വൃക്കമാറ്റിവെച്ച രോഗി മരിച്ച സംഭവം ആശുപത്രി അധികൃതർ പൊലീസിൽ പരാതി നൽകി
അവയവമാറ്റത്തിനിടെ രോഗി മരിച്ച സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് അധികൃതർ പൊലീസിൽ പരാതി നൽകി. വൃക്ക അടങ്ങിയ പെട്ടി അനുവാദമില്ലാതെ എടുത്ത് ഓടി എന്നതാണ് പരാതി. ആശയക്കുഴപ്പമുണ്ടാക്കി അടച്ചിട്ടിരിക്കുന്ന ഓപ്പറേഷൻ തിയേറ്ററിന് മുന്നിലെത്തി പെട്ടിവെച്ച,. വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ച് അപമാനമുണ്ടാക്കി എന്നും പരാതിയിൽ പറയുന്നു. വൃക്കയടങ്ങിയ പെട്ടിയുമായി തിരുവനന്തപുരത്തെത്തിയ ആബുലൻസ് ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്കെതിരെയാണ് ആശുപത്രി അധികൃതർ പരാതി നൽകിയത്.
സംഭവത്തിൽ പൊലീസ് ഇതുവരെ കേസ് രേഖപ്പെടുത്തിയിട്ടില്ല. പ്രാഥമിക അന്വേഷണം നടത്തിയ ശേഷം കേസെടുക്കുമെന്ന് മെഡിക്കൽ കോളജ് പൊലീസ് അറിയിച്ചു. രോഗി മരിക്കാനുണ്ടായ സാഹചര്യത്തിൽ മെഡിക്കൽ കോളജിലെ ഡോക്ടർമാർക്ക് പങ്കില്ലെന്ന നിലപാടിലാണ് മെഡിക്കൽ കോളജ് ഡോക്ടർമാരുടെ അധ്യാപക സംഘടനയായ കെ ജി എം സി ടി യുടെ വാദം. രണ്ടാമതും രോഗിക്ക് ഡയാലിസിസ് ചെയ്യേണ്ടി വന്നു. ഇതാണ് ശസ്ത്രക്രിയ വൈകിയതിന്റെ കാരണമെന്നാണ് ഡോക്ടർമാർ പറയുന്നത്.
ഡോക്ടർമാരെ മാത്രം പഴിചാരി മനോവീര്യം തകർക്കുന്ന നടപടി ശരിയല്ലെന്നും ഡോക്ടർമാർ പറയുന്നു. രോഗിയുടെ മരണ കാരണം ഡോക്ടർമാരുടെ പിഴവല്ല.മെഡിക്കൽ കോളജിൽ നിലനിൽക്കുന്ന സിസ്റ്റമാണ് കാരണമെന്നും ഡോക്ടർമാർ പറയുന്നു. സംഭവത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം ഡോക്ടർമാക്കാണെന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പ്രസ്താവനയെയും ഡോക്ടർമാരുടെ അധ്യാപക സംഘടന തള്ളിക്കളയുന്നുണ്ട്.
ഇന്നലെ രാവിലെയാണ് വൃക്കമാറ്റ ശസ്ത്രക്രിയയെ തുടർന്ന് രോഗി മരിച്ചത്. വൃക്ക കൃത്യസമയത്ത് എത്തിച്ചെങ്കിലും ശസ്ത്രക്രിയ വൈകിയെന്നാണ് പ്രധാനമായുള്ള ആരോപണം.
Content Highlights: Case on Organ transplantation Controversy Thiruvananthapuram MCH