ്ഞ്, വിനായകൻ ക്ഷമാപണം നടത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. വിനായകാ ഇത് വെറുമൊരു സോറിയിൽ തീരില്ലാ. ഈ വിനാശകനെതിരെ കേസ് എടുക്കണമെന്നാണ് സമം പറയുന്നത്.
വിനായകൻ ക്ഷമാപണം നടത്താത്ത പക്ഷം, അദ്ദേഹം അഭിനയിക്കുന്ന സിനിമകളും പങ്കെടുക്കുന്ന പൊതുപരിപാടികളും കാണുന്നതിൽ നിന്ന് സഹൃദയർ വിട്ടുനിൽക്കുമെന്ന മുന്നറിയിപ്പും സമം പ്രസ്താവനയിൽ നൽകുന്നുണ്ട്.
യേശുദാസ് കേരളത്തിന്റെ മാത്രം അഭിമാനമല്ല, ഇന്ത്യൻ സംഗീതലോകത്തിന്റെ വലിയൊരു പാരമ്പര്യത്തിന്റെ പ്രതീകമാണെന്നും, ഇത്തരത്തിലുള്ള വ്യക്തിപരമായ ആക്രമണം കലയുടെ ഗൗരവത്തെയും സംസ്കാരത്തിന്റെ മഹത്വത്തെയും ബാധിക്കുന്നതാണെന്നും ഇവർ പറയുന്നുണ്ട്.
അവർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത് വിനായകൻ എന്ന വ്യക്തി കഴിഞ്ഞ ഏതാനും വർഷങ്ങളായി സമൂഹമാധ്യമങ്ങളിലൂടെയും നിത്യജീവിതത്തിലും കാട്ടിക്കൂട്ടുന്ന നിയമവിരുദ്ധമായ പ്രവൃത്തികൾ നാം കണ്ടതാണ്. കഴിഞ്ഞ അഞ്ചു വർഷത്തിലേറെക്കാലമായി അമേരിക്കയിൽ ഇളയപുത്രന്റെയും കുടുംബത്തിന്റെയുമൊപ്പം ജീവിച്ച് നിത്യേന സംഗീത തപസ്യ തുടരുകയും കേരളത്തിലെ ആനുകാലികസംഭവങ്ങളിലൊന്നും ഇടപെടാതെ മാറിനിൽക്കുകയും ചെയ്യുന്ന ഗന്ധർവ്വഗായകൻ തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വന്ന അപവാദങ്ങൾക്കെതിരെ പ്രതികരിച്ചിട്ടില്ല.
“ശ്രീ വിനായകം നമാമ്യഹം” എന്നു പാടിയ കണ്ഠത്തിൽ നിന്ന് മറിച്ച് ഒരു പ്രതിഷേധവും പ്രതീക്ഷിക്കേണ്ടതുമില്ല. മലയാളത്തിലെ എല്ലാ പിന്നണിഗായകരും അംഗങ്ങളായ സംഘടനയുടെ ചെയർമാൻ എന്ന നിലയിൽ അദ്ദേഹത്തിനു നേരെയുണ്ടായ പരാമർശങ്ങൾ – ഞങ്ങളോരോരുത്തരുടെയും മാനനഷ്ടം കൂടിയാകുന്നു.
സമാരാധ്യനായ ഞങ്ങളുടെ ചെയർമാൻ ഇത്തവണയും പ്രതികരിക്കാതിരിക്കുകയും ഒരു യോഗിയുടെ മനസ്സോടെ തികഞ്ഞ നിസ്സംഗത പാലിക്കുകയും ചെയ്തു. അതാണ് ഞങ്ങളും അതിനെതിരെ പ്രതികരിക്കാതെ ഇരുന്നത്. അതേസമയം, ഈ വിനാശകനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്കും സാംസ്കാരിക-സിനിമ വകുപ്പ് മന്ത്രിക്കും, നടപടി ആവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും AMMA സംഘടനക്കും പരാതി നൽകിയിട്ടുണ്ട്.
യേശുദാസ് എന്ന മഹാസംഗീതജ്ഞന്റെ സംഗീതം ജീവവായുവായി ക്കരുതുന്ന കോടിക്കണക്കിന് ആരാധകരുടെ ഹൃദയത്തിലേറ്റ മുറിവുണക്കാൻ ഞങ്ങളുടെ ചുരുങ്ങിയ വാക്കുകളിലെ പ്രതിഷേധം പര്യാപ്തമല്ല എന്നു തിരിച്ചറിയുന്നു. “വിനായകനെ എന്നല്ല സാമൂഹ്യമാധ്യമങ്ങളിലെ ഒരു വിഷജീവിയെയും ഞങ്ങൾക്കു ഭയമില്ല.” ഈ സംസ്കാരശൂന്യതയ്ക്കെതിരെ – സൈബർ ഗുണ്ടായിസത്തിനെതിരെ ഞങ്ങൾ ഏതറ്റം വരെയും പോകും.
മലയാളികളുടെ സ്വന്തം ദാസേട്ടനോടും പൊതുസമൂഹത്തോടും അദ്ദേഹത്തിന്റെ പേരെടുത്തു പറഞ്ഞ് ക്ഷമാപണം നടത്താത്ത പക്ഷം, അതും വെറുമൊരു Sorry അല്ല, വിനായകൻ അഭിനയിക്കുന്ന ചലച്ചിത്രങ്ങളും പങ്കെടുക്കുന്ന പൊതുപരിപാടികളും കാണാൻ ഇവിടെ സഹൃദയരുണ്ടാവില്ല. സംസ്കാരശൂന്യമായ പെരുമാറ്റം കൊണ്ട് നാടിന്നപമാനമായിത്തീർന്ന വിനായകനെ മര്യാദ പഠിപ്പിക്കണമെന്നു കലാകേരളത്തോടും കലാപ്രേമികളോടും ഞങ്ങൾ വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു. ഇതൊക്കെയാണ് സമം എന്ന സംഘടനാ പറയുന്നത്.
നിങ്ങൾക്ക് പ്രതിഷേധം ഉണ്ടെങ്കിൽ കേസ് കൊടുക്കാം. വിനായകന്റെ സിനിമകൾ ബഹിഷ്കരിക്കാം. അതൊക്കെ കാണാൻ സഹൃദയർ ആരും ഉണ്ടാവില്ലെന്ന് പറയാൻ നിങ്ങൾ ആയിട്ടില്ല. വിനായകന്റെ സിനിമകൾ കാണുന്നവർ ഇനിയും അത് കാണും. കാണാതിരുന്നത് നിങ്ങളുടെ ഇഷ്ടം.
‘ശരീരത്തിൽ ഒന്നും അസഭ്യമായില്ല എന്നിരിക്കെ സ്ത്രീകൾ ജീൻസോ, ലെഗിൻസോ ഇടുന്നതിനെ അസഭ്യമായി ചിത്രീകരിച്ച യേശുദാസ് പറഞ്ഞത് ഒരു അസഭ്യമല്ലേ എന്നാണ് വിനായകൻ എഴുതിയത്. അടൂര് ഗോപാലകൃഷ്ണൻ നടത്തിയ വിവാദ പരാമർശങ്ങളെയും വിനായകൻ വിമർശിച്ചിരുന്നു. അതിലെ ഭാഷ മോശമാണെങ്കിൽ തീർച്ചയായും നിയമത്തിന്റെ വഴിക്കാണ് നിങ്ങൾ നീങ്ങേണ്ടത്.
യേശുദാസ് നല്ല പാട്ടുകാരനാണ്. എന്ന് കരുതി വിമർശനത്തിന് അതീതനുമല്ല. ഇപ്പോൾ അദ്ദേഹത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രംഗത്ത് വരുന്ന പലരും, തങ്ങൾക്ക് അർഹമായ സ്ഥാനം മലയാള സിനിമയിൽ നിഷേധിക്കപ്പെട്ടത് എന്ത് കൊണ്ടായിരുന്നു എന്നുകൂടി ആലോചിക്കുക. ദൈവീകമായ സ്വരം ഉണ്ടായത് കൊണ്ടോ, ഭക്തിഗാനങ്ങൾ പാടിയത് കൊണ്ടോ ആരും ദൈവ തുല്യൻ ആകുന്നില്ല. ആദ്യം നല്ല മനുഷ്യൻ ആകുക. സഹജീവികളോടും, കൈപിടിച്ച് ഉയർത്തിയ ഗുരുതുല്യന്മാരോടും ബഹുമാനം കാണിക്കുക. പറ്റുന്ന അവസരങ്ങളിൽ അവരെയൊക്കെ സഹായിക്കുക. പാട്ടുകാർ ഒന്നടങ്കം വിനായകൻ വെല്ലുവിളിച്ച് രംഗത്ത് വന്നത് കൊണ്ട്, ഇനി ജഗദീശ്വരന് മാത്രമേ വിനായകനെ രക്ഷിക്കാൻ കഴിയൂ എന്നാണ് തോന്നുന്നത്.