ധീരമായ കാൽ വെയ്പ്പുമായി ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്; ഇന്ത്യൻ സിനിമയിൽ പുതിയ ചരിത്രം കുറിച്ച് “ലോക”

ദുൽഖർ സൽമാൻ്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച “ലോക: ചാപ്റ്റർ വൺ ചന്ദ്ര” ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഹൃദയം കൊണ്ട് സ്വീകരിച്ചിരിക്കുകയാണ്. വേഫേറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമാണിത്. ലോക നിലവാരത്തിൽ ഒരുക്കിയ ഈ മലയാള ചിത്രം കേരളത്തിൻ്റെ അതിരുകൾ താണ്ടി അഭിനന്ദനം നേടുമ്പോൾ പ്രേക്ഷകർ കയ്യടിക്കുന്നത് ദുൽഖർ സൽമാനും വേഫേറർ ഫിലിംസിനും കൂടിയാണ്. ഇത്രയും സങ്കേതിക പൂർണതയിൽ ഒരു ചിത്രം നിർമ്മിക്കുക എന്നതും, സ്ത്രീ കഥാപാത്രത്തെ ചിത്രത്തിൻ്റെ കേന്ദ്രമായി നിർത്തിക്കൊണ്ട് ഇത്രയും വമ്പൻ കാൻവാസിൽ, മലയാള സിനിമ ഇതുവരെ കാണാത്ത തരത്തിൽ കഥ പറയുന്ന ഒരു ചിത്രത്തിന് പിന്തുണ കൊടുക്കുക എന്നതുമാണ് ദുൽഖർ സൽമാൻ ചെയ്തത്. ഒരുപക്ഷേ മലയാള സിനിമയിൽ ഒരു നിർമ്മാതാവ് കാണിച്ച ഏറ്റവും വലിയ ദീർഘ വീക്ഷണം കൂടിയാണ് ഇതെന്ന് വിശേഷിപ്പിക്കാം. ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിന് തന്നെ ഇതിലൂടെ തുടക്കം കുറിക്കുമ്പോൾ മലയാള സിനിമ അതിൻ്റെ അതിരുകൾ ഭേദിച്ച് വളരുന്നതിന് വേഫേറർ ഫിലിംസ് ഒരു നിമിത്തമായി മാറുകയാണ്. ഇതിന് മുൻപും ഗംഭീര ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച ഈ ബാനർ മലയാള സിനിമയുടെ വളർച്ചയിലെ ശ്രദ്ധേയമായ ഒരു നാഴികക്കല്ല് കൂടിയാണ് ലോകയിലൂടെ ഇപ്പൊൾ സ്ഥാപിച്ചിരിക്കുന്നത്. ലോക എന്ന ചിത്രത്തിലൂടെ ദുൽഖർ സൽമാൻ നടത്തിയ ധീരമായ ഈ കാൽ വെയ്പ്പ് ഇപ്പൊൾ ഇന്ത്യൻ സിനിമയിൽ തന്നെ ചരിത്രം ആവുകയാണ്. ഒരു നടനെന്ന നിലയിൽ മാത്രമല്ല, ഒരു നിർമ്മാതാവ് എന്ന നിലയിലും മലയാള സിനിമക്ക് ദുൽഖർ സൽമാൻ നൽകുന്ന സംഭാവന “ലോക” ഇവിടെ കുറിക്കുന്ന ചരിത്രത്തോടൊപ്പം ചേർത്ത് വായിക്കപ്പെടുമെന്ന് ഉറപ്പാണ്.

അതിനൊപ്പം തന്നെ എടുത്തു പറയേണ്ടത് ഡൊമിനിക് അരുൺ എന്ന പേരാണ്. പ്രേക്ഷകരെ അമ്പരപ്പിക്കുന്ന രീതിയിൽ ഈ ചിത്രം അണിയിച്ചൊരുക്കാൻ ഒരു സംവിധായകൻ എന്ന നിലയിലും രചയിതാവ് എന്ന നിലയിലും അദ്ദേഹത്തിന് സാധിച്ചു. ഇതൊരു മലയാള ചിത്രം തന്നെയാണോ എന്ന് തോന്നിക്കുന്ന രീതിയിൽ ഞെട്ടിക്കുന്ന നിലവാരത്തിൽ ദൃശ്യങ്ങൾ സമ്മാനിച്ച നിമിഷ് രവി എന്ന ഛായാഗ്രാഹകനും ലോകയുടെ കഥ നടക്കുന്ന രസകരവും മനോഹരവും രഹസ്യങ്ങൾ നിറഞ്ഞതുമായ ലോകം ഗംഭീരമായി ഒരുക്കിയെടുത്ത ബംഗ്ലാൻ എന്ന പ്രൊഡക്ഷൻ ഡിസൈനറും, ജിത്തു സെബാസ്റ്യൻ എന്ന കലാസംവിധായകനും ഈ ചിത്രത്തിൻ്റെ വിജയത്തിൽ വഹിച്ച പങ്ക് മറക്കാൻ സാധിക്കാത്തതാണ്. ജേക്സ് ബിജോയ് എന്ന സംഗീത സംവിധായകൻ തൻ്റെ പശ്ചാത്തല സംഗീതത്തിലൂടെ ചിത്രത്തിന് നൽകിയ താളവും പ്രേക്ഷകർക്ക് നൽകിയ രോമാഞ്ചവും എടുത്ത് പറഞ്ഞു തന്നെ അഭിനന്ദിക്കപ്പെടേണ്ടതാണ്. ചമൻ ചാക്കോയുടെ കൃത്യതയാർന്ന എഡിറ്റിങ്ങും, യാനിക് ബെൻ ഒരുക്കിയ ത്രസിപ്പിക്കുന്ന ആക്ഷനും ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറിയിട്ടുണ്ട്.

കേരളത്തിന് അകത്തും പുറത്തും ഗംഭീര പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്ന ചിത്രം ബോക്സ് ഓഫീസിലും തകർപ്പൻ പ്രകടനമാണ് കാഴ്ച വെക്കുന്നത്. ടൈറ്റിൽ വേഷത്തിൽ കല്യാണി പ്രിയദർശൻ കാഴ്ച വെക്കുന്ന പ്രകടനത്തിനും വലിയ പ്രശംസയാണ് ലഭിക്കുന്നത്. ഇവർക്കൊപ്പം നസ്ലൻ, സാൻഡി, ചന്ദു സലിം കുമാർ, അരുൺ കുര്യൻ, വിജയ രാഘവൻ, ശരത് സഭ എന്നിവരും ചിത്രത്തിലെ അതിഥി താരങ്ങളും വലിയ പ്രേക്ഷക ശ്രദ്ധ നേടുന്നു. ഒന്നിലധികം ഭാഗങ്ങൾ ഉള്ള ഒരു സിനിമാറ്റിക് യൂണിവേഴ്സിൻ്റെ ആദ്യ ഭാഗം എന്ന നിലയിൽ ഒരു ഗംഭീര അടിത്തറയാണ് ചിത്രം ഇപ്പൊൾ പ്രേക്ഷകരുടെ മനസ്സിൽ പാകിയിരിക്കുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്