സ്വര്‍ണവില ഇന്നും കുത്തനെ ഇടിഞ്ഞു;10 ദിവസം കൊണ്ട് കുറഞ്ഞത് 4600 രൂപ
മൂന്നാം മോദി സർക്കാറിന്റെ ആദ്യ ബജറ്റ് അവതരണത്തിന് പിന്നാലെ രാജ്യത്തെ സ്വർണ വിലയില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ഇറക്കുമതി തീരുവയില്‍ കുറവ് വരുത്തിയതാണ് സ്വർണ വിലയില്‍ പ്രതിഫലിച്ചത്. ബജറ്റ് അവതരണത്തിന്റെ അന്ന് രാവിലെ പവന് 200 രൂപയാണ് കുറഞ്ഞതെങ്കില്‍ ബജറ്റ് അവതരിപ്പിക്കപ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷം വിലയില്‍ രണ്ടായിരം രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.
2200 രൂപ ഇടിവോടെ 54000 ത്തിന് മുകളിലായിരുന്ന വില 51960 രൂപയിലേക്ക് എത്തി. ജുലൈ 24 ന് വിലയില്‍ മാറ്റമുണ്ടായില്ല. എന്നാല്‍ ഇന്നലെ വീണ്ടും വിലയിടുഞ്ഞു. 760 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ നിരക്ക് 51200 ലേക്ക് എത്തി.
ഇന്നും വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 22 കാരറ്റ് സ്വർണത്തിന് 800 രൂപയാണ് കുറഞ്ഞത്. ഇതോടെ 50400 എന്ന നിരക്കിലാണ് ഇന്നത്തെ വില്‍പ്പന. ഗ്രാമിന് 100 രൂപയും കുറഞ്ഞു. ഗ്രാം വില 6300. 24 കാരറ്റിന്റെ വിലയിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു പവന് 24 കാരറ്റ് സ്വർണത്തിന് ഇന്ന് 824 രൂപയാണ് കുറഞ്ഞത്. ഇതോടെ വില കഴിഞ്ഞ ദിവസത്തെ 56680 ല്‍ നിന്നും 55856 ലേക്ക് എത്തി.