സ്വര്‍ണവില കുതിച്ചുചാടി; ഇന്നത്തെ പവന് വില
കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ആഗോള വിപണിയില്‍ ആശങ്ക ശക്തമായതാണ് വില വര്‍ധനവിന് കാരണം. വരും ദിവസങ്ങളിലും വില കൂടുമെന്ന സൂചനയാണ് വിപണി നിരീക്ഷകര്‍ പങ്കുവയ്ക്കുന്നത്. സ്വര്‍ണത്തിന് മാത്രമല്ല, ക്രൂഡ് ഓയിലിനും വില കൂടിയിട്ടുണ്ട്. സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുകയാണ് സ്വര്‍ണം.
ഒക്ടോബര്‍ ഒന്നിന് സ്വര്‍ണം പവന് 240 രൂപ കുറഞ്ഞിരുന്നു. വരും ദിവസങ്ങളില്‍ കുറഞ്ഞേക്കുമെന്ന പ്രചാരണവും ഒരുഭാഗത്ത് നിന്നുണ്ടായിരുന്നു. അതിനിടെയാണ് പശ്ചിമേഷ്യയില്‍ രാഷ്ട്രീയ സാഹചര്യം മാറിയിരിക്കുന്നതും ആഗോള തലത്തില്‍ ഭീതി ഉയര്‍ന്നിരിക്കുന്നതും.
ഇന്ന് പവന് വില ഇന്ന് 400 രൂപ ഉയര്‍ന്ന് 56800 രൂപയായി. ഗ്രാം വിലയില്‍ 50 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 7100 രൂപയാണ് ഇന്ന് ഒരു ഗ്രാമിന്. നേരത്തെ ഇതേ വിലയില്‍ എത്തിയിരുന്നു എങ്കിലും പിന്നീട് നേരിയ തോതില്‍ കുറഞ്ഞിരുന്നു. ഇന്ന് ഒറ്റയടിക്ക് റെക്കോര്‍ഡ് വിലയില്‍ തിരിച്ചെത്തി. 18 കാരറ്റ് സ്വര്‍ണത്തിനും വലിയ മുന്നേറ്റമാണ് കാണിക്കുന്നത്. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 5875 രൂപയിലെത്തി. വെള്ളിയുടെ വില ഗ്രാമിന് 98 രൂപ എന്ന നിരക്കില്‍ തുടരുകയാണ്.