എമ്പുരാൻ കാണാൻ നിങ്ങൾ പോകും, കയ്യടിക്കും; അതെല്ലാം ചെയ്യിപ്പിക്കുന്നത് ഇല്ലൂമിനാറ്റി എന്ന ഗൂഢസംഘം

അഞ്ച് വർഷങ്ങൾക്ക് മുന്നേ, 2019ൽ ലൂസിഫർ എന്ന സിനിമ തിയേറ്ററുകളിൽ എത്തിയതിനു പിന്നാലെയാണ് ഇല്ലുമിനാറ്റി എന്ന വാക്ക് കേരളത്തിൽ കൂടുതലായി കേൾക്കാൻ തുടങ്ങിയത്. സോഷ്യൽ മീഡിയയിൽ പല ഗ്രൂപ്പുകളിലും നേരത്തെ തന്നെ ഇതൊരു ചർച്ചാ വിഷയം ആയിരുന്നെങ്കിലും, മലയാളികൾക്ക് ഏറെ സുപരിചിതമായ വാക്കായി ഇല്ലുമിനാറ്റി മാറിയത് ലൂസിഫറിന്റെ വരവോടെയാണ്.
സോഷ്യൽ മീഡിയയിലെ പലരും ‘ഇല്ലുമിനാറ്റി’യുടെ കേരളത്തിലെ ബ്രാൻഡ് അംബാസിഡറായി കാണുന്ന ആളാണ് പൃഥ്വിരാജ്.
ഇപ്പോൾ ലൂസിഫറിന്റെ തുടർച്ചയായി എത്തുന്ന എമ്പുരാൻ, ഇല്ലൂമിനാട്ടി അടക്കമുള്ള ലോകത്തിലെ പ്രബല ശക്തികളുടെ പോരാട്ടത്തിന്റെ കഥ ആണെന്നാണ് സൂചനകൾ. ഇല്ലുമിനാറ്റി പോലുള്ള സിൻഡിക്കേറ്റുകളെ പരാമർശിക്കാതെ ഇത്തരം ഒരു സിനിമക്ക് കടന്നു പോകാനാകില്ല.
സത്യത്തിൽ എന്താണ് ഈ ഇല്ലുമിനാറ്റി? ലൂസിഫർ, എമ്പുരാൻ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ മുരളി ഗോപി ഇല്ലുമിനാറ്റിയെ കുറിച്ച് ചില കാര്യങ്ങൾ നേരത്തെ പറഞ്ഞിരുന്നു. ലോകത്തില്‍ തന്നെ ഏറ്റവും രഹസ്യസ്വഭാവമുള്ള സംഘടനയാണ് ഇലുമിനാറ്റിയെന്നാണ് മുരളി ഗോപി പറയുന്നത്. അതില്‍ ഉള്ളവരെയാണ് പൊതുവെ ഇലുമിനാറ്റികള്‍ എന്നു വിളിക്കുന്നത്.
“നമ്മൾ ഈ കാണുന്ന സിസ്റ്റം, ഗവൺമെന്റ് പോളിസികൾ, നിത്യ ജീവിതത്തിലൂടെ കടന്നു പോകുന്ന കാണാത്തതും കണ്ടതുമായ പരസ്യങ്ങൾ, എന്നിങ്ങനെ വലുതും ചെറുതുമായ കാര്യങ്ങൾ ഒരു പ്രത്യേക രീതിയിൽ നമ്മുടെ മേൽ അടിച്ചേൽപ്പിച്ചിരിക്കുകയാണ്. പക്ഷേ അത് നമ്മൾ അറിയുന്നില്ലെന്നും, ആ പ്ലാനിങ് അനുസരിച്ചാണ് നമ്മൾ ചലിക്കുന്നതെന്നും, ഇതിനെ നയിക്കുന്ന ഒരു ഗ്രൂപ്പ് ആണ്, അല്ലെങ്കിൽ ഒരു ആശയമാണ് ഇല്ലുമിനാറ്റി.
അതായത്, വലിയ സ്വാധീനമുള്ള ആളുകൾ, കോർപ്പറേറ്റുകൾ എന്നിവരൊക്കെ തീരുമാനിക്കുന്നതുപോലെ നമ്മുടെ ജീവിതം പോവുന്നതിനെയാണ് ഇല്ലുമിനാറ്റി എന്ന വാക്കു കൊണ്ട് അർത്ഥമാക്കുന്നത്. നമ്മൾ നമ്മുടെ ഇഷ്ടത്തിനും തീരുമാനങ്ങൾക്കും അനുസരിച്ചാണ് ജീവിക്കുന്നത് എന്നു കരുതുമ്പോഴും നമ്മളെ ആരൊക്കെയോ അവരുടെതായ രീതിയിലേക്കും ഫ്രെയിമിലേക്കും കൊണ്ടുവരുന്നുണ്ട് എന്നതാണ് സത്യം. ഒരു അഭിമുഖത്തിലാണ് മുരളി ഗോപി ഇക്കാര്യങ്ങൾ പറഞ്ഞത്.
പൃഥ്വിരാജ് ഒരു ഇല്ലുമിനാറ്റിയാണോ? എന്ന ചോദ്യത്തിന് ‘ഞങ്ങൾ ഇലുമിനാറ്റികള്‍ അതിനെ കുറിച്ചു പറയാറില്ല,” എന്നായിരുന്നു മുരളി ഗോപിയുടെ മറുപടി.

ഇലുമിനാറ്റിയെക്കുറിച്ച് പലതരത്തിലുള്ള കഥകൾ ലോകത്ത് പ്രചരിക്കുന്നുണ്ട്. ലോകത്തെ നിയന്ത്രിക്കാന്‍ ശേഷിയുള്ളവരാണ് ഇലുമിനാറ്റികള്‍ എന്നാണ് പൊതുവെയുള്ള വിശ്വാസം. 1700 കളില്‍ ഒരു ബവേറിയന്‍ പ്രഫസറായ ആഡം വെയ്ഷോപ്ട് ആണ് ഇലുമിനാറ്റിക്ക് രൂപം കൊടുത്തത് എന്നാണ് നിലവിലുള്ള സിദ്ധാന്തം.
നാട്ടില്‍ നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങൾക്കും, മത മേധാവിത്വങ്ങള്‍ക്കും എതിരെ പോരാടുക എന്നതായിരുന്നു ഈ സംഘടനയുടെ ലക്ഷ്യം. യുക്തിചിന്തയെയും വിദ്യാഭ്യാസത്തെയും വികസിപ്പിച്ച്, നമ്മുടെ സമൂഹത്തെ നന്നാക്കുക എന്നതായിരുന്നു അതിന്റെ മറ്റൊരു ലക്ഷ്യം. ലോകത്തെ തന്നെ മുഴുവനായി നിയന്ത്രിക്കാൻ കഴിവുള്ള വിധം പണവും അറിവും നിർണായക അധികാര സ്ഥാപനങ്ങളിൽ സ്വാധീനവുമുള്ളവരാണ് ഇലുമിനാറ്റിയിൽ ഉൾപ്പെട്ടിരിക്കുന്നതെന്നും പറയപ്പെടുന്നു.
ഇടക്കാലത്ത് ഇലോമിനാട്ടി ഇല്ലാതായി എന്നും കേട്ടിരുന്നു. എന്നാൽ ഇരുപതാവും നൂറ്റാണ്ട് മുതൽ ഒരു രഹസ്യ സംഘടനാ എന്ന പേരിൽ വീണ്ടും ഇലൂമിനാട്ടി ലോകത്ത് ചർച്ച ചെയ്യപ്പെട്ടു.
ഇപ്പോൾ എമ്പുരാന്റെ ടൈറ്റിലിൽ ഉള്ള A.A. എന്തിനാണ് ചുവന്ന നിറത്തിൽ കൊടുത്തിരിക്കുന്നത് എന്നതിനെ കുറിച്ച് ഫേസ്ബുക്കിൽ ജോസ്മോൻ എന്ന വ്യക്തി ഒരു രസകരമായ കുറിപ്പ് പങ്ക് വെച്ചിട്ടുണ്ട്. Argenteum Astrum എന്നത് 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ബ്രിട്ടീഷ് ദാർശനികനായ അലിസ്റ്റർ ക്രൗളി സ്ഥാപിച്ച ഒരു ഫിലോസഫിക്കൽ സംഘടനയായിരുന്നു.

ലാറ്റിൻ ഭാഷയിൽ Argenteum Astrum എന്നതിൻ്റെ അർത്ഥം “Silver Star” അതായത് വെള്ളിനക്ഷത്രം എന്നാണ്. അലിസ്റ്റർ ക്രൗളി The Great Beast അല്ലെങ്കിൽ “666” എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ആളായിരുന്നു. 666 എന്നത് സാത്താനെ സൂചിപ്പിക്കുന്ന ഒന്നാണ്. എന്നാൽ അലിസ്റ്റർ അതിനെ ശക്തിയുടെ പ്രതീകമായിട്ടാണ് കണക്കാക്കിയിരുന്നത്. Argenteum Astrum എന്നതിന്റെ ഷോട്ട് ഫോം എഴുതുന്നത് എ മ്പുരാന്റെ ടൈറ്റിലിൽ കാണുന്ന പോലെ ആ ചുവന്ന അക്ഷരങ്ങളിലാണ്.
ഈ ചുവന്ന A A ഒഴിച്ച് ബാക്കി അക്ഷരങ്ങൾ എല്ലാം ഡാർക്ക് സിൽവർ കളറിൽ ആണ്. ലൂസിഫർ സിനിമയുടെ ടൈറ്റിൽ മൊത്തത്തിൽ സിൽവർ ആയിരുന്നു. അവ അബ്രാം ഖുറേഷിയെന്ന സിൽവർ സ്റ്റാറിനെയാണ് സൂചിപ്പിച്ചത്.
അതുപോലെ തന്നെ അബ്രാം ഖുറേഷിയുടെ വിരലിൽ ചീവീടിൻ്റെ ചിത്രം കൊത്തിയ മോതിരം ഉണ്ട്. അത് സൂചിപ്പിക്കുന്നത് സികെടാ 3301 എന്ന ഇൻ്റർനെറ്റ് യുഗത്തിലെ പസിൽ ഗെയിമിനെയാണ്. അതി ബുദ്ധിമാന്മാരുടെ ആ പസിൽ കളിയിലെ മുഖ്യനാണ് അബ്രാം ഖുറേഷി എന്നതിന്റെ സൂചനയും കൂടിയാകാം അത്.
എന്തായാലും ഇലോമിനാട്ടിയെ കുറിച്ച് വ്യക്തമായ ധാരണയുള്ള മുരളി ഗോപിയെന്ന എഴുത്തുകാരനും പൃഥ്വിരാജ് എന്ന സംവിധായകനും ചേർന്ന് ഒരു ഗംഭീര സിനിമ സീരീസ് തന്നെയാകും നമുക്ക് സമ്മാനിക്കാൻ പോകുന്നത്. എമ്പുരാനിലും തീരാതെ അത് ലൂസിഫർ മൂന്നാം ഭാഗത്തേക്കും കടക്കുമ്പോൾ, മലയാള സിനിമ ഇന്നേവരെ സഞ്ചരിക്കാത്ത രീതിയിലുള്ള, ദുരൂഹതയുടെ ഇരുൾ മൂടിയ, എന്നാൽ പ്രകാശം പരത്തുന്ന, ദുര്‍ഘടമായ , എന്നാൽ അത്ഭുതങ്ങൾ നിറഞ്ഞതുമായ ഒരു വഴിത്താരയിലൂടെ നമുക്കും കടന്നു പോകാം.