വൃക്കമാറ്റ സർജറിക്ക് വിധേയനായ രോഗി മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പിനെതിരെ ഡോക്ടർമാർ; ആശുപത്രിക്ക് മുന്നിൽ ധർണ
തിരുവനന്തപുരം മെഡിക്കൽ കോളജിൽ വൃക്കമാറ്റിവെക്കൽ സർജറിക്ക് വിധേയനായ രോഗി മരിച്ച സംഭവത്തിൽ പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ഡോക്ടർമാരെ സസ്പെന്റു ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് കെ ജി എം സി ടി എ യുടെ നേതൃത്വത്തിൽ ഇന്ന് ധർണ . തിരുവനന്തപുരം മെഡിക്കൽ കോളജിന് മുന്നിലാണ് ധർണ.
രോഗി മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പ് ഏകപക്ഷീയമായ നടപടി സ്വീകരിച്ചു എന്ന് ആരോപിച്ചാണ് ഡോക്ടർമാർ സമരത്തിനിറങ്ങിയത്. നടപടിയിലുള്ള വിയോജിപ്പ് നേരത്തെ തന്നെ ഡോക്ടർമാരുടെ സംഘടനം ആരോഗ്യമന്ത്രി വീണാ ജോർജിനെ അറിയിച്ചിരുന്നു.ഡോക്ടർമാരുടെ സസ്പെൻഷൻ അംഗീകരിക്കാനാകില്ലന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സർക്കാർ ഡോക്ടർമ്മരുടെ സംഘടനയായ കെ. ജി. എം. സി.ടി.എ.
ആശുപത്രി സിസ്റ്റത്തിലെ വീഴ്ച ഡോക്ടർമാരുടെ തലയിൽ കെട്ടിവെക്കുന്നു എന്ന ആരോപണമാണ് ഇവർ ഉയർത്തുന്നത്.സമഗ്രമായ അന്വേഷണം നടത്താതെയാണ് ഡോക്ടർമാരെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഡോക്ടറുടെ വാദം കേൾക്കാൻ അധികൃതർ തയ്യാറായിട്ടില്ല.
ഡോക്ടർമാരെ സസ്പെൻഡ് ചെയ്ത നടപടിയിൽ സർക്കാർ പുനർവിചിന്തനം നടത്തിയില്ലങ്കിൽ പ്രതിഷേധമുണ്ടാകുമെന്നും സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു.ഇതിന്റെ ഭാഗമായിട്ടാണ് ഇന്ന് മെഡിക്കൽ കോളെജിൽ കെ. ജി. എം. സി. ടി.എ ധർണ നടത്താൻ തീരുമാനിച്ചത്.ബ്ലഡ് ബാങ്കിന് മുന്നിൽ രണ്ട് മണിക്കൂർ ധർണ്ണ നടത്തും.ഒ. പി. ബഹിഷ്കരണം ഉണ്ടാകില്ല. സസ്പെൻഷൻ പിൻവലിച്ചില്ലങ്കിൽ കൂടുതൽ സമരവുമായി മുന്നോട്ടുപോകുമെന്നും കെ. ജി. എം. സി. ടി. എ. മുന്നറിയിപ്പ് നൽകി.
Content Highlights: Doctors Strike on Thiruvananthapuram Medical Collage Issue